ചൈനയോട് നേരിട്ടുള്ള സെറ്റുകളില്‍ പരാജയപ്പെട്ട് ഇന്ത്യ ഏഷ്യന്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ സെമി കാണാതെ പുറത്തായി (സ്കോര്‍: 27-25, 25-20, 25-20). ആദ്യസെറ്റില്‍ പൊരുതിക്കളിച്ചെങ്കിലും പ്രധാന താരങ്ങളുടെ പരിക്കില്‍ പിന്നീട് മികവുകാട്ടാന്‍ ഇന്ത്യക്ക് സാധിച്ചില്ല.
സെമിയില്‍ ചൈന ഓസ്ട്രേലിയയെ നേരിടും. ഓസ്ട്രേലിയ ക്വാര്‍ട്ടറില്‍ പാകിസ്താനെ തോല്പിക്കുകയായിരുന്നു (25-16, 25-23, 22-25, 25-15). അഞ്ചാംസ്ഥാനത്തിനായുള്ള മത്സരത്തില്‍ ബുധനാഴ്ച ഇന്ത്യ പാകിസ്താനെ നേരിടും. ക്വാര്‍ട്ടര്‍ ലീഗില്‍ ഇരുടീമുകളും ഏറ്റുമുട്ടിയപ്പോള്‍ ഇന്ത്യക്കായിരുന്നു ജയം.
ടീമിലെ പ്രധാന താരങ്ങളുടെ പരിക്കാണ് ചൈനയ്ക്കെതിരായ മത്സരം നഷ്ടപ്പെടുത്തിയതെന്ന് ഇന്ത്യന്‍ കോച്ച് ജി. ശ്രീധരന് പറഞ്ഞു. നവീന്‍രാജ ജേക്കബ് അടക്കം പ്രധാന താരങ്ങള്‍ക്ക് പരിക്കായിരുന്നു. ക്യാപ്റ്റന്‍ ഗുരീന്ദര്‍ സിങ്ങിനും രണ്ടാമത്തെയും മൂന്നാമത്തെയും സെറ്റ് കളിക്കാനായില്ല.
റോബര്‍ട്ട്സ് നഥാന്റെ ഉജ്ജ്വല പ്രകടനമാണ് പാക് പടയ്ക്കെതിരെ ഓസ്ട്രേലിയയ്ക്ക് വിജയമൊരുക്കിയത്. നഥാന്‍ 22 പോയന്റ് നേടിയപ്പോള്‍ ഇഗോള്‍ യുദാന് 17 പോയന്റ് സ്വന്തമാക്കി. പാക് നിരയില്‍ 25 പോയന്റ് നേടിയ അഹമദ്നസീര് ഒറ്റയാള്‍ പോരാട്ടം നയിക്കുകയായിരുന്നു. മൂന്നാം സെറ്റ് പിടിച്ചെടുത്ത് ഓസീസിനെ വിറപ്പിക്കാന്‍ പാകിസ്താനായി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല