1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 1, 2011

വിവാഹമെന്നത് ജീവിതാവസാനം വരെ നിലനില്‍ക്കണമെന്നാഗ്രഹിച്ച് ഒപ്പുവെയ്ക്കുന്ന ഒരു ഉടമ്പടിയാണ്. പല സംസ്‌കാരങ്ങളിലും പല രീതികളാണ് ജീവിതപങ്കാളികളെ തിരഞ്ഞെടുക്കാന്‍ അവലംബിക്കുന്നത്. ഏത് രീതിയായാലും എല്ലാത്തിന്റെയും ലക്ഷം, പരസ്പരം ചേരുന്ന നല്ല പങ്കാളികളെ ഓരോരുത്തര്‍ക്കും കിട്ടുകയെന്നതുതന്നെയാണ്. ഇന്നത്തെക്കാലത്ത് ആളുകള്‍ അവരവരുടെ നിലയില്‍ത്തന്നെയാണ് പലപ്പോഴും പങ്കാളികളെ കണ്ടുപിടിക്കുന്നത്. ചിലര്‍ പ്രണയത്തിലൂടെ പങ്കാളികളെ കണ്ടെത്തുമ്പോള്‍ മറ്റു ചിലര്‍ വിവാഹസൈറ്റുകളില്‍ നിന്നും സുഹൃത് വലയങ്ങളില്‍ നിന്നും ഇന്റര്‍നെറ്റില്‍ നിന്നുമെല്ലാം പങ്കാളികളെ കണ്ടെത്തുന്നു. മറ്റുചിലര്‍ക്കാകട്ടെ വീട്ടുകാര്‍ തന്നെയാവും ഒരു ഇണയെ കണ്ടുപിടിക്കുന്നത്.

എങ്ങനെയായാലും എല്ലാകാര്യത്തിലുമെന്നപോലെ വിവാഹത്തിന്റെ കാര്യത്തിലും അരുതുകളുണ്ട്. അതായത് ഏത് തരത്തിലുള്ള വ്യക്തിയെ വിവാഹം ചെയ്യാം, ചെയ്യരുത് എന്നിങ്ങനെ. യുഎസിലെ വിവാഹകാര്യ വിദഗ്ധനായ ഫാദര്‍ പാറ്റ് കോണറിന്റെ അഭിപ്രായത്തില്‍ ഒട്ടേറെ തരത്തിലുള്ള പുരുഷന്മാരുണ്ട് വിവാഹം ചെയ്യാന്‍ പാടില്ലാത്തവരായിട്ട്. ഏറെനാളായി വിവാഹകൗണ്‍സിലിങ് നടത്തുകയും വിവാഹബന്ധത്തിലുള്ള പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുകയും ചെയ്തതില്‍ നിന്നുള്ള അനുഭവത്തിന്റെ വെളിച്ചത്തിലാണ് എങ്ങനെയുള്ളവരെ വിവാഹം ചെയ്യരുത് എന്നകാര്യം ഫാദര്‍ പറയുന്നത്. പ്രണയവിവാഹത്തിന്റെ കാര്യത്തിലാണെങ്കില്‍ രണ്ടുപേര്‍ക്കും പരസ്പരം അഗാധമായ സ്‌നേഹമുണ്ടെന്ന് മനസ്സിലാക്കിയാല്‍ വിവാഹം ചെയ്യാമെന്നാണ് അദ്ദേഹം പറയുന്നത്.

വിവാഹം കുറച്ച് നാള്‍ മുമ്പേ നിശ്ചയിച്ചിടണമെന്നാണും ഇദ്ദേഹം പറയുന്നു. കാരണം വിവാഹനിശ്ചയത്തിനും വിവാഹത്തിനുമിടയിലുള്ള കാലയളവില്‍ ആണിനും പെണ്ണിനും പരസ്പരം മനസ്സിലാക്കാന്‍ സമയം കിട്ടും. തങ്ങള്‍ ചേരുന്നവരല്ലെന്ന് തിരിച്ചറിഞ്ഞാല്‍പ്പിന്നെ വിവാഹം വേണ്ടെന്നുവെയ്ക്കാം ഒരു വിവാഹമോചനം ഒഴിവാക്കാം-അദ്ദേഹം പറയുന്നു. സ്ത്രീകള്‍ക്ക് തങ്ങള്‍ വിവാഹം ചെയ്യാന്‍ തിരഞ്ഞെടുക്കാന്‍ പാടില്ലാത്ത പുരുഷന്മാരുടെ ഒരു പട്ടിക ഇതാ ചുവടെ കൊടുക്കുന്നു..

അമ്മക്കുട്ടികള്‍

ഒരിക്കലും വിവാഹം ചെയ്യാന്‍ പാടില്ലാത്ത പുരുഷന്മാരില്‍ ആദ്യസ്ഥാനം നമ്മള്‍ അമ്മക്കുട്ടികള്‍ എന്നുവിളിക്കുന്ന തരക്കാര്‍ക്കാണ്. അതായത് അമ്മയുമായി വല്ലാതെ അടുപ്പം പുലര്‍ത്തുന്ന പുരുഷന്മാര്‍. ഇവരുടെ വിവാഹബന്ധങ്ങള്‍ പലപ്പോഴും പ്രശ്‌നമായിരിക്കുമത്രേ.

പണം

പണത്തിന്റെ കാര്യത്തില്‍ അത്യാര്‍ത്തി, അത് കൈകാര്യം ചെയ്യാന്‍ അറിയാത്തവര്‍- ഇത്തരത്തിലുള്ള പുരുഷന്മാര്‍ ഭാര്യമാര്‍ക്ക് തലവേദനയായിത്തീരും.

സൌഹൃദങ്ങള്‍

സുഹൃത്തുക്കളില്ലാത്ത പുരുഷന്മാര്‍- ഇത്തരക്കാരെ ഒട്ടും വിവാഹം ചെയ്യരുത്. കാരണം ഇവര്‍ സാമുഹിക ജീവിതത്തില്‍ വമ്പന്‍ പരാജയങ്ങളായിരിക്കുമത്രേ.

തനിച്ചാക്കുന്നവര്‍

ജനക്കൂട്ടത്തില്‍ സ്ത്രീകളെ തനിച്ചാക്കിപ്പോകുന്ന പുരുഷന്മാര്‍, ആളുകള്‍ക്കിടയില്‍ വച്ച് സ്ത്രീകളെ കളിയാക്കുന്ന പുരുഷന്മാര്‍ എന്നിവരും വിവാഹം ചെയ്യാന്‍ കൊള്ളാത്തവരാണ്.

ചൂടന്മാര്‍

ഹോട്ടലില്‍ ചെന്നുകയറിയാല്‍ അവിടത്തെ ജീവനക്കാരോട് മോശമായി പെരുമാറുന്നയാളാണെന്ന് കണ്ടാല്‍പ്പിന്നെ കെട്ടാന്‍ സാധ്യതയുള്ള പുരുഷന്മാരുടെ പട്ടികയില്‍ നി്ന്നും അയാളുടെ പേര് വെട്ടുക.

ഗൗരവക്കാര്‍

ഏതെങ്കിലും കാര്യത്തില്‍ ഉള്ളുതുറന്ന് ചിരിക്കാന്‍ മടികാണിയ്ക്കുകയും അതിന് കഴിവില്ലാതിരിക്കുകയുംചെയ്യുന്നവരെയും ഒഴിവാക്കാം.

സ്വേച്ഛാമനോഭാവമുള്ളവര്‍

അധികാരം, പണം എന്നിവ തന്നില്‍ കേന്ദ്രീകരിച്ചിരിക്കണമെന്ന് വാശിപിടിക്കുന്ന, മറ്റുള്ളവരെ തനിക്ക് സമാനനായി കാണാന്‍ കൂട്ടാക്കാത്ത പുരുഷന്മാരും വിവാഹത്തിന് കൊള്ളില്ല

മൌനികള്‍

ഇനിയും ഒഴിവാക്കേണ്ടവര്‍ ആരെന്നല്ലേ സ്ത്രീകള്‍ എന്ത് കാര്യം പറഞ്ഞാലും മിണ്ടാതെ ഉരിയാടാതെ അത് സമ്മതിക്കുകയും അതിന് തയ്യാറാവുകയും ചെയ്യുന്നവര്‍. ഒന്നുകില്‍ ഇവര്‍ക്ക് ഒരു നല്ല വ്യക്തിത്വം കാണില്ല, അല്ലെങ്കില്‍ ഇവര്‍ പഠിച്ച കള്ളന്മാരായിരിക്കും, ഇതാണ് സത്യം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.