യുക്മ ഈസ്റ്റ് ആംഗ്ലിയ കലാമേള അത്യധികം വര്‍ണശോഭയോടെ നടന്നു. സംഘാടന മികവ കൊണ്ടും കലാ മികവ് കൊണ്ടും ബാസില്‍ഡന്‍ ജയിംസ് ഹോന്സ്സി സ്കൂളില്‍ നടന്ന ഒന്‍പതു അസോസിയേഷനുകള്‍ തമ്മിലുള്ള പോരാട്ടത്തില്‍ ബാസില്‍ഡന്‍ മലയാളി അസോസിയേഷന് ജേതാക്കളായി.
ശനിയാഴ്ച രാവിലെ പത്ത് മണിക്ക് നാഷണല്‍ എക്സിക്യൂട്ടീവ് മെമ്പറും ബാസില്‍ഡന്‍ മലയാളി അസോസിയേഷന് പ്രസിഡണ്ടുമായ ശ്രീ. ഫ്രാന്‍സിസ് മാത്യു തിരി തെളിയിച്ചു ഉത്ഘാടനം നിര്‍വഹിച്ച ചടങ്ങില്‍ റീജിയണല്‍ പ്രസിഡണ്ട് കുഞ്ഞുമോന് അദ്ധ്യക്ഷനായിരുന്നു. നാഷണല്‍ സെക്രട്ടറി ശ്രീ. എബ്രഹാം ലൂക്കോസ്, പി ആര് ഓ ബാല സജീവ് കുമാര്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.
തുടര്‍ന്നു നടന്ന മത്സരങ്ങള്‍ ഓരോ അസോസിയേഷനുകളുടെയും കലാപരമായ മികവ് വിളിച്ചറിയിക്കുന്നവയായിരുന്നു. തിരുവാതിര,ഒപ്പന,മോഹിനിയാട്ടം,ഭരതനാട്യം,സിനിമാറ്റിക് എന്നീ വിഭാഗങ്ങള്‍ ഇന്നേവരെ യു കെയില്‍ കാണാത്ത വിധം മാറ്റുരക്കുന്നതായിരുന്നു. മൂന്നു വേദികളില്‍ നടന്ന മത്സരങ്ങള്‍ കാണാന്‍ എല്ലായിടത്തു നിന്നും കാണികള്‍ ഉണ്ടായിരുന്നു. പുറത്ത് നിന്നെത്തിയ എല്ലാ അസോസിയേഷനുകളെയും ബാസില്‍ഡന്‍ മലയാളി അസോസിയേഷന് നല്ല രീതിയില്‍ സ്വീകരണവും സൌകര്യങ്ങളും നല്കി സ്വീകരിച്ചു.
വൈകുന്നേരം 7.30 നു തുടങ്ങിയ സമാപന സമ്മേളനത്തിന് ശ്രീ ഫ്രാന്‍സിസ് മാത്യു സ്വാഗത പ്രസംഗം നടത്തി. സ്വാഗത പ്രസംഗത്തില്‍ വമ്പന്‍ വിജയമായി തീര്‍ന്ന ഈ കലാമേളയുടെ പ്രവര്‍ത്തനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച റീജിയണല്‍ സെക്രട്ടറി ശ്രീ ബിനോയെ മുക്ത കണ്ഠം പ്രശംസിച്ചു. റീജിയണല്‍ പ്രസിഡണ്ട് ശ്രീ കുഞ്ഞു മോന് ജോബും തന്റെ അദ്ധ്യക്ഷ പ്രസംഗത്തില്‍ ഇതാവര്‍ത്തിക്കുകയും യുക്മ വളരേണ്ട ആവശ്യത്തെ കുറിച്ചും യുക്മ ക്രൈസിസ് ഫണ്ടിനെ കുറിച്ചും നല്ല രീതിയില്‍ വിശദീകരിച്ചു.
ചടങ്ങില്‍ എത്തിയിരുന്ന നാഷണല്‍ വൈസ് പ്രസിഡണ്ട് ശ്രീമതി ബീന ബെന്‍സ് വളരെ ഹൃദയപൂര്‍വവും സരസവുമായി നല്കിയ ആശംസാ പ്രസംഗം എല്ലാവര് പ്രചോദനം നല്കി. നാഷണല്‍ സെക്രട്ടറി ശ്രീ എബ്രഹാം ലൂക്കോസ് ഉത്ഘാടന സമ്മേളനം ഉത്ഘാടനം ചെയ്തു. നാഷണല്‍ പിആര്‍ഓ ശ്രീ. ബാലയുടെ സാന്നിധ്യം കൊണ്ട് വേദി സജീവമായിരുന്നു. തുടര്‍ന്നു നടന്ന സമ്മാനദാനങ്ങള്‍ ശ്രീ എബ്രഹാം ലൂക്കോസ്, ശ്രീ,കുഞ്ഞുമോന് ജോബ്, ശ്രീമതി ബീന സെന്‍സ്, ശ്രീ.ഫ്രാന്‍സിസ്, ശ്രീ,ബാബു മത്തായി,ശ്രീ.അനൂപ്,ശ്രീ എബ്രഹാം തുടങ്ങിയവര്‍ ചേര്‍ന്ന് നടത്തി.
സബ് ജൂനിയര്‍ വിഭാഗത്തില്‍ കലാതിലകമായി സഞ്ജന രമേശ്, ജൂനിയര്‍ വിഭാഗത്തില്‍ അനീറ്റ എബ്രഹാം,സീനിയര്‍ വിഭാഗത്തില്‍ അന്ന ജോണ്‍ എന്നിവര്‍ തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ കലാപ്രതിഭയായി സബ് ജൂനിയറില്‍ ആല്വിന് എബ്രഹാം,ജൂനിയര്‍ വിഭാഗത്തില്‍ എബി റോയി എന്നിവര്‍ തിരഞ്ഞെടുക്കപ്പെട്ടു. നന്ദി പ്രസംഗത്തില്‍ റീജിയണല്‍ സെക്രട്ടറി ബിനോ അഗസ്റ്റിന് വിചാരിച്ചത് പോലെ കൃത്യ സമയത്ത് കാര്യങ്ങള്‍ നടത്താന്‍ സഹായിച്ചതിനും സഹകരിച്ചതിനും എല്ലാവര്ക്കും നന്ദി അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല