ആരോഗ്യം, വിദ്യാഭ്യാസം എന്നീ മേഖലകളിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും വിദേശ ഇന്ത്യക്കാര്‍ കൂടുതല്‍ നിക്ഷേപത്തിന് തയ്യാറാകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പ്രവാസി ഭാരതീയ ദിവസിന് ദല്‍ഹിയില്‍ തുടക്കമായി. വിവിധ രംഗങ്ങളില്‍ ഇന്ത്യയെ മുന്നോട്ട് നയിക്കുന്നതില്‍ നിസ്തുല സേവനം വഹിച്ച 2.5കോടി വരുന്ന പ്രവാസികള്‍ക്ക് സ്വാഗതം പറഞ്ഞുകൊണ്ടാണ് പ്രവാസികാര്യ മന്ത്രി വയലാര്‍ രവി ഉദ്ഘാടന പ്രസംഗം ആരംഭിച്ചത്.
അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയിലെ വിദ്യാഭ്യാസ മേഖലയില്‍ 15000 കോടി ഡോളറിന്റെ നിക്ഷേപം ആവശ്യമായി വരുമെന്നു മാനവ വിഭവശേഷി വകുപ്പ് മന്ത്രി കപില്‍ സിബല്‍ പറഞ്ഞു. ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയ്ക്ക് ഗുണനിലവാരമുള്ള വിദ്യാഭ്യാസ സൗകര്യങ്ങള്‍ ഒരുക്കുന്നതിന് വിദേശ ഇന്ത്യക്കാരുടെ സഹായം അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വോട്ടവകാശം, ക്ഷേമനിധി, വിമാന യാത്രാ പ്രശ്നം, ശിക്ഷാ കാലാവധി കഴിഞ്ഞിട്ടും മോചനം ലഭിക്കാത്ത തടവുകാര്‍, വിവിധ തൊഴില്‍ കേസുകളില്‍ കുടുങ്ങി നിയമ സഹായം ലഭിക്കാതെ വര്‍ഷങ്ങളായി ജയിലില്‍ കഴിയുന്നവര്‍ തുടങ്ങി ഗള്‍ഫ് നാടുകളില്‍ സാധാരണക്കാരായ പ്രവാസികള്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ നിരവധിയാണ്. ഇത്തരം പ്രശ്നങ്ങള്‍ കൂടി പ്രവാസി സമ്മേളനങ്ങളില്‍ ചര്‍ച്ച ചെയ്യപ്പെടുകയും പരിഹാര നടപടികള്‍ നിര്‍ദേശിക്കുകയും വേണമെന്നതും പ്രവാസികള്‍ വര്‍ഷങ്ങളായി ഉന്നയിക്കുന്ന ആവശ്യങ്ങളാണ്.
എയര്‍ ഇന്ത്യയുടെ കെടുകാര്യസ്ഥത മൂലം ഗള്‍ഫ് പ്രവാസികള്‍ അനുഭവിച്ചിരുന്ന പരാതികള്‍ ഈയിടെയായി കുറഞ്ഞിട്ടുണ്ട്. പ്രമുഖ വ്യവസായിയും നോര്‍ക്ക വൈസ് ചെയര്‍മാനുമായ എം.എ യൂസഫലി എയര്‍ ഇന്ത്യ ഡയറ്കടര്‍ ബോര്‍ഡിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ശേഷം നടത്തിയ ശ്രമങ്ങള്‍ ഇതിന് വലിയൊരളവോളം സഹായകമായിട്ടുണ്ട്. ഗള്‍ഫ് മേഖലയിലെ പ്രതിനിധികള്‍ക്ക് പ്രത്യേക അവസരം ലഭിക്കുന്ന ‘ഗള്‍ഫ് സെഷന്’ ഈ വര്‍ഷത്തെ സമ്മേളനത്തിന്റെ പ്രത്യേകതയാണ്.
ഇന്ന് വൈകീട്ട് നടക്കുന്ന ഈ സെഷനില്‍ കേന്ദ്ര റെയില്‍വേ സഹമന്ത്രി ഇ. അഹമ്മദ്, എം.എ. യൂസഫലി, ബെഹ്സാദ് ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ സി.കെ. മേനോന്, ഐ.ടി.എല്‍ ഗ്രൂപ്പ് പ്രസിഡന്റ് റാം ബക്സാനി, നാസിര്‍ അല്‍ ഹാജിരി കോര്പറേഷന് മാനേജിങ് ഡയറക്ടര്‍ രവി പിള്ള തുടങ്ങിയവരും പങ്കെടുക്കും. നാടും വീടും പ്രിയപ്പെട്ടവരെയും വിട്ട് അന്യനാട്ടില്‍ കഴിയുന്നവര്‍ക്ക് മാത്രമായി നടത്തപ്പെടുന്ന ത്രിദിന സമ്മേളനത്തില്‍ ഇത്തവണയെങ്കിലും പ്രഖ്യാപനങ്ങള്‍ക്കപ്പുറം പ്രായോഗികവത്കരണ നടപടികളുണ്ടാവുമെന്ന പ്രതീക്ഷയിലാണ് പ്രവാസി സമൂഹം
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല