സ്വന്തം ലേഖകൻ: സിസ്റ്റര്‍ അഭയ കൊലക്കേസില്‍ പ്രതികളായ ഫാ. തോമസ് എം. കോട്ടൂര്‍, സിസ്റ്റര്‍ സെഫി എന്നിവര്‍ കുറ്റക്കാരാണെന്ന് സി.ബി.ഐ. പ്രത്യേക കോടതി. ഏറെ കോളിളക്കം സൃഷ്ടിച്ച കേസില്‍ 28 വര്‍ഷത്തിന് ശേഷമാണ് വിധി പ്രസ്താവിച്ചത്. കേസില്‍ കൊലക്കുറ്റം തെളിഞ്ഞതായി സി.ബി.ഐ. കോടതി കണ്ടെത്തി. കേസിലെ ശിക്ഷാവിധി ഡിസംബര്‍ 23 ബുധനാഴ്ച പ്രസ്താവിക്കും
സിസ്റ്റര്‍ അഭയ കൊലക്കേസില്‍ ഒരു വര്‍ഷത്തിലേറെ നീണ്ട വിചാരണ ഡിസംബര്‍ 10-നാണ് പൂര്‍ത്തിയായത്. പ്രത്യേക സി.ബി.ഐ. കോടതി ജഡ്ജി കെ. സനില്‍കുമാറാണ് വിധി പറയുന്നത്. സി.ബി.ഐക്കുവേണ്ടി പബ്‌ളിക് പ്രോസിക്യൂട്ടര്‍ എം. നവാസ് ഹാജരായി.
1992 മാര്‍ച്ച് 27-നാണ് സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ടത്. ആദ്യം കോട്ടയം വെസ്റ്റ് പോലീസും പിന്നീട് ക്രൈം ബ്രാഞ്ചും അന്വേഷിച്ചെങ്കിലും സിസ്റ്റര്‍ അഭയയുടേത് ആത്മഹത്യയാണെന്ന നിഗമനത്തിലാണ് എത്തിയത്.
സഭ പ്രതികളെ സംരക്ഷിക്കുന്നുവെന്ന ആക്ഷേപമുണ്ടായപ്പോള്‍ സന്ന്യാസിനി സമൂഹത്തിന്റെ അന്തസ്സ് ഉയര്‍ത്തിപ്പിടിക്കാന്‍ അന്നത്തെ മദര്‍ സുപ്പീരിയര്‍ ബെനിക്യാസ്യ സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ട് സര്‍ക്കാരിനു കത്തു നല്‍കി. തുടര്‍ന്ന് സി.ബി.ഐ. കേസ് ഏറ്റെടുത്തു. 1996 വരെ ക്രൈം ബ്രാഞ്ച് അന്വേഷണം ശരിവെക്കുന്ന നിലപാടാണ് സി.ബി.ഐ. എസ്.പി. ത്യാഗരാജനും അന്വേഷണ ഉദ്യോഗസ്ഥരും സ്വീകരിച്ചത്. ഹൈക്കോടതി നിര്‍ദേശപ്രകാരം കേസ് വീണ്ടും സി.ബി.ഐ. അന്വേഷിച്ചു.
2008 നവംബര്‍ 18-ന് സി.ബി.ഐ. എ.എസ്.പി. നന്ദകുമാര്‍ നായര്‍ പ്രതികളായ ഫാ. തോമസ് എം. കോട്ടൂര്‍, ഫാ. ജോസ് പൂതൃക്കയില്‍, സിസ്റ്റര്‍ സെഫി എന്നിവരെ അറസ്റ്റുചെയ്തു. പ്രതികളെ ഡിജിറ്റല്‍ ഫിംഗര്‍ പ്രിന്റ്, പോളിഗ്രാഫ്, നാര്‍ക്കോ അനാലിസിസ് പരിശോധനകള്‍ക്കു വിധേയമാക്കി. മൂവരെയും പ്രതികളാക്കി കുറ്റപത്രം നല്‍കി.
കുറ്റവിമുക്തരാക്കണം എന്നാവശ്യപ്പെട്ട് മൂവരും വിചാരണക്കോടതിയില്‍ ഹര്‍ജി നല്‍കി. ആവശ്യമായ തെളിവുകളില്ലെന്ന കാരണത്താല്‍ രണ്ടാം പ്രതി ഫാ. ജോസ് പൂതൃക്കയിലിനെ വിചാരണക്കോടതി വെറുതെ വിട്ടു. മറ്റു രണ്ടുപേര്‍ വിചാരണ നേരിടാന്‍ കോടതി നിര്‍ദേശിച്ചു. വിചാരണക്കോടതി ഉത്തരവ് സുപ്രീം കോടതിവരെ ശരിവെച്ചു. പ്രതികള്‍ വിചാരണ നേരിട്ടു.
ലൈംഗികതയും കൊലപാതകവുമാണ് കേസിന്റെ ആകെത്തുകയെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ നന്ദകുമാര്‍ നായര്‍ കോടതിയില്‍ മൊഴി നല്‍കി. കൈക്കോടാലിയുടെ പിടി കൊണ്ടുള്ള അടിയേറ്റ് അബോധാവസ്ഥയിലായ സിസ്റ്റര്‍ അഭയയെ പ്രതികള്‍ കിണറ്റില്‍ എടുത്തിട്ടെന്നും അഭയ വെള്ളം കുടിച്ച് മുങ്ങിമരിച്ചെന്നുമാണ് സി.ബി.ഐ. നിഗമനം. അഭയയുടെ കുടുംബത്തിന് ആത്മഹത്യാ പ്രവണതയുണ്ടെന്നും ആത്മഹത്യ ചെയ്യാന്‍ കിണറ്റില്‍ച്ചാടിയ അഭയയുടെ തല കിണറ്റിലെ പമ്പില്‍ ഇടിച്ചാണ് മരണകാരണമായ മുറിവുണ്ടായതെന്നുമായിരുന്നു പ്രതിഭാഗം വാദം.
49 സാക്ഷികളെ വീസ്തരിച്ചു. പത്തോളം പേര്‍ വിചാരണയ്ക്കിടെ മൊഴി മാറ്റി. മജിസ്ട്രേറ്റിനു മുന്നില്‍ രഹസ്യമൊഴി നല്‍കിയശേഷം പിന്‍മാറിയ സഞ്ജു പി. മാത്യുവിനെതിരേ സി.ബി.ഐ. നിയമനടപടി ആരംഭിച്ചിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല