1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 29, 2011

മ്യൂണിക്കില്‍ ജര്‍മന്‍ ടീം ബയറണ്‍ മ്യൂണിക്കിനോട് കളിക്കാനിറങ്ങിയ മാഞ്ചസ്റ്റര്‍ സിറ്റിയെ എതിരാളികള്‍ മാത്രമല്ല തോല്പിച്ചത്. ഇടവേളയ്ക്കുശേഷം പകരക്കാരനായി ഇറങ്ങാനുള്ള കോച്ചിന്റെ നിര്‍ദേശം അനുസരിക്കാതെ ടീമിന്റെ മുന്‍നായകന്‍ കാര്‍ലോസ് ടെവസും സിറ്റിയെ തോല്പിച്ചു. റീ ബൗണ്ട് സ്‌കോറിങ് സ്‌പെഷലിസ്റ്റ് മരിയോ ഗോമസ് നേടിയ ഇരട്ട ഗോളുകള്‍ക്കാണ് ബയറണ്‍ സിറ്റിയെ കീഴടക്കിയത്. ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളിലെ രണ്ടാം റൗണ്ട് ഗ്രൂപ്പ് മത്സരങ്ങളില്‍, ഇംഗ്ലീഷ് ടീമുകളായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനും സന്തോഷിക്കാന്‍ വകയില്ല. സ്വന്തം തട്ടകമായ ഓള്‍ഡ് ട്രാഫഡില്‍, 17 മിനിറ്റിനുള്ളില്‍ രണ്ടുഗോളുകള്‍ക്ക് മുന്നിട്ടുനിന്ന മത്സരത്തില്‍ അവര്‍ക്ക് 3-3 സമനില നേരിട്ടു. ഡച്ച് ടീം അയാക്‌സ് ആംസ്റ്റര്‍ഡാമിനെ മറുപടിയില്ലാത്ത മൂന്നുഗോളുകള്‍ക്ക് തോല്പിച്ച് റയല്‍ മാഡ്രിഡ് വിജയമാഘോഷിച്ചപ്പോള്‍, മുന്‍ജേതാക്കളായ ഇന്റര്‍മിലാന്‍ മോസ്‌കോയില്‍ റഷ്യന്‍ ടീം സി.എസ്.കെ.എ. മോസ്‌കോയെയും പരാജയപ്പെടുത്തി.

മ്യൂണിക്കില്‍ നടന്ന ഗ്രൂപ്പ് എ മത്സരത്തില്‍ 38-ാം മിനിറ്റിലും 45-ാം മിനിറ്റിലുമായിരുന്നു ഗോമസിന്റെ ഗോളുകള്‍. ഗ്രൂപ്പ് എ മത്സരത്തില്‍, സിറ്റി ഗോള്‍കീപ്പര്‍ ജോ ഹാര്‍ട്ടിന്റെ കൈയിലൊതുങ്ങാതെ തട്ടിത്തെറിച്ച പന്തുകളാണ് ഗോമസ് വലയിലേക്ക് തട്ടിയിട്ടത്. റീബൗണ്ടുകള്‍ ഗോളാക്കുന്നതില്‍ അതിസമര്‍ഥനായ ഗോമസിന്റെ പേരിലാണ് ഗോളുകള്‍ കുറിച്ചതെങ്കിലും മിഡ്ഫീല്‍ഡര്‍മാരായ ഫ്രാങ്ക് റിബറിയും ബാസ്റ്റിന്‍ ഷ്വെയ്ന്‍ സ്റ്റീഗറുമായിരുന്നു ബയറണിന്റെ വിജയത്തിന് ചുക്കാന്‍ പിടിച്ചത്. ഗ്രൂപ്പിലെ രണ്ടാം മത്സരത്തില്‍ നാപ്പോളി മറുപടിയില്ലാത്ത രണ്ടുഗോളുകള്‍ക്ക് സ്പാനിഷ് ടീം വിയ്യാറയലിനെ തോല്പിച്ചു. എഡിന്‍സണ്‍ കവാനിയും മരേക് ഹാംസിച്ചുമാണ് ഗോളുകള്‍ നേടിയത്. രണ്ടു മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ ആറുപോയന്റുമായി ബയറണ്‍ മുന്നിട്ടുനില്‍ക്കുന്നു. നാപ്പോളിക്ക് നാല് പോയന്റുണ്ട്.

ഗ്രൂപ്പ് സിയില്‍ തുടരെ രണ്ടാം സമനിലയാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വഴങ്ങിയത്. ഡാനി വെല്‍ബെക്ക് 16, 17 മിനിറ്റുകളില്‍ നേടിയ ഗോളുകള്‍ക്ക് മുന്നിട്ടുനില്‍ക്കുകയും പിന്നീട് 3-2ന് പിന്നില്‍പ്പോവുകയും ചെയ്ത മാഞ്ച്സ്റ്ററിനെ 90-ാം മിനിറ്റില്‍ ആഷ്‌ലി യങ് ഹെഡ്ഡറിലൂടെ നേടിയ ഗോളാണ് തോല്‍വിയില്‍നിന്ന് രക്ഷിച്ചത്. രണ്ടാം പകുതിയില്‍ തുടരെ രണ്ടു ഗോളുകള്‍ തിരിച്ചടിച്ച് ബാസല്‍ മാഞ്ചസ്റ്ററിനെ ഞെട്ടിച്ചു. ഫാബിയോ ഫ്രെയി 58-ാം മിനിറ്റിലും അലക്‌സാണ്ടര്‍ ഫ്രെയി 60-ാം മിനിറ്റിലും ഗോളുകള്‍ നേടി. 75-ാം മിനിറ്റില്‍ സ്‌ട്രെല്ലറെ അന്റോണിയോ വലന്‍സിയ ബോക്‌സില്‍ വീഴ്ത്തിയതിന് അനുവദിക്കപ്പെട്ട പെനാല്‍ട്ടിയിലൂടെ അലക്‌സാണ്ടര്‍ ഫ്രെയി ബാസലിനെ മുന്നിലെത്തിച്ചതോടെ അവിശ്വസനീയമായ രീതിയിലേക്ക് കളി മാറി. തോല്‍വി ഉറപ്പിച്ച യുണൈറ്റഡ് അവസാന മിനിറ്റുകളില്‍ രണ്ടും കല്പിച്ച് നടത്തിയ ആക്രമണമാണ് സമനില ഗോള്‍ സമ്മാനിച്ചത്. നാനിയുടെ ക്രോസില്‍നിന്നാണ് യങ് സമനില ഗോള്‍ കണ്ടെത്തിയത്. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ ഒട്ടേലുല്‍ ഗലാറ്റിയെ 1-0ന് പോര്‍ച്ചുഗല്‍ ടീം ബെന്‍ഫിക്ക പരാജയപ്പെടുത്തി. ബ്രൂണോ സെസാറാണ് വിജയഗോളിന് ഉടമ. ഇതോടെ, രണ്ടുമത്സരങ്ങളില്‍ നിന്ന് നാല് പോയന്റുമായി ബാസലാണ് ഗ്രൂപ്പില്‍ മുന്നില്‍. ബെന്‍ഫിക്കയ്ക്കും നാലുപോയന്റുണ്ട്.

മാഡ്രിഡില്‍ സാന്റിയാഗോ ബെര്‍ണാബുവില്‍ നടന്ന ഗ്രൂപ്പ് ഡി മത്സരത്തില്‍ അയാക്‌സിനെതിരെ 25-ാം മിനിറ്റില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയിലൂടെ റയല്‍ മാഡ്രിഡ് മുന്നിലെത്തി. 41-ാം മിനിറ്റില്‍ കക്കായും 49-ാം മിനിറ്റില്‍ കരീം ബെന്‍സമയും റയലിന്റെ ലീഡുയര്‍ത്തി. റയലിന്റെ തുടര്‍ച്ചയായ രണ്ടാം ജയമാണിത്. ലിയോണില്‍ ഡൈനാമോ സഗ്രേബിനെ മറുപടിയില്ലാത്ത രണ്ടുഗോളുകള്‍ക്ക് തോല്പിച്ച് ലിയോണ്‍ സീസണിലെ ആദ്യ ജയം നേടി. ബാഫിറ്റെംബി ഗോമിസും ബാക്കരി കോനെയുമാണ് ജേതാക്കളുടെ ഗോളുകള്‍ നേടിയത്. മോസ്‌കോയില്‍ നടന്ന ഗ്രൂപ്പ് ബി മത്സരത്തില്‍ രണ്ടിനെതിരെ മൂന്നുഗോളുകള്‍ക്കായിരുന്നു സി. എസ്. കെ. എയ്‌ക്കെതിരെ ഇന്റര്‍മിലാന്റെ ജയം. ആറാം മിനിറ്റില്‍ ലൂസിയോയും 23-ാം മിനിറ്റില്‍ പസീനിനിയും ഇന്ററിനെ മുന്നിലെത്തിച്ചു. എന്നാല്‍ റഷ്യന്‍ താരം സഗയേവ് 45-ാം മിനിറ്റില്‍ മോസ്‌കോ ടീമിനായി ഒരു ഗോള്‍ മടക്കി. 77-ാം മിനിറ്റില്‍ ബ്രസീലുകാരന്‍ വാഗ്‌നര്‍ ലവും ഗോള്‍ നേടിയതോടെ സ്‌കോര്‍ 2-2 ആയി. എന്നാല്‍ തൊട്ടടുത്ത മിനിറ്റില്‍ മൗറോ സരാറ്റെ ഇന്ററിന്റെ വിജയ ഗോള്‍ നേടി. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ ഫ്രഞ്ച് ടീം ലീലും തുര്‍ക്കി ടീം ട്രബ്‌സോന്‍സ്പറും ഓരോ ഗോള്‍ വീതമടിച്ച് സമനിലയില്‍ പിരിഞ്ഞു. നാല് പോയന്റുമായി ട്രബ്‌സോന്‍സ്പറാണ് ഗ്രൂപ്പില്‍ മുന്നില്‍. ഇന്ററിന് മൂന്നുപോയന്റുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.