പതിനൊന്നു വര്‍ഷത്തിനിടെ 15 പേരെ വിവാഹം കഴിച്ച് ആഭരണവും പണവും കവര്‍ന്നു മുങ്ങിയ തട്ടിപ്പുകാരനെ പോലീസ് അറസ്റ്റ് ചെയ്തു. വാലില്ലാപ്പുഴ സ്വദേശി കിഴക്കെപ്പാട്ടുതൊടി മജീദിനെ(33)യാണു തിരൂര്‍ സി.ഐ: ആര്. റാഫിയുടെ നേതൃത്വത്തില്‍ പിടികൂടിയത്.
തട്ടിപ്പിനിരയായ എടരിക്കോട്ടെ യുവതിയുടെ പരാതിയെത്തുടര്‍ന്നാണു പ്രതിയെ അറസ്റ്റ് ചെയ്തത്. ആറുമാസം മുമ്പു സ്ത്രീധനം വാങ്ങി നിക്കാഹ് നടത്തി ഇയാള്‍ മുങ്ങുകയായിരുന്നു. കഴിഞ്ഞദിവസം ചങ്കുവെട്ടിയില്നിന്നാണു മജീദിനെ പോലീസ് പിടികൂടിയത്. മഞ്ചേരി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
വ്യാജവിലാസത്തില്‍ പത്രപ്പരസ്യം നല്‍കിയാണു മജീദ് നിര്‍ധന വധുവിനെ കണ്ടെത്തിയിരുന്നത്. മഹല്ല് കമ്മിറ്റികളുടെ വ്യാജസീല്‍ പതിച്ച കത്തുമായാണു യുവതികളുടെ ബന്ധുക്കളെ സമീപിക്കുന്നത്. 25000 രൂപ മുതല്‍ ലക്ഷം വരെ സ്ത്രീധനം വാങ്ങി. മുക്കുപണ്ടങ്ങളാണ് മഹറായി നല്‍കിയിരുന്നത്. ആറുമാസം കഴിഞ്ഞാല്‍ ഭാര്യയുടെ ആഭരണങ്ങളും സ്ത്രീധനവുമായി മുങ്ങും.
വിവാഹത്തിന് ഇടനിലക്കാരായി നില്‍ക്കുന്നവര്‍ക്കു സ്ത്രീധനത്തുകയുടെ ഒരു വിഹിതം നല്‍കിയാണു മജീദിന്റെ തട്ടിപ്പ്. ഇടനിലക്കാരെക്കുറിച്ചു വിശദമായ അന്വേഷിക്കുന്നതായി സി.ഐ. പറഞ്ഞു.24-ാമത്തെ വയസിലായിരുന്നു മജീദിന്റെ ആദ്യ വിവാഹം. വീട്ടുകാര്‍ നടത്തിക്കൊടുത്ത ഈ ബന്ധത്തില്‍ മൂന്നു കുട്ടികളുമുണ്ട്. മറ്റു ഭാര്യമാരില്‍ വേറെയും മൂന്നു കുട്ടികളുണ്ട്.
ഒരു ഭാര്യ ഗര്‍ഭിണിയാണ്. വിവിധ പേരുകളിലായി വാഴക്കാട്, ഒറ്റപ്പാലം, അഴീക്കല്‍, കടവന്ത്ര, വാടാനപ്പള്ളി, മേലാറ്റൂര്‍, പാണ്ടിക്കാട്, ചെറുതുരുത്തി, കാടാമ്പുഴ, കാരക്കാട്, പാലക്കാട്, ചന്തക്കുന്ന്, കളമശ്ശേരി, എടരിക്കോട് എന്നിവിടങ്ങളില്‍നിന്നെല്ലാം ഇയാള്‍ വിവാഹം കഴിച്ചിട്ടുണ്ട്. സ്ത്രീപീഡനം, വ്യാജരേഖ ചമയ്ക്കല്‍ എന്നിവയ്ക്കു പ്രതിയുടെ പേരില്‍ മേലാറ്റൂര്‍ പോലീസ് സ്റ്റേഷനില്‍ കേസുണ്ട്. ഈ കേസില്‍ ജാമ്യം നേടി മുങ്ങുകയായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല