സ്പെയിനിലെ കാറ്റലോണിയ കാളപ്പോരിന്റെ നാടല്ലാതായി. പ്രാദേശിക സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ വിലക്ക് 2012 ജനുവരി ഒന്നിനു നിലവില്‍ വരുന്നതിനു മുന്‍പായുള്ള അവസാനത്തെ കാളപ്പോരാണ് ഇന്നലെ നടന്നത്.
സ്പെയിനിലെ കാനറി ദ്വീപാണ് ഇതിനു മുന്‍പ് കാളപ്പോര് നിരോധിച്ചിട്ടുള്ളത്. ജനപ്രീതി നഷ്ടപ്പെട്ടു തുടങ്ങിയതോടെ കാളപ്പോരിന്റെ എണ്ണത്തില്‍ 34% കുറവാണ് 2007-2010 കാലയളവിലുണ്ടായത്. പുതുതലമുറ ഇതില്‍ ഒട്ടും തല്‍പരരല്ല. ബാഴ്സലോണയിലെ ലാസ് അരീനാസ് റിങ് 1970ല്‍ തന്നെ പൂട്ടിയതാണ്.
ബാഴ്സലോണയിലെ 20,000 പേര്‍ക്കിരുന്നു കാണാവുന്ന മൊണ്യൂമെന്റല്‍ ബുള്‍റിങ്ങില്‍ ഇനി കാളയും മനുഷ്യനും പൊരുതാനിറങ്ങില്ല. കാളപ്പോരിന് ആരാധകര്‍ കുറഞ്ഞതോടെ മൊണ്യൂമെന്റല്‍ മാത്രമാണ് ഇനി ബാക്കിനില്‍ക്കുന്ന ഏക ബുള്‍റിങ്. നിരോധനത്തിനായി മൃഗസ്നേഹികള്‍ 1,80,000 പേരുടെ ഒപ്പുശേഖരണം നടത്തിയതിനു പിന്നാലെ കഴിഞ്ഞ വര്‍ഷമാണ് കാറ്റലോണിയ സര്‍ക്കാര്‍ വിലക്കു പ്രഖ്യാപിച്ചത്.
എന്നാല്‍ വിലക്ക് നീക്കാന്‍ അഞ്ചു ലക്ഷം ഒപ്പുകള്‍ ശേഖരിച്ച് കേന്ദ്ര സര്‍ക്കാരിനു നല്‍കാന്‍ എതിരാളികള്‍ കളത്തിലിറങ്ങി. കോടതിയെയും സമീപിച്ചിട്ടുണ്ട്. നവംബര്‍ 20ന് നടക്കുന്ന തിരഞ്ഞെടുപ്പില്‍ കാളപ്പോരിനെ അനുകൂലിക്കുന്ന പീപ്പിള്‍സ് പാര്‍ട്ടി അധികാരത്തില്‍ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. അങ്ങനെ വന്നാല്‍ വിലക്ക് നീക്കാന്‍ ശ്രമം നടന്നേക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല