സ്വന്തം ലേഖകൻ: മൂല്യവർധിത നികുതിയിൽ (വാറ്റ്) ഉടൻ മാറ്റംവരുത്താൻ പദ്ധതിയില്ലെന്ന് സൌദി ധനമന്ത്രി മുഹമ്മദ് അൽജദ്ആൻ. തൽക്കാലം അത്തരത്തിൽ ഒരു പദ്ധതിയുമില്ല. സാമ്പത്തികമായി സാഹചര്യങ്ങൾ അനുയോജ്യമാകുമ്പോൾ സർക്കാറിെൻറ ഏതു തീരുമാനവും പുനഃപരിശോധിക്കും. റിയാദിൽ ബജറ്റ് അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
കോവിഡ് മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധി മറികടക്കാനാണ് സൌദിയിൽ വാറ്റ് അഞ്ചിൽ നിന്നും 15 ശതമാനമാക്കി ഉയർത്തിയത്. ഇത് അടുത്ത സാമ്പത്തിക വർഷത്തിലെ ആറു മാസത്തേക്ക് പുനഃപരിശോധിക്കാൻ പദ്ധതിയില്ലെന്ന് മന്ത്രി നേരേത്തതന്നെ വ്യക്തമാക്കിയിരുന്നു. അതിന് ശേഷമുണ്ടാകുമോ എന്ന ചോദ്യത്തോടായിരുന്നു മാറ്റം വരുത്താൻ പദ്ധതികളില്ലെന്ന് മന്ത്രിയുടെ പ്രതികരണം. മറ്റേതൊരു രാജ്യത്തെയും പോലെ സൌദി അറേബ്യയും നയങ്ങൾ നിരന്തരം പുനഃപരിശോധിക്കുന്നുണ്ട്.
സാമ്പത്തിക സാഹചര്യങ്ങൾ അനുയോജ്യമാകുമ്പോൾ ആലോചിക്കും. സർക്കാർ എടുക്കുന്ന ഏതു തീരുമാനവും പുനഃപരിശോധനക്ക് വിധേയമാണ്. കോവിഡ് പ്രതിസന്ധിയിൽ നികുതി ഉയർത്തിയിരുന്നില്ലെങ്കിൽ സർക്കാർ ജീവനക്കാരുടെ വേതനവും അലവൻസുകളും കൊടുക്കാൻ കഴിയില്ലായിരുന്നു. മൂല്യവർധിത നികുതി ഉയർത്തിയശേഷവും സർക്കാർ ചില തീരുമാനങ്ങൾ കൈക്കൊണ്ടു. സ്വകാര്യ മേഖലക്ക് ഉത്തേജക പാക്കേജുകൾ നൽകിയിരുന്നതായും മന്ത്രി ചൂണ്ടിക്കാട്ടി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല