കാലഹരണപ്പെട്ട് നിയന്ത്രണം നഷ്ടമായ യു.എസ്. ഉപഗ്രഹം ചിന്നിച്ചിതറി അമേരിക്കയുടെ പടിഞ്ഞാറന്‍ തീരത്തിന് സമീപം പതിച്ചതായി ബഹിരാകാശ ഗവേഷണ ഏജന്‍സിയായ നാസ അറിയിച്ചു. ഉപഗ്രഹാവശിഷ്ടങ്ങള്‍ വീണത് എവിടെയാണെന്ന് കൃത്യമായി മനസ്സിലാക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ലെങ്കിലും അതുവീണ് അപകടമൊന്നും സംഭവിച്ചിട്ടുണ്ടാവില്ലെന്നാണ് നാസ പറയുന്നത്.
ഓസോണ്‍ പാളിയെപ്പറ്റി പഠിക്കാന്‍ 20 വര്‍ഷം മുന്‍പ് നാസ യുഎആര്‍എസ് വിക്ഷേപിക്കുമ്പോള്‍ കാലാവധിക്കുശേഷം അതിനെ കൃത്യമായി ഭൂമിയില്‍ ഏതെങ്കിലും സ്ഥലത്തു പതിപ്പിക്കാനുള്ള സാങ്കേതികവിദ്യ വികസിപ്പിച്ചിരുന്നില്ല. 1979ല്‍ അമേരിക്കയുടെ സ്കൈലാബും ഇതേമട്ടില്‍ തകര്‍ന്നുവീണിരുന്നു. എന്നാല്‍ 2001ല്‍ റഷ്യയുടെ മിര്‍ ഉപഗ്രഹത്തെ കൃത്യമായി കടലില്‍ വീഴ്ത്താന്‍ കഴിഞ്ഞിരുന്നു. നാസ ഇനി അയയ്ക്കുന്ന ഉപഗ്രഹങ്ങളെല്ലാം കൃത്യസ്ഥാനത്തു പതിപ്പിക്കാന്‍ കഴിയുന്നവയായിരിക്കും.
നാസ 1991ല്‍ അയച്ച യുഎആര്‍എസ് 2005ല്‍ ഡീകമ്മിഷന്‍ ചെയ്യുകയും ബഹിരാകാശ നിലയവുമായി കൂട്ടിമുട്ടാതിരിക്കാന്‍ അതിന്റെ ഭ്രമണപഥത്തില്‍ മാറ്റം വരുത്തുകയും ചെയ്തിരുന്നു. തുടര്‍ന്നു ക്രമേണ താഴേയ്ക്കു പോരുകയായിരുന്നു. ഭൂമിയില്‍ പതിച്ച ഏറ്റവും വലുപ്പമേറിയ ഉപഗ്രഹങ്ങളിലൊന്നാണു യുഎആര്‍എസ്. ഇത്തരം 20,000 അവശിഷ്ടങ്ങള്‍ ബഹിരാകാശത്തു ബാക്കിയുണ്ട്. ചെറുഭാഗങ്ങള്‍ ഒാരോ ദിവസവും ഭൂമിയിലേക്കു വന്നുകൊണ്ടിരിക്കുന്നുണ്ട്. എന്നാല്‍ അന്തരീക്ഷ വായുവുമായുള്ള ഘര്‍ഷണം മൂലം അവ കത്തിയെരിഞ്ഞുപോകുന്നതിനാല്‍ ആര്‍ക്കും അപകടം സംഭവിക്കാറില്ല.
ഉപഗ്രഹം ഭൂമിയോട് ഏറ്റവും അടുത്തെത്തിയപ്പോള്‍ കാനഡയ്ക്കും ആഫ്രിക്കയ്ക്കും പസിഫിക്, അറ്റ്ലാന്റിക്, ഇന്ത്യാ സമുദ്രങ്ങള്‍ക്കും മുകളില്‍ എവിടെയും പതിക്കാമെന്ന നിലയിലായിരുന്നു. ആറു ടണ്‍ ഭാരമുള്ള ഉപഗ്രഹത്തിന്റെ ഭൂരിഭാഗവും കത്തിത്തീര്‍ന്നതായാണു കരുതുന്നത്. പടിഞ്ഞാറന്‍ കാനഡയിലെ കാല്‍ഗരിക്ക് അടുത്തുള്ള ഒകടോക്സ് നഗരത്തില്‍ ചില അവശിഷ്ടങ്ങള്‍ വീണതായി റിപ്പോര്‍ട്ടുണ്ട്. ഉപഗ്രഹത്തിന്റെ 500 കിലോഗ്രാം തൂക്കം വരുന്ന 26 ഭാഗങ്ങള്‍ തകരാതെ ഭൂമിയില്‍ പതിച്ചേക്കുമെന്ന് ആശങ്കയുണ്ടായിരുന്നു.
അവയ്ക്ക് ഒരു കിലോഗ്രാം മുതല്‍ 158 കിലോഗ്രാം വരെ ഭാരമുണ്ടാകും. അമേരിക്കയുടെ പടിഞ്ഞാറന്‍ തീരത്തായിരിക്കും അവ വീണതെന്നാണ് കരുതുന്നത്. ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലാത്തതുകൊണ്ട് മിക്കവാറും കടലിലാവും അവ വീണിട്ടുണ്ടാവുക എന്നാണ് കരുതുന്നത്. 30 വര്‍ഷത്തിനിടെ നിയന്ത്രണമില്ലാതെ ഭൂമിയില്‍ പതിക്കുന്ന ഏറ്റവും വലിയ ബഹിരാകാശ പേടകാവശിഷ്ടങ്ങളാണിവ.
ഉപഗ്രഹാവശിഷ്ടങ്ങള്‍ കണ്ടെത്താന്‍ നാസയും അമേരിക്കയുടെ ദുരന്തനിവാരണ സേനയും തിരച്ചില്‍ തുടങ്ങിയിട്ടുണ്ട്. പരിചിതമല്ലാത്ത വസ്തുക്കള്‍ കണ്ടാലോ ആകാശത്തുനിന്നെന്തെങ്കിലും വീഴുന്നതു കണ്ടാലോ വിവരമറിയിക്കാന്‍ നാട്ടുകാരോട് നിര്‍ദേശിച്ചിട്ടുണ്ട്. ഉപഗ്രഹം വീഴാന്‍ സാധ്യതയുള്ള പ്രദേശങ്ങളിലെ വൈമാനികര്‍ക്ക് നാസ നേരത്തേ ജാഗ്രതാനിര്‍ദേശം നല്‍കിയിരുന്നു. അരനൂറ്റാണ്ട് പിന്നിട്ട ബഹിരാകാശഗവേഷണ ചരിത്രത്തില്‍ ഒട്ടേറെ ഉപഗ്രഹങ്ങളും പേടകങ്ങളും ഭൂമിയില്‍ പതിച്ചിട്ടുണ്ടെങ്കിലും ഇതുവരെ അവ വീണ് ആര്‍ക്കും അപകടമൊന്നും സംഭവിച്ചിട്ടില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല