1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 3, 2011

ക്രിസ്തുമസിനു മുമ്പു തന്നെ യൂറോപ്പ്യന്‍ യൂണിയനില്‍ നിന്നും പിന്‍മാറാന്‍ എംപിമാര്‍ക്കു മേല്‍ കനത്ത സമ്മര്‍ദ്ദമേറുന്നു. യൂണിയനില്‍ നിന്നും പിന്മാറാന്‍ ജനഹിത പരിശോധന നടത്തണമെന്നാണ് ആവശ്യം. യൂറോപ്പ്യന്‍ മേഖലയില്‍ തുടരുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് ആവശ്യമിപ്പോള്‍ ശക്തമാകാന്‍ കാരണം. ഈ ആവശ്യത്തിന് സര്‍ക്കാര്‍ തയ്യാറാവുകയാണെങ്കില്‍ 1975നു ശേഷം ബ്രിട്ടനില്‍ നടക്കുന്ന ഏറ്റവും വലിയ ജനഹിത പരിശോധനയായിരിക്കുമിത്. പൊതുവിപണിയില്‍ അംഗമാകുന്നതിനായിരുന്നു ബ്രിട്ടനില്‍ 1975ല്‍ പൊതുജനാഭിപ്രായത്തിനായുള്ള വോട്ടെടുപ്പ് നടന്നത്.

അഭിപ്രായ വോട്ടെടുപ്പിനെ അനുകൂലിച്ച് കൊണ്ട് ഒരുലക്ഷം ആളുകളാണ് ഒപ്പിട്ടത്. പാര്‍ലമെന്റില്‍ എംപിമാര്‍ ഇതിനായി സംസാരിക്കണമെന്നാണ് ജനങ്ങളുടെ പ്രധാന ആവശ്യം. ബ്രിട്ടനിലെ വ്യവസായ യണിയന്‍ ഈ ആവശ്യത്തെ അനുകൂലിച്ച് രംഗത്തെത്തിയിട്ടുണ്ട്. യൂറോപ്പ്യന്‍ മേഖലയിലെ ഇപ്പോഴത്തെ സാമ്പത്തികാവസ്ഥയില്‍ ഇത്തരമൊരു മാറ്റത്തിന് പ്രസക്തിയുണ്ടെന്നാണ് യൂണിയന്‍ ചെയര്‍മാന്‍ നടാഷ ഏഞ്ചല്‍ പറയുന്നത്. ഈ വര്‍ഷം അവസാനത്തോടെ ഇതു സംബന്ധിച്ച ചര്‍ച്ച നടത്തുമെന്നാണ് കരുതുന്നത്. ബ്രിട്ടനില്‍ ഇപ്പോള്‍ തന്നെ യൂറോപ്പ്യന്‍ വിരുദ്ധ പ്രചരണങ്ങള്‍ ശക്തമാണ്. കഴിഞ്ഞ ദിവസം ബ്രിട്ടന്‍ കൊണ്ടുവന്ന കുടിയേറ്റ നിയമം യൂറോപ്പ്യന്‍ യൂണിയന്റെ കടുത്ത വിമര്‍ശനത്തിനിടയാക്കിയിരുന്നു.

ബ്രിട്ടനില്‍ നടക്കുന്ന യൂറോപ്പ്യന്‍ വിരുദ്ധ പരിപാടികളെ ന്യായീകരിക്കുന്ന രീതിയിലാണ് ഈ മേഖലയിലെ സാമ്പത്തിക പ്രശ്‌നങ്ങള്‍ വ്യാപകമാവുന്നത്. യൂറോപ്പിലെ 27 രാജ്യങ്ങളുടെ കൂട്ടായ്മയില്‍ 1993ല്‍ രൂപം കൊണ്ടതാണ് യൂറോപ്യന്‍ യൂനിയന്‍. 2009-2010 കാലഘട്ടത്തോടെ യൂറോ സോണില്‍ പെട്ട രാജ്യങ്ങളുടെ സാമ്പത്തിക ഭദ്രതയെക്കുറിച്ച് ആശങ്കകള്‍ നിലനിന്നിരുന്നു. ഗ്രീസടക്കമുള്ള യൂറോ സോണ്‍ രാജ്യങ്ങള്‍ തങ്ങളുടെ നാടുകളിലെ തകര്‍ന്നുകൊണ്ടിരിക്കുന്ന വന്‍കിട ബാങ്കുകളെ രക്ഷപ്പെടുത്താന്‍ രക്ഷാ പാക്കേജുകള്‍പ്രഖ്യാപിച്ചത് ഈ രാജ്യങ്ങളെ വന്‍ കടബാധ്യതയിലേക്ക് തള്ളിവിട്ടു. യൂറോ സോണിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി യൂറോപ്യന്‍ യൂനിയന്‍ ഒരു ഫണ്ട് രൂപവത്കരിച്ചിരുന്നു. എന്നാല്‍ ഇത് കടുത്ത് വിമര്‍ശനം വിളിച്ചു വരുത്തിയിരുന്നു. ഗ്രീസിന് അമിതമായ സ്ഥാനം യൂറോപ്പ്യന്‍ യൂണിയനില്‍ നല്‍കിയാല്‍ യൂണിയനില്‍ നിന്നും പിന്മാറുമെന്ന് തുര്‍ക്കിയും നേരത്തെ വ്യക്തമാക്കിയിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.