സ്വന്തം ലേഖകൻ: യുഎസ് മാധ്യമപ്രവർത്തകൻ ഡാനിയൽ പേളിനെ തട്ടിക്കൊണ്ടുപോയി തലയറുത്തു കൊന്ന കേസിൽ ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട അൽ ഖായിദ ഭീകരൻ ഒമർ ഷെയ്ഖിനെയും 3 കൂട്ടാളികളെയും ഉടൻ മോചിപ്പിക്കാൻ സിന്ധ് ഹൈക്കോടതി ഉത്തരവിട്ടു.
ഒമറിന് വിചാരണക്കോടതി വിധിച്ച വധശിക്ഷ സിന്ധ് ഹൈക്കോടതി കഴിഞ്ഞ ഏപ്രിലിൽ 7 വർഷം തടവായി കുറയ്ക്കുകയും കൂട്ടാളികളായ 3 പേരെ കുറ്റവിമുക്തരാക്കുകയും ചെയ്തിരുന്നു. ഇവരെ പിന്നീട് ക്രമസമാധാനപാലന നിയമം അനുസരിച്ച് തടവിൽ പാർപ്പിച്ചിരിക്കുകയായിരുന്നു. ഇതിനെതിരായ ഹർജിയിലാണ് ഇപ്പോഴത്തെ വിധി.
ദ് വോൾ സ്ട്രീറ്റ് ജേണലിന്റെ ഏഷ്യ ലേഖകനായിരുന്ന ഡാനിയൽ പേളിനെ 2002ലാണ് കറാച്ചിയിൽനിന്നു തട്ടിക്കൊണ്ടുപോയി വധിച്ചത്. 1999ൽ ഇന്ത്യൻ എയർലൈൻസ് വിമാനം വിമാനം ഭീകരർ റാഞ്ചിയപ്പോൾ അതിലെ 150 യാത്രക്കാരെ വിട്ടയയ്ക്കുന്നതിനു പകരമായി ജയ്ഷെ മുഹമ്മദ് തലവൻ മസൂദ് അസ്ഹറിനെയും ഒമർ ഷെയ്ഖിനെയും മറ്റു 2 പേരെയും ഒരുമിച്ചാണ് ഇന്ത്യ മോചിപ്പിച്ചത്.
അതിനിടെ മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരൻ ജമാഅത്തുദ്ദഅവ തലവൻ ഹാഫിസ് സയീദിന് ഭീകരപ്രവർത്തനത്തിനു സഹായം നൽകിയ കേസിൽ പാക്ക് ഭീകരവിരുദ്ധ കോടതി 15 വർഷം ജയിൽശിക്ഷയും 2 ലക്ഷം രൂപ പിഴയും വിധിച്ചു. സമാനമായ 4 കേസുകളിൽ എഴുപതുകാരനായ സയീദിന് 21 വർഷം ജയിൽ ശിക്ഷ നേരത്തേ ലഭിച്ചിരുന്നു. ഇതോടെ 36 വർഷം ജയിൽശിക്ഷ അനുഭവിക്കേണ്ടിവരും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല