യു.എസ്-പാകിസ്താന്‍ ബന്ധം വഷളായിക്കൊണ്ടിരിക്കുന്നതിനിടയില്‍ പാകിസ്താന്‍െറ പരമാധികാരത്തിനും ഭൂപ്രദേശപരമായ അഖണ്ഡതക്കും പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച് ചൈന രംഗത്തുവന്നു. കഴിഞ്ഞദിവസം ഇസ്ലാമാബാദില്‍ പര്യടനത്തിനെത്തിയ ചൈനീസ് സുരക്ഷാമന്ത്രി മെങ് ജിയാങ്ഷു ആണ് പാകിസ്താന് പിന്തുണ പ്രഖ്യാപിച്ചത്.
പാക് പ്രധാനമന്ത്രി യൂസുഫ് റസാ ഗീലാനിയുമായി അദ്ദേഹം സംഭാഷണം നടത്തി. ചൈന പാകിസ്താന്‍െറ ഉറ്റ സുഹൃത്താണെന്ന് പ്രധാനമന്ത്രി ഗീലാനി വ്യക്തമാക്കി. ചൈനയുടെ ശത്രു പാകിസ്താന്‍െറ ശത്രുവാണെന്നും അദ്ദേഹം പറഞ്ഞു.
ഉഭയകക്ഷി സഹകരണത്തിലൂടെ ഇരുരാജ്യങ്ങള്‍ക്കും അഭിവൃദ്ധിയിലേക്കും വികസനത്തിലേക്കും കുതിക്കാന്‍ സാധിക്കുമെന്നും ഗീലാനി അഭിപ്രായപ്പെട്ടു. ആഭ്യന്തരമന്ത്രി റഹ്മാന്‍ മാലിക്, വിദേശകാര്യ സെക്രട്ടറി സല്‍മാന്‍ ബശീര്‍ എന്നിവരുമായും ചൈനീസ് മന്ത്രി സംഭാഷണം നടത്തി. തീവ്രവാദി വിഭാഗമായ ഹഖാനി ശൃംഖലക്ക് പാക് രഹസ്യാന്വേഷണ ഏജന്‍സിയായ ഐ.എസ്.ഐ സഹായ സഹകരണം നല്‍കുന്നുവെന്ന മുതിര്‍ന്ന യു.എസ് ഉദ്യോഗസ്ഥരുടെ ആരോപണം പാക്-യു.എസ് ബന്ധങ്ങളില്‍ കനത്ത വിള്ളല്‍ വീഴ്ത്തിയിരുന്നു.
പ്രശ്നത്തില്‍ ചൈന സ്വന്തം സ്വാധീനം ഉപയോഗിച്ച് പാകിസ്താനെ ഉപദേശിക്കണമെന്ന് ചൊവ്വാഴ്ച യു.എസ് വിദേശകാര്യസെക്രട്ടറി ഹിലരി ക്ളിന്‍റന്‍ ചൈനീസ് ഭരണകൂടത്തോട് ആവശ്യപ്പെട്ടു. യു.എന്‍ പൊതുസഭാ ഉച്ചകോടിയില്‍ പങ്കെടുക്കാനെത്തിയ ചൈനീസ് വിദേശകാര്യ മന്ത്രി യാങ് ജീവിയുമായി നടത്തിയ സംഭാഷണത്തിനിടയിലാണ് ഹിലരി ആവശ്യം ഉന്നയിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല