ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ നിലവിലെ റണ്ണറപ്പുകളായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ സ്വിറ്റ്‌സര്‍ലന്‍ഡ് ടീം എഫ്.സി.ബാസല്‍ സമനിലയില്‍ പിടിച്ചു. 17 മിനിറ്റിനുള്ളില്‍ രണ്ടുഗോളുകള്‍ക്ക് മുന്നിട്ടുനില്‍ക്കുകയും പിന്നീട് 3-2ന് പിന്നില്‍പ്പോവുകയും ചെയ്ത മാഞ്ച്‌സറ്ററിനെ 90-ാം മിനിറ്റില്‍ ആഷ്‌ലി യങ് ഹെഡ്ഡറിലൂടെ നേടിയ ഗോളാണ് തോല്‍വിയില്‍നിന്ന് രക്ഷിച്ചത്. എന്നാല്‍, ഇംഗ്ലീഷ് ടീം മാഞ്ചസ്റ്റര്‍ സിറ്റിക്ക് ചൊവ്വാഴ്ച രാത്രി നടന്ന ഗ്രൂപ്പ് മത്സരത്തില്‍ തോല്‍വി നേരിട്ടു. മ്യൂണിക്കില്‍ ബയറണ്‍ മ്യൂണിക്കാണ് മറുപടിയില്ലാത്ത രണ്ടുഗോളുകള്‍ക്ക് സിറ്റിയെ തോല്‍പിച്ചത്. മാഡ്രിഡില്‍ റയല്‍ മാഡ്രിഡ് ഏകപക്ഷീയമായ മൂന്നുഗോളുകള്‍ക്ക് ഡച്ച് ടീം അയാക്‌സിനെ പരാജയപ്പെടുത്തിയപ്പോള്‍, മുന്‍ചാമ്പ്യന്മാരായ ഇന്റര്‍മിലാന്‍ മോസ്‌കോയില്‍ സി.എസ്.കെ.എ മോസ്‌കോയെയും തോല്‍പിച്ചു.
ഓള്‍ഡ് ട്രാഫഡില്‍ ആദ്യപകുതിയില്‍ തുടരെ രണ്ടുഗോള്‍ നേടി ഡാനി വെല്‍ബെക്കാണ് മാഞ്ചസ്റ്ററിനെ മുന്നില്‍ക്കടത്തിയത്. 16, 17 മിനിറ്റുകളിലായിരുന്നു വെല്‍ബെക്കിന്റെ ഗോളുകള്‍. എന്നാല്‍, രണ്ടാം പകുതിയില്‍ സമാനമായ രീതിയില്‍ രണ്ടുഗോളുകള്‍ തുടരെ തിരിച്ചടിച്ച് ബാസല്‍ മാഞ്ചസ്റ്ററിനെ ഞെട്ടിച്ചു. ഫാബിയോ ഫ്രെയി 58-ാം മിനിറ്റിലും അലക്‌സാണ്ടര്‍ ഫ്രെയി 60-ാം മിനിറ്റിലും ഗോളുകള്‍ നേടി. 75-ാം മിനിറ്റില്‍ സ്‌ട്രെല്ലറെ അന്റോണിയോ വലന്‍സിയ ബോക്‌സില്‍ വീഴ്ത്തിയതിന് അനുവദിക്കപ്പെട്ട പെനാല്‍ട്ടിയിലൂടെ അലക്‌സാണ്ടര്‍ ഫ്രെയി ബാസലിനെ മുന്നിലെത്തിച്ചപ്പോള്‍ ട്രാഫഡ് സ്റ്റേഡിയം തരിച്ചിരുന്നു. എന്നാല്‍, തോല്‍വി ഉറപ്പിച്ച യുണൈറ്റഡ് അവസാന മിനിറ്റുകളില്‍ നടത്തിയ മുന്നേറ്റം സമനില ഗോള്‍ സമ്മാനിക്കുകയായിരുന്നു. നാനിയുടെ ക്രോസില്‍നിന്നാണ് യങ് സമനില ഗോള്‍ കണ്ടെത്തിയത്.
മാഡ്രിഡില്‍, അയാക്‌സിനെതിരെ 25-ാം മിനിറ്റില്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയിലൂടെ റയല്‍ മാഡ്രിഡ് മുന്നിലെത്തി. 41-ാം മിനിറ്റില്‍ കക്കായും 49-ാം മിനിറ്റില്‍ കാരിം ബെന്‍സിമയും റയലിന്റെ ലീഡുയര്‍ത്തി.
മ്യൂണിക്കില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്കെതിരെ ആദ്യപകുതിയില്‍ത്തന്നെ ബയറണ്‍ മ്യൂണിക് രണ്ടുഗോളിന്റെ ലീഡെടുത്തു. 38-ാം മിനിറ്റിലും 45-ാം മിനിറ്റിലും മരിയോ ഗോമസായിരുന്നു ഗോള്‍ നേടിയത്.
മോസ്‌കോയില്‍ നടന്ന മത്സരത്തില്‍ രണ്ടിനെതിരെ മൂന്നുഗോളുകള്‍ക്കായിരുന്നു സി.എസ്.കെ.എയ്‌ക്കെതിരെ ഇന്റര്‍മിലാന്റെ ജയം. ലൂസിയോ, പസീനി, സരാറ്റെ എന്നിവര്‍ ഇന്ററിനായി ലക്ഷ്യം കണ്ടപ്പോള്‍, റഷ്യന്‍ താരം സഗോയേവിന്റെയും വാഗ്‌നര്‍ ലവിന്റെയും ഗോളുകള്‍ മോസ്‌കോയുടെ പരാജയഭാരം കുറച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല