പരിശുദ്ധ സിംഹാസനത്തിനു കീഴില്‍ ഐക്യത്തോടെ അണിനിരക്കാനും വിശ്വാസം മുറുകെപിടിക്കാനും ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയുടെ ആഹ്വാനം. നാലു ദിവസത്തെ ജര്‍മന്‍ സന്ദര്‍ശനത്തിന്റെ സമാപനദിനമായ ഇന്നലെ തെക്കുപടിഞ്ഞാറന്‍ ജര്‍മനിയിലെ ഫ്രെയ്ബര്‍ഗ് നഗരത്തില്‍ തുറന്ന വേദിയില്‍ ദിവ്യബലിയര്‍പ്പിച്ചു സംസാരിക്കുകയായിരുന്നു മാര്‍പാപ്പ.
ജീവിതം ദൈവവിശ്വാസത്താല്‍ ബന്ധിതമാകണം. വിശ്വാസികളെന്നു സ്വയം നടിക്കുകയും സഭയെ വെറുമൊരു സ്ഥാപനമായി കണക്കാക്കുകയും ചെയ്യുന്ന സഭാംഗങ്ങളാണ് എതിരാളികളേക്കാള്‍ സഭയ്ക്കു വെല്ലുവിളി സൃഷ്ടിക്കുന്നത്. പരമ്പരാഗതമായി കൈമാറിക്കിട്ടിയ വിശ്വാസം മുറുകെപ്പിടിച്ചു മുന്നേറണം. എങ്കില്‍ മാത്രമേ ഭാവിയുള്ളൂ: മാര്‍പാപ്പ പറഞ്ഞു.
ഫ്രെയ്ബര്‍ഗിലെ വിമാനത്താവളത്തോടു ചേര്‍ന്ന മൈതാനിയില്‍ നടന്ന ദിവ്യബലിയില്‍ രണ്ടുലക്ഷത്തോളം വിശ്വാസികള്‍ പങ്കെടുത്തു. കുന്നിന്‍മുകളിലായാണ് ബലിപീഠം സജ്ജമാക്കിയത്.
ജര്‍മനിയിലെ കത്തോലിക്കാവിശ്വാസികളുടെ സ്വാധീനമേഖലയായ ഫ്രെയ്ബര്‍ഗില്‍ ശനിയാഴ്ച ഉച്ചയ്ക്ക് എത്തിയ മാര്‍പാപ്പയ്ക്ക് ആവേശോജ്വലമായ വരവേല്പാണു ലഭിച്ചത്. ശനിയാഴ്ച രാത്രി ഫ്രെയ്ബര്‍ഗ് നഗരത്തിനു പുറത്തുള്ള ഫെയര്‍ഗ്രൌണ്ടില്‍ യുവജനങ്ങള്‍ക്കായി നടന്ന ജാഗരണപ്രാര്‍ഥനയില്‍ മാര്‍പാപ്പ പങ്കെടുത്തു.
കത്തിച്ച മെഴുകുതിരികളുമായി ഒരു ലക്ഷത്തോളം യുവജനങ്ങളാണ് പ്രാര്‍ഥനയില്‍ പങ്കെടുത്തത്. സ്വവര്‍ഗ വിവാഹം കത്തോലിക്കാസഭയ്ക്ക് അംഗീകരിക്കാനാവില്ലെന്നു വ്യക്തമാക്കിയ മാര്‍പാപ്പ, ജീവിതമൂല്യങ്ങള്‍ കാത്തുസൂക്ഷിക്കാന്‍ യുവജനങ്ങളെ ആഹ്വാനം ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല