കാര്യങ്ങള്‍ മാറുകയാണെന്ന് എല്ലാവര്‍ക്കുമറിയാം. വേദനയില്ലാത്ത ഇഞ്ചക്ഷനും വായിലിട്ടാല്‍ ഉടന്‍ അലിഞ്ഞുതീരുന്ന മരുന്നുമെല്ലാം പുറത്തുവന്നിട്ട് കാലംകുറച്ചായി. എന്നാല്‍ ഇനിമുതല്‍ ഇഞ്ചക്ഷന് എടുക്കുന്നതിനുപകരം ആ മരുന്ന് ഒട്ടിച്ചുവെയ്ക്കാമെന്നാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. സൂചി കുത്തിയിറക്കുന്ന വേദന ഭയന്ന് കുത്തിവയ്പ് വേണ്ടെന്ന് പറയുന്ന രോഗികള്‍ക്ക് ഇനി ധൈര്യമായി ആശുപത്രിയിലെത്താമെന്നാണ് ഓസ്ട്രേലിയന്‍ ഗവേഷകര്‍ പറയുന്നത്.
ശരീരത്തില്‍ ആഴ്ന്നിറങ്ങുന്ന സൂചിയില്ലാതെ മരുന്നു കുത്തിവയ്ക്കാവുന്ന ഉപകരണമാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. ഇതിന്റെ വലിയ ഗുണം സ്വന്തമായി പ്രവര്‍ത്തിപ്പിക്കാമെന്നതാണ്. ഒട്ടിച്ചുവെയ്ക്കാവുന്ന മരുന്ന് എവിടെ വേണമെങ്കിലും ആര്്ക്കുവേണമെങ്കിലും ചെയ്യാവുന്നതാണ്. ചെലവു കുറവാണ് എന്നതാണ് ഇതിന്റെ മറ്റൊരു ഗുണം.
ക്യൂന്സ്ലാന്ഡ് സര്‍വകലാശാലയിലെ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ ബയോഎന്‍ജിനിയറിങ് ആന്‍ഡ് നാനോടെക്നോളജിയിലെ പ്രൊഫ. മാര്‍ക്ക് കെന്‍ഡലിന്റെ നേതൃത്വത്തിലുള്ള 20 അംഗ സംഘമാണ് മരുന്നു നിറയ്ക്കാവുന്ന ‘നാനോപാച്ച്’ എന്ന ഉപകരണം വികസിപ്പിച്ചത്. സ്റ്റാമ്പിന്റെ വലിപ്പം മാത്രമുള്ള ഈ നാനോ ഒട്ടിപ്പ് ഇഞ്ചക്ഷന് മരുന്ന് താമസിയാതെ തന്നെ മാര്‍ക്കറ്റില്‍ ഇറങ്ങുമെന്നാണ് കരുതപ്പെടുന്നത്. മരുന്ന് രോഗിയുടെ ത്വക്കില്‍ ഒട്ടിച്ചുവയ്ക്കാം. സിറിഞ്ചും സൂചിയും ഉപയോഗിച്ച് മരുന്ന് കുത്തിവയ്ക്കുന്നതിനേക്കാള്‍ നന്നായി രോഗിയുടെ ശരീരത്തില്‍ മരുന്ന് പ്രവര്‍ത്തിപ്പിക്കാമെന്ന് പ്രൊഫ. കെന്‍ഡല്‍ പറയുന്നു.
ചില മരുന്നുകള്‍ തണുത്ത കാലാവസ്ഥയില്‍ സൂക്ഷിക്കണമെന്ന് കര്‍ശനനിര്‍ദ്ദേശം നല്‍കാറുണ്ട്. എന്നാല്‍ ഈ മരുന്നുകള്‍ ശീതീകരണസംവിധാനമില്ലാതെ എവിടേക്കും കൊണ്ടുപോകാം. ഇതിലെ മരുന്ന് കേടാകാതെ സൂക്ഷിക്കാവുന്ന ആവരണം നാനോപാച്ചിലുണ്ട്. ഈ നേട്ടത്തിനു ബഹുമതിയായി ഓസ്ട്രേലിയയിലെ ‘യുറേക്ക’ അവാര്‍ഡ് കെന്‍ഡലിനും സഹപ്രവര്‍ത്തകര്‍ക്കും ലഭിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല