മോട്ടോര്‍വേകളില്‍ സമീപ കാലത്തായി നിരവധി പരിഷ്കാരങ്ങള്‍ നടപ്പിലാക്കുന്നുണ്ട് ബ്രിട്ടീഷ് ഗവണ്‍മെന്റ്, ഈ അടുത്ത കാലത്താണ് ശബ്ദം കുറഞ്ഞ വാഹനങ്ങളില്‍ നിന്നും പിഴ ഈടാക്കാനുള്ള തീരുമാനവും സര്‍ക്കാര്‍ കൈക്കൊണ്ടത് ഇത്തരം പരിഷ്കരണങ്ങളുടെ തുടര്‍ച്ചയെന്നോണം ഇപ്പോഴിതാ മോട്ടോര്‍വേകളില്‍ സ്‌പീഡ് ലിമിറ്റ് 80 മൈല്‍ ആക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നു. നിലവില്‍ 70 മൈലാണ് വേഗപരിധിയെങ്കിലും പലരും ഇത് ലംഘിക്കാറുണ്ട് എന്നതാണ് വാസ്തവം. പോലീസ് അതു കണ്ടതായി പലപ്പോഴും ഭാവിക്കരുമില്ല ഇതേ തുടര്‍ന്നു വേഗപരിധി കൂട്ടുമ്പോള്‍ ജനങ്ങളുടെ സഞ്ചാരവേഗം വര്‍ധിക്കുന്നത് സമ്പദ്‌വ്യവസ്ഥയ്‌ക്കു ഗുണകരമാകുമെന്ന് സര്‍ക്കാര്‍ കരുതുന്നു എന്നാല്‍ നിയമം എന്നു മാറ്റണമെന്നതു സംബന്ധിച്ച് ഇതുവരെ ധാരണയൊന്നുമായിട്ടില്ല താനും.
റെസിഡന്‍ഷ്യല്‍ മേഖലകളില്‍ 20 മൈല്‍ ആയി നിജപ്പെടുത്തണമെന്ന ലിബറല്‍ ഡെമോക്രാറ്റുകളുടെ ശിപാര്‍ശയും ഇതോടൊപ്പം പരിഗണിച്ചേക്കുമെന്നാണ് കരുതുന്നത്. ട്രാന്‍സ്‌പോര്‍ട്ട് വകുപ്പിന്റെ കണക്കനുസരിച്ച് കഴിഞ്ഞവര്‍ഷം 49 ശതമാനം കാറുകള്‍ 70 മൈല്‍ എന്ന പരിധി ലംഘിച്ചാണ് ഓടിച്ചത്. ഏഴില്‍ ഒന്നു വീതം 80 മൈല്‍ വേഗത്തില്‍ ഓടി. 7.5 ടണ്ണിനേക്കാള്‍ ഭാരമുള്ള ലോറികളുടെ വേഗപരിധി 70 മൈല്‍ ആയി തുടരും.
ഇതിന്റെ വളരെ മടങ്ങ് വേഗത്തില്‍ വാഹനങ്ങളോടിക്കാമെന്നിരിക്കെ വേഗപരിധി കൂട്ടുന്നതില്‍ കുഴപ്പമില്ലെന്ന് ഇതിനെ അനുകൂലിക്കുന്നവര്‍ വാദിക്കുന്നുന്ടെങ്കിലും വേഗപരിധി കൂട്ടുന്നത് അപകടങ്ങള്‍ വര്‍ധിക്കാന്‍ ഇടയാക്കുമെന്ന് ഇതിനെ എതിര്‍ക്കുന്നവര്‍ പറയുന്നു. 2009-ല്‍ മൊത്തം റോഡപകടങ്ങളുടെ എണ്ണം 2222 ആയിരിക്കെ മോട്ടോര്‍ വേകളിലെ അപകടമരണം 132 ആയിരുന്നു. വേഗം കൂട്ടുമ്പോള്‍ മോട്ടോര്‍വേകളിലെ അപകടമരണം അഞ്ചു മുതല്‍ 10 ശതമാനം വരെ വര്‍ധിക്കാനിടയുണ്ടെന്ന് ട്രാന്‍സ്‌പോര്‍ട്ട് സേഫ്‌റ്റിയുടെ പാര്‍ലമെന്ററി അഡൈ്വസറി കൗണ്‍സില്‍ കരുതുന്നു.
നല്ല കാലാവസ്ഥയും നല്ല റോഡുമാണെങ്കില്‍ ഒരു മോഡേണ്‍ കാറില്‍ 80 മൈല്‍ വേഗത്തില്‍ ഓടിക്കുന്നതിനു കുഴപ്പമില്ലെന്ന് ഓട്ടോമൊബീല്‍സ് അസോസിയേഷന്‍ പ്രസിഡന്റ് എഡ്‌മണ്ട് കിംഗ് പറഞ്ഞു. എന്നാല്‍, മോശം കാലാവസ്ഥയാണെങ്കില്‍ 50 മൈല്‍ വേഗം പോലും അപകടകരമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. യൂറോപ്പില്‍ ഏറ്റവും അപകടം കുറഞ്ഞ മോട്ടോര്‍വേകള്‍ ബ്രിട്ടനിലാണ്. വേഗം കുറവും ഇവിടെത്തന്നെ. ഫ്രാന്‍സിലും ഇറ്റലിയിലും പരമാവധി വേഗം 81 മൈലാണ്. സ്‌പെയിനിലും അയര്‍ലന്‍ഡിലും പോര്‍ചുഗലിലും 75 മൈല്‍. ജര്‍മനിയില്‍ വേഗപരിധി നിശ്ചയിച്ചിട്ടില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല