പുതുച്ചേരിയിലെ വിദ്യാഭ്യാസ മന്ത്രി പിഎംഎല്‍ കല്യാണസുന്ദരം പത്താംക്ലാസ് പരീക്ഷയെടുതുന്നകാര്യം കഴിഞ്ഞദിവസം വലിയ വാര്‍ത്തയായിരുന്നു. ഒരുപരീക്ഷ സുന്ദരം എഴുതിയെന്നും രണ്ടാമത്തേതിന് ചില ഔദ്യോഗികത്തിരക്കുകളാല്‍ എത്താന്‍ കഴിഞ്ഞില്ലെന്നുമായിരുന്നു റിപ്പോര്‍ട്ട്.
എന്നാല്‍ തിരക്കുകാരണം പരീക്ഷയെഴുതാന്‍ കഴിഞ്ഞ മന്ത്രിയ്ക്കുവേണ്ടി ബിനാമി പരീക്ഷയെഴുതിയെന്നാണ് പുതിയ റിപ്പോര്‍ട്ട്. പത്താംക്ലാസ് പരീക്ഷയില്‍ മന്ത്രി ആള്‍മാറാട്ടം നടത്തിയോയെന്നറിയാല്‍ തമിഴ്നാട് വിദ്യാഭ്യാസ വകുപ്പ് ഉത്തരവിട്ടിരിക്കുകയാണ്.
സംഭവം തെളിയിക്കാന്‍ ആവശ്യമെങ്കില്‍ കയ്യക്ഷര വിദഗ്ധരുടെ സഹായവും തേടും. എന്നാല്‍, സംസ്ഥാനാന്തര പ്രശ്നമായതിനാല്‍ സിബിഐ അന്വേഷണം വേണമെന്നു കോണ്‍ഗ്രസും മന്ത്രി രാജി വയ്ക്കണമെന്ന് അണ്ണാ ഡിഎംകെയും പുതുച്ചേരിയില്‍ ആവശ്യപ്പെട്ടു.
സെപ്റ്റംബര്‍ 29ന് വ്യാഴാഴ്ചയാണ് വില്ലുപുരം ജില്ലയിലെ ടിണ്ടിവനത്തു കല്യാണസുന്ദരം പത്താം ക്ളാസിലെ സയന്‍സ് പരീക്ഷ എഴുതിയത്. ഇതിനു പിന്നാലെയാണ് മന്ത്രിക്കു പകരം മറ്റാരോ പരീക്ഷയെഴുതുകയായിരുന്നെന്ന ആരോപണമുയര്‍ന്നത്.
മന്ത്രി ആള്‍മാറാട്ടം നടത്തുകയായിരുന്നെന്ന് തന്നെ ഒരാള്‍ ഫോണ്‍ ചെയ്ത് അറിയിച്ചെന്നു തമിഴ്നാട് വിദ്യാഭ്യാസ മന്ത്രി സി.വി.ഷണ്മുഖം പറയുന്നു. വെള്ളിയാഴ്ചത്തെ സോഷ്യല്‍ സയന്‍സ് പരീക്ഷയിലും മന്ത്രിക്കായി മറ്റൊരാള്‍ പരീക്ഷയെഴുതുമെന്ന് ഇയാള്‍ പറഞ്ഞതനുസരിച്ച് അധികൃതരെ അവിടേക്ക് അയച്ചെങ്കിലും അന്ന് ആരുമെത്തിയില്ല.
എന്നാല്‍, താന്‍ തന്നെയാണു പരീക്ഷയെഴുതിയതെന്ന നിലപാടില്‍ കല്യാണസുന്ദരം ഉറച്ചുനില്‍ക്കുകയാണ്. എന്‍ആര്‍ കോണ്‍ഗ്രസ് പ്രതിനിധിയായ തന്റെ വളര്‍ച്ചയില്‍ അസൂയ പൂണ്ട കോണ്‍ഗ്രസുകാര്‍ കെട്ടിച്ചമച്ചതാണ് ആള്‍മാറാട്ട കഥയെന്നും ആരോപിച്ചു
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല