കേരളത്തിലേക്ക് നിക്ഷേപകരെ ആകര്‍ഷിക്കാനുള്ള തയാറെടുപ്പുകള്‍ ഊര്ജിതമാണെന്നതില് ആര്‍ക്കെങ്കിലും സംശയമുണ്ടെങ്കില്‍ ഇന്നുകൊണ്ട് അവസാനിപ്പിച്ചേക്കണം. ചോദ്യങ്ങള്‍ പാടില്ല. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് കൊട്ടിഘോഷിച്ചു നടത്തിയ ഗ്ലോബല്‍ ഇന്‍വെസ്റ്റേഴ്സ് മീറ്റ് (ജിം) മറന്നുപോകാത്തവരായിരിക്കും ചോദ്യങ്ങളുമായി വെമ്പിനില്ക്കുന്നത്. അതെന്തായി, എത്ര നിക്ഷേപം വന്നു എന്നൊന്നും ചോദിക്കരുത്. പാസ്റ്റ് ഈസ് പാസ്റ്റ്. ഇതു പുതിയ വര്‍ത്തമാനം. ഭാവിയെക്കുറിച്ചു മാത്രം ആലോചിക്കുക. ഇനി തുടര്‍ന്ന ശ്രദ്ധിക്കൂ.
നിക്ഷേപകരുടെ സ്വന്തം ലക്ഷ്യസ്ഥാനമായി കേരളത്തെ മാറ്റുന്നതിനുദ്ദേശിച്ചുള്ള പദ്ധതിയായ എമര്‍ജിംഗ് കേരളയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടിരിക്കുകയാണ്. ലോക ടൂറിസം ഭൂപടത്തില്‍ കേരളത്തിനു പ്രമുഖ സ്ഥാനം നേടിക്കൊടുത്ത ‘ദൈവത്തിന്റെ സ്വന്തം നാട്’ എന്ന പ്രചരണപരിപാടിക്കുശേഷം കേരളത്തെ നിക്ഷേപകരുടെ ആകര്‍ഷക കേന്ദ്രമാക്കുന്നതിനുവേണ്ടി ഏറ്റെടുക്കുന്ന പരിവര്‍ത്തന പ്രക്രിയയാണ് എമര്‍ജിംഗ് കേരള.
നിക്ഷേപ സൗഹൃദ സംസ്ഥാനമാക്കുന്നതിനു പുറമെ കേരളത്തെ ദക്ഷിണേന്ത്യയിലെ പ്രമുഖ ബിസിനസ് കേന്ദ്രീകൃത പ്രദേശമാക്കി മാറ്റുക എന്ന ലക്ഷ്യവും ഈ പരിപാടിക്കുണ്ട്. ഈ മാറ്റത്തിനു സഹായകമാകുന്ന രീതിയില്‍ ബിസിനസ് വികസന ചട്ടക്കൂട് വികസിപ്പിക്കാനും സര്‍ക്കാരിന് ലക്ഷ്യമുണ്ട്. ഇത്തരമൊരു ബ്രാന്‍ഡ് വികസന പ്രക്രിയയുടെ ഭാഗമായാണ് രണ്ടു വര്‍ഷത്തിലൊരിക്കല്‍ നടത്തുന്ന എമര്‍ജിംഗ് കേരള മെഗാ നിക്ഷേപക സമ്മേളനം. ഇത് കേരളത്തെ പുതുതായി ബ്രാന്‍ഡു ചെയ്യുന്നതിനും സഹായകമാകും.
2012 ഏപ്രില്‍ 19 മുതല്‍ 21 വരെ കൊച്ചിയിലെ ലെ മെറിഡിയന് കണ്വെന്ഷന് സെന്ററില്‍ ആദ്യ എമര്‍ജിംഗ് കേരള നിക്ഷേപക സമ്മേളനം സംഘടിപ്പിക്കും. ഇതിന്റെ ആസൂത്രണം, വിവിധ പരിപാടികളുടെ ഫലപ്രദമായ നടത്തിപ്പ് എന്നിവയുമായി ബന്ധപ്പെട്ട് സംസ്ഥാനസര്‍ക്കാര്‍ വിവിധ സമിതികള്‍ക്ക് രൂപം നല്‍കിയിട്ടുണ്ട്. പ്രചരണപരിപാടികളുടെ മേല്‍നോട്ടം, അവലോകനം എന്നിവയ്ക്കായി മുഖ്യമന്ത്രി അധ്യക്ഷനായി ഉന്നതാധികാര സമിതിക്കു രൂപം നല്കി. മന്ത്രിമാരും വിവിധ വകുപ്പുസെക്രട്ടറിമാരും ഈ സമിതിയിലെ അംഗങ്ങളാണ്. നയങ്ങളും പദ്ധതികളും തയാറാക്കല്‍, മുന്‍ഗണനാ മേഖലകളുടെ നിര്‍ണയം, പദ്ധതി രൂപരേഖ തയാറാക്കല്‍, ഓരോ വകുപ്പിലും നിക്ഷേപത്തിനു സാധ്യതയുള്ളവരുമായി ചര്‍ച്ച നടത്തല്‍ എന്നിവയ്ക്കായി അതതു വകുപ്പുകളുടെ മന്ത്രിമാരുടെ നേതൃത്വത്തില്‍ പ്രോജക്ട് കമ്മിറ്റികള്‍ക്കും രൂപം നല്കിവരുന്നു.
എമര്‍ജിംഗ് കേരള യുടെ ഭാഗമായി തീര്‍പ്പാക്കുന്ന പദ്ധതികളുടെ നടത്തിപ്പും തുടര്‍നടപടികളും ഈ കമ്മിറ്റികളുടെ ചുമതലയായിരിക്കും. അതതു വകുപ്പുകള്‍ തയാറാക്കുന്ന പദ്ധതികള്‍ക്ക് നല്കാവുന്ന ആനുകൂല്യങ്ങളുടെ പാക്കേജ് തയാറാക്കുന്നതിന് ചീഫ് സെക്രട്ടറി അധ്യക്ഷനായ ഉന്നതതല സമിതിയും രൂപവല്കരിക്കുന്നുണ്ട്. നിക്ഷേപക സമ്മേളനത്തില്‍ അവതരിപ്പിക്കുന്നതിന് 26 മേഖലകളാണ് നിര്‍ണയിച്ചിട്ടുള്ളത്.
ഐടിയും ഐടി അധിഷ്ഠിത സേവനങ്ങളും, വിനോദ സഞ്ചാരം, ആരോഗ്യ പരിരക്ഷാ സേവനം, എന്ജിനീയറിംഗ്ഓട്ടോമോട്ടിവ്, വ്യാപാരം, ഭക്ഷ്യകാര്‍ഷിക സംസ്കരണവും മൂല്യവര്‍ധനയും, രത്നംആഭരണം, അപൂര്‍വ ധാതുക്കള്‍, ടെക്സ്റൈല്സ്ഗാര്മെന്റ്സ്, തുറമുഖങ്ങള്‍, കപ്പല്‍ നിര്‍മാണവും അനുബന്ധ വ്യവസായങ്ങളും, ഇലക്ട്രോണിക്സ്, വിജ്ഞാനവിദ്യാഭ്യാസമേഖല, വാതകാധിഷ്ഠിത അടിസ്ഥാനസൌകര്യങ്ങള്‍, ഹരിതോര്‍ജം, ബയോ ടെക്നോളജി, നാനോ ടെക്നോളജിയും ഔഷധവ്യവസായവും, നഗരങ്ങളിലെ അടിസ്ഥാന സൌകര്യവികസനം, ഇന്‍ഫോടെയ്ന്‍മെന്റ്, ലോജിസ്റിക്സ് പാര്‍ക്കുകള്‍, പെട്രോകെമിക്കല്‍സ്, പരിസ്ഥിതി സാങ്കേതികവിദ്യ, ജലാധിഷ്ഠിത സാങ്കേതികവിദ്യ, വ്യാവസായികാടിസ്ഥാന സൌകര്യ വികസനം, വിമാനത്താവള വികസനം, വിമാനഹെലികോപ്റ്റര് സര്‍വീസുകള്‍, ജലഗതാഗതം, മികവിന്റെ കേന്ദ്രങ്ങള്‍, അടിസ്ഥാന സൌകര്യങ്ങള്‍ (റോഡ്, റെയില്‍, ഊര്‍ജം, ജലവിതരണം, മലിനജല നിര്‍ഗമനം) എന്നിവയാണ് ഈ മേഖലകള്‍.
അതതു മന്ത്രിമാരുടെ കീഴില്‍ ഓരോ വകുപ്പിലും അനുയോജ്യമായ നയങ്ങളും പദ്ധതികളും തയാറാക്കും. എമര്‍ജിംഗ് കേരള 2012ല്‍ ഓരോ വകുപ്പും നിക്ഷേപം ആകര്‍ഷിക്കുന്നതു ലക്ഷ്യമാക്കി ഈ പരിപാടികളും പദ്ധതികളും അവതരിപ്പിക്കും. നവംബര്‍ മുതല്‍ ജനുവരി വരെ ഇന്ത്യയിലും വിദേശത്തുമായി സംഘടിപ്പിക്കുന്ന യോഗങ്ങളില്‍ നിക്ഷേപകര്‍ക്കു മുന്നില്‍ ഈ നയങ്ങളും പദ്ധതികളും അവതരിപ്പിക്കാനും ഉദ്ദേശിക്കുന്നുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല