ശ്രീനാരായണഗുരു മിഷന് യുകെയുടെ ആഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ പതിനേഴിന് സൌത്താളിലെ ക്രിസ്റ്റ് ഡി റിഡീമര്‍ ചര്‍ച്ച് ഹാളില്‍ ഗുരു പൂജയ്ക്ക് ശേഷം ഗുരുജയന്തി ആഘോഷ പരിപാടികള്‍ നിലവിളക്ക് കൊളുത്തി ഉത്ഘാടനം ചെയ്തു. വിഭവ സമൃദമായ ഓണസദ്യക്കു ശേഷം പ്രസിഡന്റ് ഡോ: യതീഷിന്റെ അദ്ധ്യക്ഷതയില്‍ നടന്ന സാംസ്കാരിക സമ്മേളനത്തില്‍ പ്രമുഖ സാഹിത്യകാരന് കാരൂര്‍ സോമന് മുഖ്യ പ്രഭാഷണം നടത്തി.
യെറുശലെമില്‍ യേശു പാപികളുടെ രക്ഷകനായി ജന്മമെടുത്തപ്പോള്‍ നാരായണ ഗുരു പാവപ്പെട്ട മനുഷ്യരുടെ രക്ഷക്കായി ചെമ്പഴന്തിയില്‍ ജന്മമെടുത്തു. 1916 ല്‍ നമുക്ക് ജാതി വേണ്ടെന്നും മനുഷ്യരെ ഒന്നായി കാണണമെന്നും അദ്ദേഹം വിളംബരം നടത്തിയപ്പോള്‍ ഇന്ന് ജാതിയും മതവും ഈശ്വരനെക്കാള്‍ വളര്‍ന്നു മനുഷ്യരില്‍ വസിക്കാറായെന്ന് കാരൂര്‍ സോമന് അഭിപ്രായപ്പെട്ടു. അദ്ധ്യക്ഷ പ്രസംഗത്തില്‍ ഡോ : യതീഷ് ഗുരു ദര്‍ശനങ്ങളെ ഉള്‍ക്കൊള്ളുവാനും ആശംസ പ്രസംഗത്തില്‍ സെക്രട്ടറി ഡോ: ഹരിഷ് ഭാസി ഗുരുദേവന് നല്കിയ ആത്മീയാനുഗ്രങ്ങളെ അനുഭവിക്കാനും ഉപദേശിച്ചു.
തിരുവാതിര കളിയോട് കൂടി കലാപരിപാടികള്‍ ആരംഭിച്ചു. മലയാള തനിമയാര്‍ന്ന വിവിധയിനം നൃത്താവിഷ്കാരങ്ങള്‍ കുട്ടിക്ളടക്കമുള്ള യുവ സുന്ദരിമാര്‍ അവതരിപ്പിച്ചു. മലയാള മണ്ണിന്റെ മനോഹാരിത നിറഞ്ഞ ഗാനങ്ങളും ഹാസ്യ പരിപാടികളും പ്രേക്ഷകരെ ആനന്ദത്തില്‍ ആറാടിച്ചു. കലാപരിപാടികള്‍ക്ക് തമ്പി നേതൃത്വം നല്കി. തങ്കരാജ് സ്വാഗതവും ഷാജി ശിവാനന്ദന് നന്ദിയും പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല