വൌവ്വാലുകള്‍ക്കു വേണ്ടി മാത്രം ഒരു പാലം! വടക്കന്‍ വെയില്‍സിലാണ് ഈ വട്ടന്‍ ഐഡിയ. കേള്‍ക്കുമ്പോള്‍ വട്ട് ആണെന്ന് മറ്റുള്ളവര്‍ക്കു തോന്നുമെങ്കിലും തങ്ങളുടെ ഐഡിയ സൂപ്പര്‍ ആണെന്നാണ് അധികൃതര്‍ പറയുന്നത്. ഏറെനാളെത്തെ ആലോചനകള്‍ക്കും പഠനത്തിനും ശേഷമാണ് അധികൃതര്‍ വൌവ്വാല്‍പ്പാലം പദ്ധതി നടപ്പാക്കിയത്. ലക്ഷങ്ങള്‍ ഇതിനുവേണ്ടി പൊടിക്കുകയും ചെയ്തു. വൌവ്വാലുകളുടെ പ്രധാന താവളമാണ് വടക്കന്‍ വെയില്‍സിലെ പോര്‍ത്ത്മഡോങ്. ഇവിടെത്തെ തിരക്കേറിയ റോഡില്‍ വാഹനങ്ങളുടെ അടിയില്‍പ്പെട്ട് നിരവധി വൌവ്വാലുകളാണ് ദിവസവും ചരമം പ്രാപിക്കുന്നത്. അധികൃതരെ ഇരുത്തി ചിന്തിപ്പിച്ചത് ഈ കൂട്ടദുരന്തം തന്നെ.
വൌവ്വാലുകള്‍ക്കും മനുഷ്യരെപ്പോലെ ജീവിക്കാന്‍ അവകാശമുണ്ടെന്നു പറഞ്ഞാണ് അവയുടെ ജീവന്‍ സംരക്ഷിക്കാന്‍ പുതിയ വഴികള്‍ തിരക്കി അധികൃതര്‍ ഇറങ്ങിയത്. ആര്‍ശയങ്ങള്‍ പലതും ഉരുത്തിരിഞ്ഞുവന്നു. ഒന്നും പ്രായോഗികമാണെന്ന് കണ്ടെത്താന്‍ കഴിഞ്ഞില്ല. അങ്ങനെയിരിക്കെയാണ് വൌവ്വാലുകള്‍ക്കു വേണ്ടി മാത്രം ഒരു പുതിയ പാലം നിര്‍മ്മിച്ചാലെന്ത് എന്ന ആശയം ചിലര്‍ മുന്നോട്ടുവച്ചത്. കേള്‍ക്കേണ്ട താമസം, അധികൃതര്‍ സമ്മതം മൂളി.
വൌവ്വാലുകള്‍ക്കു വേണ്ടി മാത്രമുള്ള പാലമാകുമ്പോള്‍ വാഹനമിടിച്ച് അവയ്ക്ക് ജീവഹാനി സംഭവിക്കുന്നത് പരമാവധി കുറയ്ക്കാനാവുമെന്നാണ് അവര്‍ പറയുന്നത്. പുതിയ പാലത്തില്‍ വൌവ്വാലുകള്‍ക്ക് പറ്റിപ്പിടിച്ചുകിടക്കാന്‍ വേണ്ട സൌകര്യങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതിനൊപ്പം പാലത്തിനടുത്ത് കൂടുതല്‍ മരങ്ങളും ചെടികളും വച്ചുപിടിപ്പിച്ച് അവയ്ക്ക് സ്വസ്ഥമായി കഴിയാനുള്ള സൌകര്യങ്ങളും ഏര്‍പ്പെടുത്തുന്നുണ്ടത്രേ. ഈ പാലത്തിലൂടെ താത്പര്യമുള്ള കാല്‍നടക്കാര്‍ക്ക് വേണമെങ്കില്‍ സഞ്ചരിക്കാം എന്നൊരു സൌജന്യം അധികൃതര്‍ അനുവദിച്ചിട്ടുണ്ട്. പക്ഷേ, അങ്ങനെ വൌവ്വാലുകളുടെ സൌജന്യത്തില്‍ തങ്ങള്‍ക്ക് ഇതിലൂടെ കാല്‍നടയാത്രാ സൌകര്യം വേണ്ടെന്നാണ് ജനങ്ങള്‍ പറയുന്നത്.
ഒറ്റ പ്രശ്നമേയുള്ളൂ: ‘നിങ്ങള്‍ ഇനി ഈ പാലത്തിലൂടെ മാത്രം സഞ്ചരിച്ചോളൂ’ എന്ന് വൌവ്വാലുകളെ ഏതു ഭാഷയില്‍ പറഞ്ഞു മനസ്സിലാക്കും? വൌവ്വാലിന് പാലം പണിത അധികൃതര്‍ ഇതിനും ഉത്തരം കണ്ടുപിടിക്കുമായിരിക്കും!
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല