സ്വന്തം ലേഖകൻ: സൈനിക വിമാനത്തിൽ കുവൈത്തിൽനിന്ന് ചികിത്സക്ക് ഇന്ത്യയിലേക്ക് കൊണ്ടുപോയ മലയാളി പെൺകുട്ടി സാധിക മരണത്തിന് കീഴടങ്ങി. ചെവിയിൽനിന്ന് രക്തസ്രാവമുള്ള പാലക്കാട്ടുകാരിയായ സാധിക രതീഷ് കുമാർ പിതാവിനൊപ്പം ഡൽഹിയിലേക്ക് വിമാനം കയറിയത് ഏപ്രിൽ 25നാണ്.
ഇന്ത്യയിൽനിന്ന് കുവൈത്തിലെത്തിയ പ്രത്യേക മെഡിക്കൽ സംഘം തിരിച്ചുപോവുന്ന സൈനിക വിമാനത്തിലാണ് സാധികയെ കൊണ്ടുപോയത്. കുവൈത്തിലെ കെ.സി.സി ആശുപത്രിയിൽ ചികിത്സയിലായിരുന്ന സാധികക്ക് അടിയന്തര ശസ്ത്രക്രിയ ആവശ്യമായിരുന്നു.
കുവൈത്തിൽ ഇതിനുള്ള സൗകര്യം ഇല്ലാത്തതിനാൽ എംബസിയുടെ ഇടപെടലിനെ തുടർന്ന് സൈനിക വിമാനത്തിൽ കുട്ടിയെ കൊണ്ടുപോവാൻ വഴിതെളിയുകയായിരുന്നു. കോവിഡ് പ്രതിസന്ധിയിൽ യാത്രാ വിമാനങ്ങൾ ഇല്ലാതിരുന്ന സമയത്ത് ഇന്ത്യൻ, കുവൈത്ത് അധികൃതർ അടിയന്തര ഇടപെടൽ നടത്തിയിട്ടും ഫലമുണ്ടായില്ല.
ഡൽഹി എയിംസ് ആശുപത്രിയിൽ എത്തിച്ച് അടിയന്തര ശസ്ത്രക്രിയ നടത്തുകയും തുടർചികിത്സ നൽകുകയും ചെയ്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പാലക്കാട് വടക്കഞ്ചേരി സ്വദേശിനിയായ സാധിക വെള്ളിയാഴ്ച രാത്രിയാണ് മരണത്തിന് കീഴടങ്ങിയത്. ചെവിയിലെ അർബുദമായിരുന്നു മരണകാരണം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല