പൂങ്കുളം ഹോളി മാതാ കോണ്‍വെന്റിലെ സിസ്റ്റര്‍ ആന്‍സി മുങ്ങിമരിച്ചതാണെന്നു പൊലീസ്. നെയ്യാറ്റിന്‍കര ചീഫ് ജൂഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വിശദീകരിയ്ക്കുന്നത്.
അന്വേഷണം പുരോഗമിക്കുകയാണെന്നും മുങ്ങി മരണത്തിന്റെ സാഹചര്യ തെളിവുകള്‍ ലഭിച്ചുവെന്നും റിപ്പോര്‍ട്ടിലുണ്ട്.
അറുപതോളം പേരെ ചോദ്യം ചെയ്തതില്‍ നിന്ന് അസ്വഭാവികമായി യാതൊന്നും കണ്ടെത്താന്‍ സാധിച്ചില്ലെന്നും പൊലീസ് വ്യക്തമാക്കി. പൂവാര്‍ സിഐയ്ക്കാണു കേസിന്റെ അന്വേഷണ ചുമതല.
കന്യാസ്ത്രീയെ മരിച്ചനിലയില്‍ കണ്ടെത്തിയ ദിവസം പുലര്‍ച്ചെ കോണ്‍വെന്റ് വളപ്പില്‍ രണ്ടുപേരെ കണ്ടെന്ന് സമീപവാസികള്‍. മൃതദേഹം വാട്ടര്‍ ടാങ്കില്‍ കണ്ടെത്തുന്നതിന് മൂന്ന് മണിക്കൂര്‍ മുമ്പാണ് രണ്ടുപര്‍ കോണ്‍വെന്റ് വളപ്പില്‍ നിന്നും പുറത്തുപോകുന്നത് കണ്ടതെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്.
ഇവരിലൊരാള്‍ പൊലീസുകാരനാണെന്നും ഇവര്‍ പറയുന്നു. കഴിഞ്ഞ ദിവസം കന്യാസ്ത്രീയുടെ മരണം ആത്മഹത്യയാണെന്നും മുടികറുപ്പിക്കാന്‍ ഡൈ ഉപയോഗിച്ചതിനെത്തുടര്‍ന്നുണ്ടായ ത്വക് രോഗത്തില്‍ മനംനൊന്താണ് ആത്മഹത്യ ചെയ്തതെന്നും പൊലീസ് പറഞ്ഞിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല