ആമിര്ഖാന് നിര്‍മിച്ച ‘പീപ്പ്ലി ലൈവി’നൊപ്പം ഷാരൂഖ് നായകനായ ‘മൈ നെയിം ഈസ് ഖാനും’ 2011-ലെ ഓസ്കര് അവാര്‍ഡിനു പരിഗണിക്കപ്പെടുന്ന ചിത്രങ്ങളില്‍ ഉള്‍പ്പെട്ടു. ‘പീപ്പ്ലി ലൈവ്’ മികച്ച വിദേശ ചിത്രമാകാനാണ് പ്രധാനമായും മത്സരിക്കുന്നത്. എന്നാല്‍ ‘മൈ നെയിം ഈസ് ഖാന്’ ഓസ്കറിന്റെ എല്ലാ വിഭാഗങ്ങളിലും പരിഗണിക്കപ്പെടുന്ന ചിത്രങ്ങളുടെ പട്ടികയിലാണ് ഉള്‍പ്പെട്ടിരിക്കുന്നത്. അമേരിക്കയിലെ തിയേറ്ററുകളിലുള്‍പ്പെടെ ‘മൈ നെയിം ഈസ് ഖാന്’ വ്യാപകമായി റിലീസ് ചെയ്തതാണ് ഈ ചിത്രം ഓസ്കറിന് പരിഗണിക്കപ്പെടുന്ന ചിത്രമായി മാറാനുള്ള ഒരു കാരണം.
ഇന്ത്യയില്‍ നിന്നുള്ള ഇരുചിത്രങ്ങളും ജനവരി 25-ന് പ്രഖ്യാപിക്കുന്ന നാമനിര്‍ദേശങ്ങളുടെ പട്ടികയില്‍ ഇടംനേടിക്കൊള്ളണമെന്നില്ല. ഓസ്കറിന് പരിഗണിക്കപ്പെടുന്ന നൂറുകണക്കിന് ചിത്രങ്ങളില്‍ ഒന്നായി മാറിയെങ്കിലും ‘മൈ നെയിം ഈസ് ഖാന്’ നാമനിര്‍ദേശ പട്ടികയില്‍ ഇടം നേടാന്‍ സാധ്യത കുറവാണെന്നാണ് ഓസ്കര് നിരീക്ഷകര്‍ കരുതുന്നത്. ‘ക്ലാഷ് ഓഫ് ദ ടൈറ്റന്‍സ്’, ‘ദ എക്സ്പെന്‍ഡബിള്‍സ്’, ‘ഫെയര്‍ ഗെയിം’, ‘അയണ്മാന് 2’, ‘ദ ടൂറിസ്റ്റ്’ തുടങ്ങി ഓസ്കറിന് പരിഗണിക്കപ്പെടുന്ന വമ്പന്‍ ചിത്രങ്ങള്‍ക്കൊപ്പമാണ് ‘മൈ നെയിം ഈസ് ഖാനും’ സ്ഥാനം നേടിയിരിക്കുന്നത്.
”ഓസ്കറില് എല്ലാ വിഭാഗത്തിലും മത്സരിക്കുന്നതിനുള്ള യോഗ്യത ഈ ചിത്രം നേടിയെന്നത് ആഹ്ലാദകരമാണ്. ആഗോളതലത്തില്‍ എന്റെ സിനിമയ്ക്ക് ലഭിച്ച ഈ സ്വീകാര്യതയില്‍ ഞാന്‍ ബഹുമാനിതനായിരിക്കുന്നു” -ചിത്രത്തിന്റെ സംവിധായകനായ കരണ്‍ ജോഹര്‍ പറഞ്ഞു. ഓസ്കറിന്റെ നാമനിര്‍ദേശപട്ടിക ജനവരി 25-നും ഓസ്കര് അവാര്‍ഡുകള്‍ ഫിബ്രവരി 27-നുമാണ് പ്രഖ്യാപിക്കുക.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല