ചാമ്പ്യന്‍സ് ലീഗ് ട്വന്റി20 ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഗ്രൂപ്പ് ബിയിലെ ഇന്നലെ നടന്ന രണ്ടാമത്തെ മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരേ സോമര്‍സെറ്റിന് അഞ്ചു വിക്കറ്റ് ജയം. ആദ്യം ബാറ്റ് ചെയ്ത നൈറ്റ് റൈഡേഴ്സ് 161 റണ്‍സെടുത്തു. കളി തീരാന്‍ രണ്ടു പന്തുകള്‍ ശേഷിക്കെയാണു സോമര്‍സെറ്റ് ജയിച്ചത്.
ദക്ഷിണാഫ്രിക്കന്‍ താരം റീലോഫ് വാന്‍ഡര്‍ മെര്‍വിന്റെ ബാറ്റിംഗ് (40 പന്തില്‍ 73) സോമര്‍സെറ്റിനെ വിജയത്തിലെത്തിച്ചു. രജത് ഭാട്ടിയ എറിഞ്ഞ അവസാന ഓവറില്‍ ജയിക്കാന്‍ വേണ്ട നാലു റണ്‍സ് അനായാസം നേടുകയായിരുന്നു. നൈറ്റ് റൈഡേഴ്സ് മൂന്നു വിക്കറ്റ് നഷ്ടത്തിലാണ് 161 റണ്‍സെടുത്തത്. ദക്ഷിണാഫ്രിക്കന്‍ ഓള്‍റൗണ്ടര്‍ ജാക്ക് കാലിസിന്റെ ഇന്നിംഗ്സാണ് (61 പന്തില്‍ പുറത്താകാതെ 74) നൈറ്റ് റൈഡേഴ്സിനെ തരക്കേടില്ലാത്ത സ്കോറിലെത്തിച്ചത്. പരുക്കില്‍നിന്നു മോചിതനായി കളിക്കാനിറങ്ങിയ ഗൗതം ഗംഭീര്‍ ആദ്യ പന്തില്‍തന്നെ പുറത്തായി. യൂസഫ് പഠാന് 21 പന്തില്‍ പുറത്താകാതെ 39 റണ്‍സെടുത്തു വെടിക്കെട്ടായി.
ഇന്നലെ ഗ്രൂപ്പ് ബിയിലെ ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്കന്‍ ടീം വാറിയേഴ്സിന് തുടര്‍ച്ചയായ രണ്ടാം ജയം നേടി. സൗത്ത് ഓസ്ട്രേലിയയെ 50 റണ്‍സിനാണു വാറിയേഴ്സ് തോല്‍പ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത വാറിയേഴ്സ് അഞ്ചിന് 171 റണ്‍സെടുത്തു. മറുപടി ബാറ്റ് ചെയ്ത സൗത്ത് ഓസ്ട്രേലിയയ്ക്കു നിശ്ചിത 20 ഓവറില്‍ ആറു വിക്കറ്റിന് 121 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു.
ഓപ്പണര്‍ ജെ.ജെ. സ്മുറ്റിന്റെ തകര്‍പ്പന്‍ അര്‍ധ സെഞ്ചുറി (65 പന്തില്‍ 88) യാണ് വാറിയേഴ്സ് ഇന്നിംഗ്സിന്റെ നെടുംതൂണായത്. മത്സരത്തിലെ താരവും സ്മുറ്റാണ്. ബാറ്റിംഗിലും ബൗളിംഗിലും തിളങ്ങിയ സ്മുറ്റ് ഒരു വിക്കറ്റുമെടുത്തു. വിക്കറ്റ് കീപ്പര്‍ മാര്‍ക്ക് ബൗച്ചര്‍ (26 പന്തില്‍ 34), കോളിന് ഇന്‍ഗ്രാം (24 പന്തില്‍ 30) എന്നിവരുടെ വെടിക്കെട്ടും വാറിയേഴ്സിന്റെ സ്കോര്‍ ഉയര്‍ത്തി.
സൗത്ത് ഓസ്ട്രേലിയന്‍ ബാറ്റ്സ്മാന്മാര് ലക്ഷ്യം മറന്നതാണു തോല്‍വിക്കു കാരണമായത്. നായകനും ഓപ്പണറുമായ മാര്‍ക്ക് ക്ലിംഗര്ക്കൊഴികെ (29 പന്തില്‍ 34) ആര്‍ക്കും തിളങ്ങാനായില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല