ഐപിഎലില്‍നിന്നു പുറത്താക്കിയ ബിസിസിഐയുടെ നടപടിയെ ചോദ്യം ചെയ്തുകൊണ്ട് മുംബൈ ഹൈക്കോടതിയില്‍ കൊച്ചി ടസ്കേഴ്സ് ഉടമകള്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളി. 156 കോടി രൂപ ബാങ്ക് ഗാരന്റി തുക അടയ്ക്കാത്തതിനെത്തുടര്‍ന്നാണ് ടസ്കേഴ്സിനെ ബിസിസിഐ ഒഴിവാക്കിയത്. എന്നാല്‍, ബാങ്ക് ഗാരന്റി തുക നല്കാന് സെപ്റ്റംബര്‍ 27 വരെ സമയമനുവദിച്ചിട്ടുണ്െടന്നും യാതൊരു മുന്നറിയിപ്പുമില്ലാതെയാണ് തങ്ങളെ പുറത്താക്കിക്കൊണ്ടുള്ള നോട്ടീസ് നല്‍കിയതെന്നും ടസ്കേഴ്സ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. മാത്രവുമല്ല, മത്സരങ്ങളുടെ എണ്ണം കുറച്ചതിലൂടെ തങ്ങള്‍ക്ക് വന്‍ സാമ്പത്തിക നഷ്ടമുണ്ടായിട്ടുണ്െടന്നും ആ നഷ്ടം ബിസിസിഐ നികത്താമെന്ന് ഏറ്റിരുന്നതായും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. ഈ ഹര്‍ജിയാണ് ഇപ്പോള്‍ തള്ളിയിരിക്കുന്നത്. ഹര്‍ജി തള്ളിയ പശ്ചാത്തലത്തില്‍ ഡിവിഷന് ബെഞ്ചില്‍ അപ്പീല്‍ നല്‍കുമെന്ന് ഉടമകള്‍ പറഞ്ഞു.
ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ നിന്നു പുറത്താകാതിരിക്കാന്‍ കൊച്ചി ടസ്കേഴ്സ് മാനേജ്മെന്റ് നടത്തിയ ശ്രമം പാളുകയായിരുന്നു. ബിസിസിഐയുമായി ചര്‍ച്ച നടത്തേണ്ട സമയത്ത് ഹൈക്കോടതിയില്‍ കേസിനു പോയത് തിരിച്ചടിയായാണ് കണക്കാക്കുന്നത്. ടീം രൂപീകരിക്കുമ്പോള്‍ തന്നെ തുടങ്ങിയ പരസ്പര ധാരണയില്ലായ്മ അവസാന നാളുകളിലും മാനേജ്മെന്റ് തുടരുകയാണെന്നാണ് ഇതില്‍ നിന്നു വ്യക്തമാകുന്നത്.
ഐപിഎലിലെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ ലേലത്തുകയായ 1533 കോടി രൂപ ടീമിനായി മുടക്കുകയും താരതമ്യേന മികച്ച കളിക്കാരെ കൈക്കലാക്കുകയും ചെയ്തവര്‍ പിന്നീട് ദിശാബോധമില്ലാത്ത പ്രവര്‍ത്തനങ്ങളാണു നടത്തിയത്. ഇന്‍ഡി കമാന്‍ഡോസ് എന്ന പേരില്‍ ടീം ആരംഭിക്കാനായിരുന്നു ഉത്തരേന്ത്യന്‍ വ്യവസായികള്‍ക്കു മുന്‍തൂക്കമുള്ള ടീം മാനേജ്മെന്റ് ആദ്യം ശ്രമിച്ചത്. ടീമിനെ അഹമ്മദാബാദിലോ ഇന്‍ഡോറിലോ ഹോം മാച്ച് കളിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു അത്. പിന്നീട് ബിസിസിഐ ഈ ശ്രമം പരാജയപ്പെടുത്തിയതോടെ കൊച്ചി ടസ്കേഴ്സ് എന്നു പേരിട്ടെങ്കിലും കേരളത്തില്‍ ടീമിനു മികച്ച ഫാന്‍ ക്ളബ്ബ് രൂപീകരിക്കുന്നതിന് തടസമായി. കൊച്ചിയില്‍ കളി കാണാനെത്തുന്നവരുടെ എണ്ണത്തില്‍ വന്‍ കുറവുണ്ടായതിന് ഒരു കാരണമിതാണ്.
ടീമുടമകള്‍ തമ്മില്‍ ധാരണയില്ലാതിരുന്നതു മൂലം ഹോം മാച്ചിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ആളില്ലാത്ത സ്ഥിതിയുണ്ടായി. കൊച്ചി കോര്‍പറേഷനുമായി ടിക്കറ്റ് വിതരണകാര്യത്തില്‍ പ്രശ്നമുണ്ടായത് ഇങ്ങനെയാണ്. ഐപിഎല്‍ എന്നത് തെരഞ്ഞെടുക്കപ്പെട്ട ജനാധിപത്യ സംവിധാനങ്ങളേക്കാള്‍ മുകളിലാണെന്ന ധാരണ ടീമുടമകളില്‍ ചിലര്‍ക്കെങ്കിലുമുണ്ടായിരുന്നു. ഈ ധാര്‍ഷ്ട്യം കൊച്ചി കോര്‍പറേഷനുമായി ഉരസുന്നതിലാണ് കലാശിച്ചത്. കേരള ക്രിക്കറ്റ് അസോസിയേഷന് ടിക്കറ്റ് വിഹിതത്തില്‍ കൊടുക്കാനുള്ള തുകയും കൊടുത്തില്ല. 10 കോടി രൂപയോളം ചെലവഴിച്ചാണ് ടീമിന്റെ ഹോംഗ്രൌണ്ട് കെസിഎ രാജ്യാന്തര നിലവാരത്തിലാക്കിയത്.
ബാങ്ക് ഗാരന്റി തുക നല്കാന് 26 വരെ ബിസിസിഐ സമയമനുവദിച്ചെങ്കിലും അതിനിടയില്‍ കേസിനു പോയതാണ് ഇപ്പോള്‍ ടീമിന് പ്രതിസന്ധിയായത്. ബിസിസിഐയുമായി അനുരഞ്ജന ചര്‍ച്ച നടത്താനുള്ള സാധ്യതയ്ക്ക് ഇതു മങ്ങലേല്പിച്ചിരിക്കുകയാണ്. കഴിഞ്ഞ സീസണില്‍ പഞ്ചാബ് കിംഗ്സിനേയും രാജസ്ഥാന് റോയല്‍സിനേയും ബിസിസിഐ നിരോധിച്ചപ്പോള്‍ ഇവര്‍ കോടതിയില്‍ പോയി സ്റ്റേ വാങ്ങിയിരുന്നു. എന്നാല്‍ കോടതിയില്‍ പോയ സമയത്തു തന്നെ ബിസിസിഐയുമായി അനുരഞ്ജന ചര്‍ച്ചയും ഈ ടീമുടമകള്‍ നടത്തിയിരുന്നു. അതുകൊണ്ടാണ് സ്റ്റേ ഉത്തരവ് മറികടക്കാന്‍ ബിസിസിഐ ശ്രമിക്കാതിരുന്നത്. ഇത്തരമൊരു നീക്കം കൊച്ചിയുടെ ഭാഗത്തുനിന്നുമുണ്ടായില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല