രണ്ടായിരം വര്‍ഷം പഴക്കം കണക്കാക്കപ്പെടുന്ന ചാവുകടല്‍ ചുരുളുകളില്‍ (ഡെഡ് സീ സ്ക്രോള്‍സ്)ഏതാനും ചില ഭാഗങ്ങള്‍ ഓണ്‍ലൈനില്‍. ഇസ്രായേലിലെ നാഷണല്‍ മ്യൂസിയവും ഇന്റര്‍നെറ്റ് ഭീമന് ഗൂഗിളും സംയുക്തമായി നടത്തുന്ന മൂന്ന് മില്യന്‍ ഡോളര്‍ ചെലവ് വരുന്ന പ്രൊജക്റ്റിന്റെ ഭാഗമായി തിങ്കളാഴ്ച അഞ്ച് രേഖകളാണ് ഓണ്‍ലൈനില്‍ ലഭ്യമാക്കിയത്. ഒരു ക്ലിക്കില്‍ ചാവുകടല്‍ ചുരുളിന്റെ ഓരോ ഭാഗങ്ങളും കാണുവാന്‍ അവസരമൊരുക്കുക എന്നതാണ് പ്രൊജക്ടിന്റെ ലക്ഷ്യം. 30,000 ഭാഗങ്ങളായി ലഭ്യമായിരിക്കുന്ന 900 കൈയെഴുത്തുരേഖകളാണ് ഇപ്രകാരം പ്രദര്‍ശിപ്പിക്കുക.
ബൈബിള്‍ പഴയനിയമത്തിന്റെ ഏറ്റവും പഴക്കമുള്ള രേഖകളാണ് ചാവുകടല്‍ ചുരുളുകളെന്ന പേരില്‍ അറിയപ്പെടുന്നത്. ഹീബ്രു ബൈബിളിലെ 972 സമാഹാരങ്ങളാണ് ചാവുകടല്‍ ചുരുളുകളിലുള്ളത്. 1947നും 1956നും മദ്ധ്യേ ചാവുകടലിന്റെ വടക്കു-പടിഞ്ഞാറ് തീരത്ത് വെസ്റ്റ് ബാങ്കില്‍ സ്ഥിതിചെയ്യുന്ന ഖുംറാന്‍ എന്ന പുരാവസ്തുഗവേഷണയോഗ്യമായ സ്ഥലത്തുനിന്ന് ലഭിച്ചതാണ് പഴക്കംചെന്ന 972 സമാഹാരങ്ങള്‍.
ഓരോ ചുരുളും ഡിജിറ്റല്‍ ഇമേജിംഗ് സാങ്കേതികവിദ്യ ഉപയോഗിച്ച് ഡിജിറ്റല്‍ രൂപത്തിലാക്കിയാണ് നെറ്റില്‍ ലഭ്യമാക്കിയിരിക്കുന്നത്. കാലപ്പഴക്കത്തില്‍ മാഞ്ഞുതുടങ്ങിയിരിക്കുന്ന പുരാലിഖിതങ്ങളുടെ സൂക്ഷ്മനിരീക്ഷണത്തിന് ഈ സാങ്കേതികവിദ്യ പ്രയോജനപ്പെടും. കാലപ്പഴക്കത്തില്‍ ചുരുളകളില്‍ പലതും കറുത്ത നിറമായിക്കഴിഞ്ഞു. എന്നാല്‍ ഇന്‍ഫ്രാറെഡ് ഇമേജിംഗിലൂടെ ഇതും വായിക്കാനാകും. ചുരുളുകളെക്കാള്‍ മെച്ചമായിരിക്കും ഇമേജുകള്‍. അതീവ സങ്കീര്‍ണ്ണമായ ഈ വിലപ്പെട്ട രേഖകളുടെ ചിത്രങ്ങള്‍ 1950 ല്‍ ഇന്‍ഫ്രാറെഡ് ക്യാമറ ഉപയോഗിച്ച് എടുത്തിരുന്നൂ, പിന്നീട് പ്രത്യേക താപനിലയില്‍ ചുരുളുകള്‍ സൂക്ഷിച്ചിരിക്കയാണ്.
ഓണ്‍ലൈനില്‍ ഉള്ള ചാവുകടല്‍ ചുരുളുകള്‍ കാണുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല