1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 18, 2020

സ്വന്തം ലേഖകൻ: ക്രിസ്മസ് ആഘോഷങ്ങളിൽ മിതത്വം പാലിച്ചില്ലെങ്കിൽ ബ്രിട്ടൻ മൂന്നാം ലോക്ക്ഡൌണിലേക്ക് പോകുമെന്ന് ആരോഗ്യ വിദഗ്ദരുടെ മുന്നറിയിപ്പ്. ക്രിസ്മസ് ആഘോഷങ്ങൾക്കായി നിയന്ത്രണങ്ങൾ ലഘൂകരിക്കുന്നത് കൊവിഡ് കേസുകളുടെ അനിയന്ത്രിതമായ സുനാമിക്ക് കാരണമാകുമെന്നും റോയൽ കോളേജ് ഓഫ് നഴ്‌സിംഗിന്റെ ചീഫ് എക്‌സിക്യൂട്ടീവും ജനറൽ സെക്രട്ടറിയുമായ ഡാം ഡോന്ന കിന്നെയർ വ്യക്തമാക്കി.

ക്രിസ്മസിന് വരെ ഒരാഴ്ച കൂടി ബാക്കി നിൽക്കെ മന്ത്രിമാർ പൊതുജനങ്ങൾക്ക് കൂടുതൽ വിശദമായ നിർദേശങ്ങൾ നൽകണമെന്നും അവർ ആവശ്യപ്പെട്ടു. ദുഷ്‌കരമായ ഒരു വർഷത്തിനുശേഷം, ഒരുമിച്ച് ജീവിക്കാനും പ്രിയപ്പെട്ടവരെ കാണാനും ആഗ്രഹിക്കുന്നത് സ്വഭാവികമാണ്. അകലെ താമസിക്കുന്നവരോ ഒറ്റപ്പെട്ടവരോ ആണെങ്കിൽ പ്രത്യേകിച്ചും.

എന്നാൽ ക്രിസ്മസുമായി ബന്ധപ്പെട്ട യാത്രകളും കുടുംബ സന്ദർശനങ്ങളും നിസ്സംശയമായും കൂടുതൽ കേസുകളിലേക്കും എൻഎച്ച്എസും പരിചരണ സേവനങ്ങളും കൂടുതൽ സമ്മർദ്ദത്തിലേക്കും കൂപ്പുകുത്തും. സർക്കാരിന്റെ ഭാഗത്ത് നിന്ന് ശരിയായ മാർഗ്ഗ നിർദ്ദേശങ്ങളില്ലെങ്കിൽ വീണ്ടുമൊരു ലോക്ക്ഡൗണിലേക്കാവും ബ്രിട്ടൻ ചെന്നെത്തുകയെന്നും അവർ കൂട്ടിച്ചേർത്തു.

ലണ്ടനിലും രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലും കേസുകൾ കുതിച്ചുയരുന്നതിനാൽ ജനസംഖ്യയുടെ മൂന്നിൽ രണ്ട് ഭാഗവും ശനിയാഴ്ച മുതൽ ടിയർ 3 നിയന്ത്രണങ്ങൾക്ക് കീഴിലാകും. ബെഡ്ഫോർഡ്ഷയർ, ബക്കിംഗ്ഹാംഷെയർ, ബെർക്‌ഷയർ, പീറ്റർബറോ, ഹെർട്ട്‌ഫോർഡ്ഷയർ, സർറെ (വേവർലി ഒഴികെ), ഹേസ്റ്റിംഗ്സ്, റോതർ (ഈസ്റ്റ് സസെക്സിന്റെ കെന്റ് അതിർത്തിയിൽ), പോർട്ട്സ്മൗത്ത്, ഗോസ്പോർട്ട്, ഹാംഷൈറിലെ ഹവന്ത് എന്നീ പ്രദേശങ്ങൾ ടിയർ 3 ലേക്ക് നീങ്ങുമെന്ന് ആരോഗ്യമന്ത്രി മാറ്റ് ഹാൻകോക് ഇന്നലെ അറിയിച്ചിരുന്നു.

അതേസമയം ബ്രിസ്റ്റലും നോർത്ത് സോമർ‌സെറ്റും ടയർ 3 ൽ നിന്ന് ടയർ 2 ലേക്ക് നീങ്ങും. കൂടാതെ ഹെർ‌ഫോഡ്ഷെയർ ടയർ 1 ലേക്കും.

അതിനിടെ തൊഴിൽ നഷ്ടം ഉണ്ടാകാതിരിക്കാൻ സർക്കാർ പ്രഖ്യാപിച്ച ഫർലോഗ് സ്‌കീം അടുത്ത വർഷം ഏപ്രിൽ മാസം വരെ നീട്ടിയതായി ചാൻസലർ റിഷി സുനക് പ്രഖ്യാപിച്ചു. നേരത്തെ മാർച്ച് മാസം വരെയായിരുന്നു പദ്ധതി പ്രഖ്യാപിച്ചിരുന്നത്. 2021 ഏപ്രിൽ അവസാനം വരെ തൊഴിലാളികൾക്ക് 80 ശതമാനം വേതനം നൽകുന്നത് തുടരുമെന്ന് സർക്കാർ വാഗ്ദാനം ചെയ്തിട്ടുണ്ട്. ഈ പദ്ധതി ആദ്യം മാർച്ച് അവസാനത്തോടെ അവസാനിക്കാനിരുന്നെങ്കിലും കൊറോണ വൈറസിന്റെ ആഘാതം അടുത്ത വർഷവും തുടരുമെന്നതിനാലാണ് ട്രഷറി പുനർ വിചിന്തിനം നടത്തിയതെന്ന് ചാൻസലർ പറഞ്ഞു.

ബിസിനസുകൾക്കും തൊഴിലാളികൾക്കുമായുള്ള പിന്തുണാ പാക്കേജ് ലോകത്തിലെ ഏറ്റവും ഉദാരവും ഫലപ്രദവുമായ ഒന്നായി തുടരുകയാണെന്നും സമ്പദ്‌വ്യവസ്ഥയെ വീണ്ടെടുക്കാനും രാജ്യത്തുടനീളമുള്ള ഉപജീവനമാർഗങ്ങൾ സംരക്ഷിക്കാനും പദ്ധതി സഹായിക്കുന്നുവെന്നും ചാൻസലർ കൂട്ടിച്ചേർത്തു.

സർക്കാർ ഉറപ്പ് നൽകിയ കൊവിഡ് -19 ബിസിനസ് ലോൺ സ്കീമുകൾക്കായി അപേക്ഷിക്കാൻ മാർച്ച് അവസാനം വരെ ബിസിനസുകൾക്ക് അവസരം ഉണ്ടായിരിക്കുമെന്നും ട്രഷറി സ്ഥിരീകരിച്ചു. ഇവ ജനുവരി അവസാനം വരെയായിരുന്നു നേരത്തെ പ്രഖ്യാപിച്ചിരുന്നത്.

ഓക്‌സ്ഫഡിന്റെ കൊവിഡ് വാക്‌സിന്‍ രണ്ടു ഡോസ് എടുത്തവര്‍ക്ക് മികച്ച രോഗപ്രതിരോധ ശേഷിയുണ്ടെന്ന് കണ്ടെത്തിയതായി സര്‍വകലാശാല. ഒരു ഡോസ് പൂർണ്ണമായി നല്‍കുമ്പോള്‍ ലഭിക്കുന്നതിനേക്കാള്‍ ഫലപ്രാപ്തി രണ്ട് ഡോസ് വാക്‌സിന്‍ നല്‍കുമ്പോള്‍ ലഭിക്കുന്നുവെന്നാണ് കാണിക്കുന്നത്. ഓക്‌സ്ഫഡ്-അസ്ട്രസെനക്ക കൊവിഡ് വാക്‌സിന്റെ ഇടക്കാല അവസാനഘട്ട പരീക്ഷണ ഫലങ്ങള്‍ വ്യാഴാഴ്ചയാണ് പ്രസിദ്ധീകരിച്ചത്.

ആദ്യ ഘട്ടത്തില്‍ രണ്ടുഡോസ് വാക്‌സിന്‍ പരീക്ഷച്ചതായും സര്‍വകലാശാല വ്യക്തമാക്കി. ‘ഒരു ഡോസ് എടുക്കുമ്പോള്‍ ലഭിക്കുന്നതിനേക്കാള്‍ പ്രതിരോധ ശേഷിയാണ് ബൂസ്റ്റര്‍ ഡോസ് എടുക്കുമ്പോള്‍ ലഭിക്കുന്നത്’ഓക്‌സ്ഫഡിന്റെ പ്രസ്താവനയില്‍ പറയുന്നു. വാക്‌സിന്‍ രോഗപ്രതിരോധ ശേഷിയെ സഹായിക്കുന്ന ടി സെല്‍ പ്രവര്‍ത്തനങ്ങളെ ഉത്തേജിപ്പിക്കുന്നുവെന്നും ഇവർ അവകാശപ്പെടുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.