ഒരാള്‍ക്കും ഇങ്ങനെയൊരു ഗതികേട് ഉണ്ടാകരുതേ എന്ന് പ്രാര്ഥിക്കുന്നുണ്ടാകും സ്വന്തം ഭര്‍ത്താവിന്റെ നിര്‍ദേശ പ്രകാരം കൊലചെയ്യപ്പെട്ട ആനി ദിവാനിയുടെ ബന്ധുക്കള്‍. കൊലചെയ്യപ്പെട്ടു കഴിഞ്ഞിട്ട് മാസങ്ങളായിട്ടും ബ്രിട്ടീഷ് വ്യവസായിയായ ആനിയുടെ ഭര്‍ത്താവ് ശ്രീന്‍ ദിവാനിയെ ബ്രിട്ടന് ദക്ഷിണാഫ്രിക്കന്‍ കോടതിയ്ക്ക് വിചാരണ ചെയ്യാന്‍ കൈമാറാത്തതാണ് ഈ സ്വീഡിഷ് കുടുംബത്തെ ദുരിതത്തിലാഴ്ത്തിയത്, ഇതേ തുടര്‍ന്നു ശ്രീന്‍ ദിവാനിയെ എത്രയും വേഗം ദക്ഷിണാഫ്രിക്കന്‍ കോടതിക്ക് കൈമാറണമെന്ന ആവശ്യവുമായി ആനിയുടെ ബന്ധുക്കള്‍ ഹോം സെക്രട്ടറി തെരേസ മേയെ അപേക്ഷയുമായി സമീപിച്ചിരിക്കുകയാണ്.
കേപ് ടൌണില്‍ ഭാര്യക്കൊപ്പം ഹണിമൂണ്‍ ആഘോഷിക്കാന്‍ പോയപ്പോള്‍ വാടക കൊലയാളികളെക്കൊണ്ട് ഭാര്യയെ കൊലപ്പെടുത്തിയെന്നതാണ് ദക്ഷിണാഫ്രിക്കയില്‍, കെയര്‍ ഹോം ഉടമയായ ശ്രീന്‍ ദിവാനിക്കെതിരെ നിലനില്‍ക്കുന്ന കേസ്, ഇതിന്റെ വിചാരണക്കായി ദക്ഷിണാഫ്രിക്കന്‍ പോലീസ്, ബ്രിട്ടീഷുകാരനായ ശ്രീനെ വിട്ടു തരണമെന്ന ആവശ്യവുമായി ബ്രിട്ടീഷ് കോടതിയെ സമീപിച്ചിരുന്നു, തുടര്‍ന്നു കഴിഞ്ഞ മാസം ബെല്‍മാര്‍ഷ് മജിസ്ട്രെറ്റ് കോടതി ശ്രീന്‍ ദിവാനിയെ ദക്ഷിണാഫ്രിക്കയ്ക്ക് കൈമാറാനുള്ള തീരുമാനം കൈക്കൊണ്ടിരുന്നു. എന്നാല്‍ 31 കാരനായ ശ്രീനെ കൈമാരുന്നതുമായി അന്തിമ തീരുമാനം എടുക്കേണ്ടത് ഹോം സെക്രട്ടറി തെരേസ മേയ് ആണ്.
ഇപ്പോള്‍ തെരേസ മേയ്ക്ക് സമര്‍പ്പിക്കുന്നത് 11000 ആളുകള്‍ ഒപ്പിട്ട അപേക്ഷയാണെന്ന് ആനിയുടെ പിതാവ് വിനോദ് ഹിന്ടോച്ച (62) പറഞ്ഞു. ബ്രിട്ടീഷ് നിയമ വ്യവസ്ഥയില്‍ വിശ്വാസമുണ്ടെന്ന് വ്യക്തമാക്കിയ അദ്ദേഹം ആനിക്കെന്തു പറ്റിയെന്നും എന്തിനിത് ശ്രീന്‍ ചെയ്തെന്നു അറിയാനാണ് തങ്ങള്‍ വിചാരണയ്ക്കായി ശ്രീനെ കൈമാറാന്‍ ആവശ്യപ്പെടുന്നതെന്നും പറഞ്ഞു.
അതേസമയം ആനിയെ കൊലപ്പെടുത്തിയത്തിന്റെ കുറ്റാരോപിതരായ മറ്റു രണ്ടു പേരെയും അടുത്ത വര്‍ഷമാദ്യം വിചാരണ ചെയ്യാന്‍ ദക്ഷിണാഫ്രിക്കന്‍ കോടതി കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. മകളുടെ കൊലപാതകത്തിന്റെ ചുരുളഴിയുന്നതും കാത്തു ഈ സ്വീഡിഷ് പിതാവ് കാലമേറെയായി ബ്രിട്ടനില്‍ തങ്ങുന്നു എന്നതുകണ്ട് തെരേസ മേയ് ശ്രീന്‍ ദിവാനിയെ കൈമാറുമെന്നാണ് ആനിയുടെ കുടുംബാങ്ങളുടെ പ്രതീക്ഷ
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല