യുക്മയുടെ റീജിയണല്‍ കലാമേളകള്‍ ജനകീയ പങ്കാളിത്തം കൊണ്ടും കലാമേന്മ കൊണ്ടും സര്‍വ്വോപരി നമ്മുടെ കുട്ടികളുടെ മിന്നുന്ന പ്രകടനം കൊണ്ടും സര്‍വ്വരുടെയും പ്രശംസ പിടിച്ചു പറ്റി മുന്നേറുന്ന സാഹചര്യമാണ് എന്നെ ഇതെഴുതാന്‍ പ്രേരിപ്പിച്ചത്. എന്തിന്റെ അടിസ്ഥാനത്തില്‍ ആയിരുന്നാലും യുക്മ പോലുള്ള ഒരു സംഘടനയില്‍ ചേരാതെ മാറി നില്ക്കുന്ന സംഘടനകള്‍ക്ക് , ഇതിന്റെ ഭാഗമാകാതെയിരിക്കുന്നതിലൂടെ സംഭവിക്കുന്ന ഒരു വലിയ നഷ്ടമാണ് അവരുടെ കുഞ്ഞുങ്ങളുടെ സര്‍ഗവാസനകളെ പ്രതിഫലിപ്പിക്കുവാന്‍ ലഭിക്കുമായിരുന്ന ഒരു സുവര്‍ണാവസരം നഷ്ടപ്പെടുന്നു എന്നത്.
മുതിര്‍ന്നവരുടെ രാഷ്ട്രീയ വിഴുപ്പുലക്കുകള്ക്കിടയില്പ്പെട്ടു കുട്ടികള്‍ക്ക് അവരുടെ സര്‍ഗ വാസനകളെ പ്രകടിപ്പിക്കാനുള്ള അവസരമല്ലേ നാം നിഷേധിക്കുന്നത്? സംഘടനയ്ക്ക് കുറവുകള്‍ ഉണ്ടായിരിക്കാം, എല്ലാം തികഞ്ഞ ഏത് സംഘടനയുണ്ടിവിടെ? മലയാളി അസോസിയേഷനുകളുടെ കൂട്ടായ്മയായി ഈ രാജ്യത്ത് ഒരു സാധാരണ മലയാളിയുടെ ശബ്ദമായി മാറാന്‍ യുക്മയ്ക്ക് കഴിയണം, കാലക്രമേണ അതിനു കഴിയുമെന്നാണ് എന്റെ വിശ്വാസം. ഒരു ഭരണ സംവിധാനത്തില്‍ ഭരണപക്ഷം മാത്രം പോരാ, പ്രതിപക്ഷവും വേണം. എന്നാല്‍ മാത്രമേ ആ സംഘടന ശരിയായാ ദിശയില്‍ വളരുകയുള്ളൂ.
രണ്ടു റീജിയണല്‍ കലാമേളകള്‍ കഴിഞ്ഞപ്പോള്‍ തന്നെ പരിഭവത്തിന്റെ അലയൊലികള്‍ മുഴങ്ങി തുടങ്ങിയിരിക്കുന്നു. നിരവധി പേരുടെ കഠിനാധ്വാനത്തിന്റെ ഫലമായാണ് ഇത്തരം കലാമേളകള്‍ സംഘടിപ്പിക്കപ്പെടുന്നതെന്നുള്ള വസ്തുത നമ്മളൊക്കെ ചിലപ്പോള്‍ പാടെ മറന്നു കളയുന്നു. ചിലരുടെ താന്‍ പ്രമാണിത്തവും പരിഭവങ്ങള്‍ക്ക് കാരണമാകുന്നു. ഏത് മികച്ച വിധികര്‍ത്താവിനെയും ചിലപ്പോള്‍ സന്ദേഹത്തിലാക്കുന്ന തരത്തിലുള്ള അത്യജ്ജലമായ പ്രകടനമാണ് നമ്മുടെ കുട്ടികള്‍ മത്സരങ്ങളില്‍ കാഴ്ച വെയ്ക്കുന്നത്.
കാഴ്ച്ചക്കാരിന്റെ കണ്ണില്‍ എല്ലാം ഒന്നിനൊന്നു മെച്ചം, വിധിനിര്‍ണയത്തില്‍ സംശയങ്ങള്‍ ഉണ്ടായില്ലെങ്കിലെ അത്ഭുതമുള്ളൂ. പക്ഷെ ഇത്തരം കാര്യങ്ങള്‍ ബന്ധപ്പെട്ടവര്‍ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതിനെ ആശ്രയിച്ചാണ് പ്രശനങ്ങള്‍ക്ക് പരിഹാരം ഉണ്ടാകുന്നത്. ഇത്തരം വീഴ്ചകള്‍ സംഘടനയുടെ പ്രതിശ്ചായയെയാണ് മോശമാക്കുന്നത്. പരസ്പരം അംഗീകരിക്കാനും ബഹുമാനിക്കാനും ഒരല്പം മടിയുള്ളവരാണല്ലോ നമ്മള്, കാരണം മറ്റൊന്നുമല്ല എല്ലാവരും എല്ലാം തികഞ്ഞവരാണെന്ന ചിന്ത ഒന്നുകൊണ്ട് മാത്രമാണത്. ഈ നിലപാട് മാറി പരസ്പരം അംഗീകരിച്ചു-ബഹുമാനിച്ചു മുന്‍പോട്ടു പോകുന്ന പക്ഷം ഒരൊറ്റ സമൂഹമായി മാറാന്‍ നമുക്കാകും.
പ്രശ്നങ്ങള്‍ ഉണ്ടായാല്‍ ഉടനെ പരിഹാരം കാണാന്‍ കഴിയുന്ന ‘സിസ്റ്റം’ നിലവില്‍ വരേണ്ടതുണ്ട്, കാര്യങ്ങള്‍ പ്രോഫഷണലായി കൈകാര്യം ചെയ്യുവാനുള്ള ആര്‍ജ്ജവം ഉണ്ടാകണം. പ്രഫഷനലിസത്തിന്റെ കുറവാണ് പലപ്പോഴും വലിയ പരാതികള്‍ക്ക് ഇട നല്‍കുന്നത്. ഇതൊക്കെ കാലക്രമേണ സംഭവിക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. പക്ഷെ മുന്‍പ് പ്രതിപാദിച്ച എല്ലാ കുറവുകളും കലാമേളയിലെ മത്സരാര്‍ത്ഥികളുടെ മിന്നുന്ന പ്രഭാവത്തിന് മുന്നില്‍ മറഞ്ഞു പോകുന്നു. നിരവധി പുതിയ അസോസിയേഷനുകള്‍ യുക്മയിലേക്ക് കടന്നുവരുന്നത് വളരെ ആശാവഹമാണ്. ക്രൈസിസ് ഫണ്ട് എന്ന ഉജ്ജല ആശയം യുക്മയ്ക്ക് കൂടുതല്‍ കരുത്ത് പകരും.
യുക്മ ദേശീയ കലാമേള ലോക പ്രവാസി മലയാളികള്‍ക്കിടയിലെ ഏറ്റവും വലിയ കലാമേളയായി തീരട്ടെയെന്ന് നമുക്ക് ആശിക്കാം. നവംബര്‍ അഞ്ചിന് നാഷണല്‍ കലാമേളക്ക് കര്ട്ടന് ഉയരുമ്പോള്‍, ലാസ്യ-നടന-ഭാവങ്ങള്‍ ആയിരങ്ങളുടെ ആസ്വാദക ഹൃദയങ്ങളില്‍ പെരുമഴയായി പെയ്തിറങ്ങുമ്പോള്‍, കൊച്ചു പ്രതിഭകളുടെ അദ്ധ്വാനത്തിന്റെ വിയര്‍പ്പ് തുള്ളികള്‍ വജ്ര ശോഭയുള്ള മഞ്ഞു കണങ്ങളായി പൊഴിഞ്ഞു വീഴുമ്പോള്‍ അതിന്റെ സൌകുമാര്യത്താല്‍ സൌത്തെന്റിലെ മണല്‍ത്തരികള്‍ പുളക ചാര്ത്തണിയട്ടെ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല