അനധികൃതമായി ജോലി ചെയ്തുവന്ന 23 ഇന്ത്യക്കാരുള്‍പ്പെടെ 25 വിദേശികളെ ഇമിഗ്രേഷന്‍ വകുപ്പുദ്യോഗസ്ഥര്‍ പിടികൂടി. പടിഞ്ഞാറന്‍ ലണ്ടനിലെ സൌത്ത് ഹാളിലുള്ള ക്വാളിറ്റി ഫുഡ്സ് സൂപ്പര്‍മാര്‍ക്കറ്റില്‍ ജോലിചെയ്തുവന്നവരാണ് അറസ്റ്റിലായത്. മൂന്നു സ്ത്രീകളുള്‍പ്പെടെ 19-നും 54-നും ഇടയില്‍ പ്രായമുള്ളവരാണ് അറസ്റിലായത്. ഒരു പാക്കിസ്ഥാനിയും ഘാനപൌരനും അറസ്റിലായവരില്‍ ഉള്‍പ്പെടുന്നു.
അറസ്റിലായവരില്‍ 15 പേര്‍ കുടിയേറ്റ നിയമവ്യവസ്ഥകള്‍ ലംഘിച്ചാണു ബ്രിട്ടനില്‍ കഴിഞ്ഞുവന്നത്. ആറുപേരാകട്ടെ അനധികൃതമായാണു ബ്രിട്ടനിലെത്തിയത്. മൂന്നുപേരുടെ വീസ കാലാവധി കഴിഞ്ഞതായിരുന്നു. അറസ്റിലായ എല്ലാവരേയും അടുത്തദിവസംതന്നെ നാടുകടത്തുമെന്ന് അധികൃതര്‍ അറിയിച്ചു.
സൂപ്പര്‍മാര്‍ക്കറ്റിന്റെ ഉടമയ്ക്കെതിരേ പോലീസ് കേസെടുത്തിട്ടുണ്ട്. നിയമലംഘനത്തിന്റെ പേരില്‍ ഇയാള്‍ ഓരോ അനധികൃത ജോലിക്കാരന്റെ പേരിലും 10,000 പൌണ്ട് വീതം പിഴയടക്കേണ്ടിവരും. വരും ദിവസങ്ങളില്‍ കൂടുതല്‍ റെയ്ഡുകള്‍ നടത്തുമെന്നും അനധികൃതമായി രാജ്യത്തു ജോലിചെയ്യുന്ന വിദേശികള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്നും ഇമിഗ്രേഷന്‍ വകുപ്പുദ്യോഗസ്ഥ ജെന്നിഫര്‍ മോണി അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല