കഴിഞ്ഞ വര്‍ഷം ലോകത്ത് ആയുധക്കച്ചവടം മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 40 ശതമാനം കുറഞ്ഞു. ആയുധ വില്പനയില്‍ അമേരിക്ക ഒന്നാം സ്ഥാനത്ത് തുടരുമ്പോള്‍ ഏറ്റവും കൂടുതല്‍ ആയുധം വാങ്ങിക്കൂട്ടിയതും കരാറിലൊപ്പിട്ടതും ഇന്ത്യയാണ്. ഏഷ്യന്‍ രാജ്യമായ തയ്‌വാനാണ് തൊട്ടടുത്ത സ്ഥാനത്ത്. സൗദി അറേബ്യ മൂന്നാം സ്ഥാനത്തും പാകിസ്താന്‍ നാലാം സ്ഥാനത്തുമാണ്. യു. എസ്. കോണ്‍ഗ്രസ് സമിതിയുടെ റിപ്പോര്‍ട്ടിലാണ് 2010-ലെ ആയുധ ഇടപാടുകളുടെ വിവരങ്ങളുള്ളത്.
ഇന്ത്യ കഴിഞ്ഞ വര്‍ഷം വാങ്ങിക്കൂട്ടിയത് 580 കോടി ഡോളറി (ഏകദേശം 28,500 കോടി രൂപ) ന്റെ ആയുധമാണ്. ഇന്ത്യന്‍ ആയുധ വിപണിയില്‍ ഇപ്പോഴും ആധിപത്യം റഷ്യയ്ക്കു തന്നെയാണ്. ഇസ്രായേല്‍, ഫ്രാന്‍സ്, അമേരിക്ക, ബ്രിട്ടന്‍, ഇറ്റലി എന്നീ രാജ്യങ്ങളില്‍ നിന്നും 2010-ല്‍ ഇന്ത്യ ആയുധം സ്വന്തമാക്കിയിട്ടുണ്ട്. ഇന്ത്യന്‍ ആയുധ വിപണിയില്‍ റഷ്യയ്ക്ക് ഇനി കടുത്ത മത്സരം നേരിടേണ്ടി വരുമെന്ന സൂചനയും റിപ്പോര്‍ട്ട് നല്‍കുന്നു. ആയുധ ഇടപാടു സംബന്ധിച്ച ഏറ്റവും ആധികാരികമായ റിപ്പോര്‍ട്ടായാണ് യു. എസ്. കോണ്‍ഗ്രഷണല്‍ റിപ്പോര്‍ട്ട് കണക്കാക്കപ്പെടുന്നത്.
ലോകമെങ്ങും 4040 കോടി ഡോളറിന്റെ ആയുധ വ്യാപാരമാണ് കഴിഞ്ഞ വര്‍ഷം നടന്നത്. 2003-ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ തുകയാണിത്. ആഗോള സാമ്പത്തിക പ്രതിസന്ധി പ്രതിരോധ മേഖലയ്ക്കുള്ള വിഹിതം വെട്ടിക്കുറയ്ക്കാന്‍ യൂറോപ്യന്‍ രാജ്യങ്ങളെ നിര്‍ബന്ധിതരാക്കിയതാണ് ആയുധ ഇടപാടിനെ ബാധിച്ചത്. അതേസമയം, സാമ്പത്തിക പ്രതിസന്ധി സാരമായി ബാധിക്കാത്ത ഇന്ത്യയാണ് ഇക്കാലയളവില്‍ ഏറ്റവും കൂടുതല്‍ ആയുധ ഇടപാടുകള്‍ നടത്തിയത്.
കഴിഞ്ഞ വര്‍ഷം 2130 കോടി ഡോളറിന്റെ ആയുധ ഇടപാടാണ് അമേരിക്ക നടത്തിയത്. ഇതില്‍ 76 ശതമാനം ആയുധങ്ങളും വാങ്ങിക്കൂട്ടിയത് ഇന്ത്യയുള്‍പ്പെടെയുള്ള വികസ്വര രാജ്യങ്ങളാണ്. റഷ്യ, ബ്രിട്ടന്‍, ഫ്രാന്‍സ്, ചൈന, ജര്‍മനി, ഇസ്രായേല്‍ എന്നീ രാജ്യങ്ങളാണ് അമേരിക്കയ്ക്കു പുറമേ ആയുധ വില്പനയില്‍ മുന്‍പന്തിയിലുള്ളത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല