സ്വന്തം ലേഖകൻ: ബ്രെക്സിറ്റ് കരാർ പ്രകാരം യൂറോപ്യൻ യൂനിയനുമായുള്ള പതിറ്റാണ്ടുകൾ നീണ്ട ബന്ധം ഡിസംബർ 31ന് അവസാനിച്ചതോടെ ബ്രിട്ടൻ യൂറോപ്യൻ യൂനിയന്റെ ഭാഗമല്ലാതായി. 2019 ഫെബ്രുവരിയിലാണ് 47 വർഷം നീണ്ട ബന്ധം ബ്രിട്ടനും യൂറോപ്യൻ യൂനിയനും അവസാനിപ്പിച്ചത്. ബ്രെക്സിറ്റ് യാഥാർഥ്യമായതിനു ശേഷം 11 മാസം പരിവർത്തന കാലയളവായി (ട്രാൻസിഷൻ പീരിയഡ്) യൂറോപ്യൻ യൂനിയൻ അനുവദിച്ചിരുന്നു. അതാണ് വ്യാഴാഴ്ച അർധരാത്രിയോടെ അവസാനിച്ചത്.
ബ്രെക്സിറ്റിന് ശേഷം യൂറോപ്യൻ യൂനിയനുമായുള്ള ബ്രിട്ടെൻറ ബന്ധം നിർണയിക്കുന്ന സ്വതന്ത്ര വ്യാപാര കരാറിന് യു.കെ പാർലമെൻറ് അംഗീകാരം നൽകി. 73നെതിരെ 521 വോട്ടുകൾക്കാണ് ബിൽ പാസായത്. പരിവർത്തന കാലയളവ് തീരുന്നതിന് തൊട്ടുമുമ്പ് വിളിച്ചുചേർത്ത പാർലമെൻറ് യോഗത്തിലാണ് യൂറോപ്യൻ യൂനിയനുമായി ചേർന്ന് ഉണ്ടാക്കിയ വ്യാപാര കരാർ പാസാക്കിയത്. ബ്രെക്സിറ്റ് അവസാനമല്ല, പുതിയ തുടക്കമാണെന്നു പ്രധാനമന്ത്രി ബോറിസ് ജോൺസൻ പാർലമെന്റിൽ പറഞ്ഞു.
വ്യാപാരം, ഗതാഗതം, മത്സ്യബന്ധനം തുടങ്ങി എല്ലാ മേഖലകളിലും ഇന്നു മുതൽ പുതിയ നിയമങ്ങൾ നടപ്പിലാകുകയാണ്. യൂറോപ്യൻ പാർലമെന്റ് അംഗീകാരം നൽകുന്നതു ഫെബ്രുവരിയിലാണ്. ബ്രിട്ടൻ യൂറോപ്യൻ യൂണിയൻ വിട്ടെങ്കിലും ബ്രിട്ടിഷ് അധീനതയിലുള്ള ജിബ്രാൾട്ടറിന്റെ അതിർത്തി തുറന്നു തന്നെയിടാൻ മേഖല സ്ഥിതി ചെയ്യുന്ന സ്പെയിനുമായി പ്രാഥമിക കരാർ ആയി. പുതിയ കരാർ വ്യവസ്ഥകളിലേക്കു മാറാൻ 6 മാസം പരിവർത്തനകാലമായി അനുവദിക്കും.
ബ്രെക്സിറ്റിനു ശേഷം ബ്രിട്ടന് വാണിജ്യം, വ്യാപാരം, നയതന്ത്രം തുടങ്ങിയ കാര്യങ്ങൾ സാധാരണ നിലയിലേക്ക് കൊണ്ടുവരുന്നതിനു വേണ്ടിയാണ് യൂറോപ്യൻ യൂനിയൻ 2020 ഡിസംബർ 31 വരെ 11 മാസം പരിവർത്തന കാലയളവ് അനുവദിച്ചത്. യൂറോപ്യൻ യൂനിയൻ അംഗത്വം ഒഴിവായെങ്കിലും ഈ കാലയളവിൽ യൂനിയൻ രാജ്യങ്ങളുമായി വ്യാപാരവും മറ്റും ബ്രിട്ടന് തടസ്സമില്ലാതെ നടത്താനായിരുന്നു. യൂറോപ്യൻ യൂനിയൻ നിയമങ്ങളായിരുന്നു ഈ കാലയളവിൽ ബ്രിട്ടൻ പിന്തുടർന്നിരുന്നതും. ജനുവരി ഒന്നുമുതൽ പുതിയ നിയമം നിലവിൽവന്നു.
യൂറോപ്യൻ യൂനിയനിൽ ഉൾപ്പെടാത്ത രാജ്യങ്ങളുമായി വ്യാപാര കരാറിൽ ഏർപ്പെടാനാകുമെന്നതാണ് െബ്രക്സിറ്റ് കരാറിെൻറ പുതുമ. അമേരിക്ക, ആസ്ട്രേലിയ അടക്കമുള്ള രാജ്യങ്ങളുമായി കരാറിൽ ഏർപ്പെടാൻ െബ്രക്സിറ്റിനു മുമ്പ് അനുമതി ഉണ്ടായിരുന്നില്ല. ഇപ്പോൾ ലഭിച്ച സ്വാതന്ത്ര്യം യുകെയുടെ സമ്പദ്വ്യവസ്ഥയുടെ വളർച്ചയ്ക്ക് സഹായിക്കുമെന്നാണ് ബ്രെക്സിറ്റ് അനുകൂലികളുടെ വാദം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല