ചാമ്പ്യന്‍സ് ലീഗ് ട്വന്റി 20 ക്രിക്കറ്റ് ഫൈനല്‍ റൗണ്ടില്‍ ആതിഥേയരായ ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്സിന് ദക്ഷിണാഫ്രിക്കന്‍ ടീം വാറിയേഴ്സിനെതിരെ തോല്‍വിയോടെ തുടങ്ങി. ടൂര്‍ണമെന്റിലെയും ബി ഗ്രൂപ്പിലെയും ആദ്യ കളിയില്‍ അവസാന പന്തിലാണ് വാറിയേഴ്സ് മൂന്നു വിക്കറ്റിന്റെ നാടകീയ വിജയം പിടിച്ചെടുത്തത്. സ്കോര്‍: ചാലഞ്ചേഴ്സ് 20 ഓവറില്‍ 8ന് 172; വാറിയേഴ്സ് 20 ഓവറില്‍ 7ന് 173.
നല്ല തുടക്കം കിട്ടിയിട്ടും വലിയ ഇന്നിങ്സുകള്‍ കളിക്കാന്‍ ചാലഞ്ചേഴ്സ് ബാറ്റ്സ്മാന്മാര് ശ്രമിക്കാതിരുന്നതാണ് വമ്പന്‍ സ്കോറില്‍ നിന്നും അവരെ അകറ്റിയത്. കോലി(34), ഡിവില്ലിയേഴ്സ്(31), സൗരഭ്തിവാരി(28), മുഹമ്മദ് കൈഫ്(26), ക്രിസ് ഗെയ്ല്(23) എന്നിവരെല്ലാം അപകടകാരികളാവുമെന്ന് സൂചനയുയര്ത്തിയശേഷം വിക്കറ്റ് കളയുകയായിരുന്നു. അതേസമയം ആഷ് വെല്‍ പ്രിന്‍സിന്റെ(74) അര്‍ധശതകവും അഞ്ചാം വിക്കറ്റില്‍ ക്യാപ്റ്റന്‍ ജെഹാന് ബോത്ത(42)യോടൊപ്പം 6.3 ഓവറില്‍ നേടിയ 73 റണ്‍സുമാണ് വാറിയേഴ്സിനെ വിജയത്തിലേക്കെത്തിച്ചത്.
പ്രിന്‍സ് 55 പന്തില്‍ ആറു ബൗണ്ടറിയും മൂന്നു സിക്സറുമടിച്ചപ്പോള്‍ ബോത്ത24 പന്തില്‍ രണ്ടു ബൗണ്ടറിയും മൂന്നു സിക്സറുമടിച്ചു. പ്രിന്‍സാണ് കളിയിലെ താരം. ശനിയാഴ്ച രണ്ടു കളികളുണ്ട്. ദക്ഷിണാഫ്രിക്കന്‍ ടീം കേപ് കോബ്രാസ് ഓസീസ് ടീം ന്യൂസൗത്ത് വെയില്‍സിനെയും ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്സ് മുംബൈ ഇന്ത്യന്‍സിനെയും എതിരിടും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല