സജീഷ് ടോം (യുക്മ നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ): അതിജീവനത്തിന്റെ പ്രണവ മന്ത്രങ്ങളുമായി ലോകം പുതുവർഷത്തിലേക്ക് കടക്കുമ്പോൾ, പ്രതീക്ഷകളോടെ 2021 നെ എതിരേൽക്കാൻ യുക്മ ഒരുങ്ങുകയാണ്. ഇന്ന്, ജനുവരി രണ്ട് ശനിയാഴ്ച രണ്ട് മണിക്ക് UUKMA ഫേസ്ബുക്ക് പേജിൽ പുതുവത്സരാഘോഷ പരിപാടികൾ സമാരംഭിക്കും. പതിനൊന്നാമത് യുക്മ ദേശീയ കലാമേള വിജയികളെ പുതുവർഷാഘോഷ വേദിയിൽ പ്രഖ്യാപിക്കുന്നതാണ്.
കേരള ആരോഗ്യ – സാമൂഹ്യ ക്ഷേമ വകുപ്പ് മന്ത്രി ശ്രീമതി കെ കെ ശൈലജ ടീച്ചർ യുക്മ പുതുവത്സരാഘോഷ പരിപാടികളുടെ ഉദ്ഘാടനം നിർവഹിക്കും. കോവിഡ് വ്യാപനം തടയാൻ കൃത്യമായ ആസൂത്രണ വൈഭവത്തോടെയുള്ള ടീച്ചറിന്റെ പ്രവർത്തനങ്ങൾ ഏറെ ശ്ളാഘനീയം ആയിരുന്നു. 2020 ലെ ലോകത്തിലെ ഏറ്റവും സ്വാധീനം ചെലുത്തിയ പന്ത്രണ്ട് വനിതകളിൽ ഒരാളായി ശൈലജ ടീച്ചർ തെരഞ്ഞെടുക്കപ്പെട്ടത് ഏറെ ചർച്ചചെയ്യപ്പെട്ട ഒന്നാണ്. ലണ്ടൻ ആസ്ഥാനമായുള്ള ഫിനാൻഷ്യൽ ടൈംസ് മാഗസിൻ നടത്തിയ അഭിപ്രായ സർവ്വേയിൽ ജർമ്മൻ ചാൻസലർ ആഞ്ചല മെർക്കൽ, ന്യൂസിലാൻഡ് പ്രധാനമന്ത്രി ജസീന്ത ആർഡൺ, അമേരിക്കൻ വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട കമലാ ഹാരിസ് തുടങ്ങിയ ലോകനേതാക്കൾ ഉൾപ്പെടുന്ന ആദ്യ പന്ത്രണ്ട് പേരിൽ ഒരാളായി കേരളത്തിന്റെ ആരോഗ്യമന്ത്രി അംഗീകാരം നേടി എന്നത് ഓരോ മലയാളിക്കും അഭിമാനകരം തന്നെ ആണ്.
പ്രശസ്ത നോവലിസ്റ്റും ചെറുകഥാകൃത്തും, തിരക്കഥാകൃത്തുമായ ശ്രീ. പെരുമ്പടവം ശ്രീധരൻ ആയിരിക്കും യുക്മ പുതുവത്സര ആഘോഷ പരിപാടികളിലെ വിശിഷ്ടാതിഥി. “ഒരു സങ്കീർത്തനം പോലെ” എന്ന ഒരൊറ്റ നോവലിലൂടെ വായനക്കാരുടെ മനസിൽ ഇടംനേടിയ പെരുമ്പടവം ശ്രീധരൻ കേരളാ സാഹിത്യ അക്കാദമി അവാർഡ്, വയലാർ അവാർഡ് ഉൾപ്പടെ ഒട്ടനവധി ബഹുമതികളും സ്വന്തമാക്കിയിട്ടുണ്ട്. കാൽ നൂറ്റാണ്ടിനിടെ 100 പതിപ്പുകളിലായി രണ്ടുലക്ഷത്തിലധികം കോപ്പികൾ വിറ്റഴിച്ചാണ് “ഒരു സങ്കീർത്തനം പോലെ” മലയാള നോവൽ ചരിത്രത്തിൽ ഇടംനേടിയത്.
പ്രശസ്ത തമിഴ് – മലയാള ചലച്ചിത്ര താരം ബാല കുമാർ സെലിബ്രിറ്റി അതിഥിയായി എത്തി പുതുവത്സരാഘോഷ പരിപാടികൾക്ക് ആവേശകരമായ ചാരുത പകരും. എറണാകുളം എം പി ശ്രീ ഹൈബി ഈഡൻ ദേശീയ കലാമേളയുടെ ആദ്യ ഫല പ്രഖ്യാപനം നടത്തിക്കൊണ്ട് ആശംസകൾ അർപ്പിക്കും.
പതിനൊന്നാമത് യുക്മ ദേശീയ കലാമേള വിജയികളെ പുതുവർഷാഘോഷ വേദിയിൽ പ്രഖ്യാപിക്കുന്നതോടൊപ്പം, ഒന്നാം സ്ഥാനം നേടിയ മത്സര ഇനങ്ങൾ കൂടി സംപ്രേക്ഷണം ചെയ്യുന്നതായിരിക്കുമെന്ന് യുക്മ ദേശീയ പ്രസിഡന്റ് മനോജ്കുമാർ പിള്ള, ജനറൽ സെക്രട്ടറി അലക്സ് വർഗീസ്, വൈസ് പ്രസിഡൻറ് അഡ്വ. എബി സെബാസ്റ്റ്യൻ, കലാമേളയുടെ ചുമതലയുള്ള വൈസ് പ്രസിഡൻറ് ലിറ്റി ജിജോ, ജോയിൻ്റ് സെക്രട്ടറി സാജൻ സത്യൻ എന്നിവർ അറിയിച്ചു.
കോവിഡിന്റെ പ്രത്യേക സാഹചര്യത്തിൽ വെർച്വൽ പ്ലാറ്റ്ഫോമിൽ ആയിരുന്നു ഈ വർഷത്തെ യുക്മ ദേശീയ കലാമേള സംഘടിപ്പിച്ചത്. ഡിസംബർ പന്ത്രണ്ടിന് എസ് പി ബാലസുബ്രഹ്മണ്യം വെർച്വൽ നഗറിൽ സുപ്രസിദ്ധ ചെണ്ടമേളം വിദ്വാൻ പദ്മശ്രീ പെരുവനം കുട്ടൻമാരാർ ഉദ്ഘാടനം ചെയ്ത ദേശീയ കലാമേള യുക്മ ഫെയ്സ് ബുക്ക് പേജിലൂടെ എട്ട് ദിവസങ്ങൾ നീണ്ട സംപ്രേക്ഷണത്തിലൂടെയാണ് മത്സരങ്ങൾ പൂർത്തിയാക്കിയത്.
യുക്മ കേരളപ്പിറവി ആഘോഷങ്ങളുടേയും യുക്മ ദേശീയ വെർച്വൽ കലാമേള ഉദ്ഘാടന പരിപാടിയുടേയുമെല്ലാം അവതാരകയായി തിളങ്ങിയ ദീപാ നായർ തന്നെ ആയിരിക്കും പുതുവത്സരാഘോഷങ്ങളുടെയും അവതാരക. സൂര്യ ടി വി യിലൂടെ അവതാരകയായി ശ്രദ്ധേയയായ യു കെ യിലെ അറിയപ്പെടുന്ന നർത്തകിയും അവതാരകയുമായ ദീപ യുക്മയുടെ കലാഭൂഷണം അവാർഡ് ജേതാവ് കൂടിയാണ്.
യുക്മ പുതുവത്സര ആഘോഷത്തിലേക്കും, യുക്മ ദേശീയ വെർച്വൽ കലാമേളയുടെ ഫലപ്രഖ്യാപനത്തിലേക്കും യുക്മ ദേശീയ സമിതിക്കു വേണ്ടി ജനറൽ സെക്രട്ടറി അലക്സ് വർഗ്ഗീസ് ഹൃദയപൂർവ്വം സ്വാഗതം ചെയ്തു കൊള്ളുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള് ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള് എന് ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല