യൂറോപ്പിന്റെ നടുവൊടിഞ്ഞിരിക്കുകയാണ് എന്ന കാര്യത്തില്‍ സംശയമൊന്നുമില്ല. എന്നാലും യൂറോപ്പിലെ സമ്പന്നരാഷ്ട്രങ്ങള്‍ രണ്ടും കല്‍പ്പിച്ച മട്ടാണ്. കാര്യം വേറൊന്നുമല്ല യൂറോപ്പിന്റെ അഭിമാന നക്ഷത്രമായ യൂറോയെ എങ്ങനെയെങ്കിലും രക്ഷിച്ചെടുക്കണം. അതത്ര നിസാര കാര്യമല്ലെന്ന് ഏറ്റവും കൂടുതല്‍ അറിയാവുന്നത് യൂറോപ്പിലെ സമ്പന്നരാഷ്ട്രങ്ങളുടെ നേതാക്കന്മാര്‍ക്കാണ്. എന്തായാലും സംഗതി ഇത്തിരി കട്ടിയാണ്. അതിനായി മുടക്കുന്ന തുക കേട്ടാല്‍ ആരുമൊന്ന് ഞെട്ടും. ഏതാണ്ട് 1.75 ട്രില്യന്‍ പൗണ്ടാണ് യൂറോയെ രക്ഷിക്കാന്‍ വേണ്ടി മുടക്കുന്നത്.
യൂറോപ്പിലെ സമ്പന്നരാഷ്ട്രങ്ങളാണ് ഇതിലെ മുക്കാല്‍ പങ്കും എടുക്കാന്‍ പോകുന്നത്. എന്നാല്‍ ഇതിന്റെ അനന്തര ഫലങ്ങള്‍ യൂറോപ്പിലെ സാമ്പത്തികമാന്ദ്യം അനുഭവിക്കുന്ന രാജ്യങ്ങളും നേരിടേണ്ടിവരും. യൂറോപ്പില്‍ ഏറ്റവും കൂടുതല്‍ സാമ്പത്തികമാന്ദ്യം അനുഭവിക്കുന്ന ഗ്രീസിനെ രക്ഷിക്കുകയെന്ന ദൗത്യത്തിനായിരിക്കും ഇതിലെ ഭൂരിഭാഗം പണവും ഉപയോഗിക്കുക. ബാക്കിയുള്ള പണം അയര്‍ലണ്ടുപോലുള്ള രാജ്യങ്ങള്‍ക്കുവേണ്ടിയും ഉപയോഗിക്കും.
ജര്‍മ്മനിയുടെയും ഫ്രാന്‍സിന്റെ താല്‍പര്യമാണ് ഇത്രയും പണം ഒഴുക്കാന്‍ പ്രേരിപ്പിക്കുന്നതെന്നാണ് യൂറോപ്യന്‍ യൂണിയന്‍ നേതാക്കന്മാര്‍ വെളിപ്പെടുത്തുന്നത്. യൂറോപ്പില്‍ സാമ്പത്തികമാന്ദ്യം അത്രയധികം ബാധിക്കാത്ത രണ്ട് രാജ്യങ്ങളാണ് ജര്‍മ്മനിയും ഫ്രാന്‍സും. ഈ രണ്ട് രാജ്യങ്ങളും യൂറോയെ തങ്ങളുടെ അഭിമാനമായാണ് കാണുന്നത്. അതുകൊണ്ടുതന്നെ യൂറോയെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ക്ക് ശക്തി പകരാന്‍ എത്ര പൗണ്ട് ഇറക്കാനും തയ്യാറാകും.
തകര്‍ന്നടിഞ്ഞ തൊഴില്‍ മേഖലകള്‍ ഉഷാറാക്കുന്നതിനും കൂടുതല്‍ തൊഴിലുകള്‍ സൃഷ്ടിക്കുന്നതിനുമാണ് പ്രധാനമായും പണം മുടക്കാന്‍ തയ്യാറായിരിക്കുന്നത്. കൂട്ടത്തില്‍ ഏറ്റവും വലിയ കടക്കാരന്‍ ഗ്രീക്കാണ്. ഏതാണ്ട് 300 ബില്യണ്‍ യൂറോയുടെ കടമാണ് ഗ്രീക്കിനുള്ളത്. ഇതെല്ലാം ശരിയാക്കുന്നതിനുവേണ്ടിയാണ് 1.75 ട്രില്യന്‍ പൗണ്ട് നിക്ഷേപിക്കാന്‍ യൂറോപ്യന്‍ യൂണിയന്‍ തയ്യാറാകുന്നത്
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല