1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 5, 2011

സാമ്പത്തികമാന്ദ്യം രൂക്ഷമാണ്. തൊഴിലില്ലായ്മയും ശമ്പളക്കുറവുമെല്ലാം എല്ലാവരെയും ബാധിക്കുന്നുണ്ട്. യൂറോപ്യന്‍ യൂണിയനില്‍നിന്ന് ബ്രിട്ടണ്‍ അകലുകയാണ്, യൂറോ തകരുകയാണ് എന്നിങ്ങനെ നൂറുകണക്കിന് അതീവ പ്രാധാന്യമുള്ള കാര്യങ്ങളാണ് ഓരോ ദിവസവും സംഭവിക്കുന്നത്. എന്നാല്‍ അപ്പോഴെല്ലാം സാധാരണക്കാരന്‍ ചിന്തിക്കുന്നത് തങ്ങളുടെ ജീവിതച്ചിലവ് എങ്ങനെ കുറയ്ക്കാന്‍ സാധിക്കും എന്ന് മാത്രമായിരിക്കും. വൈദ്യുതി ബില്‍ അല്പമെങ്കിലും കുറയ്ക്കാന്‍ സാധിച്ചാല്‍ അത് നല്ലതാണെന്ന ചിന്തയിലാണ് ബ്രിട്ടണിലെ ഓരോ പൗരനും മുന്നോട്ട് പോകുന്നത്.

വൈദ്യുതി ബില്ലിന്റെ കാര്യത്തില്‍ മാത്രമല്ല, ഓരോ കാര്യത്തിലും ഇങ്ങനെയാണ് ഓരോ ബ്രിട്ടീഷുകാരനും ചിന്തിക്കുന്നത്. ജീവിതച്ചിലവ് കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ തീര്‍ച്ചയായും ഇത് വായിച്ചിരിക്കണം.

ബ്രിട്ടണില്‍ ഒരാള്‍ ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ടുന്നതിന് എന്തിനാണെന്ന് ചോദിച്ചാല്‍ ധാരാളം ഉത്തരങ്ങള്‍ കാണും. എന്നാല്‍ വിദഗ്ദര്‍ പറയുന്നത് പാര്‍ക്കിംങ്ങ് ഏരിയ കണ്ടുപിടിക്കുന്നതിനാണ് ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ട് എന്നാണ്. അത്രയ്ക്ക് അധികമാണ് ബ്രിട്ടണിലെ വണ്ടികളുടെ എണ്ണം. എന്നാല്‍ ഇത്രയും വണ്ടികള്‍ക്കുള്ള പാര്‍ക്കിംങ്ങ് ഏരിയ ബ്രിട്ടണില്‍ ഇല്ലതാനും. ഒരു ദേശീയ സംഘടന നടത്തിയ പഠനത്തില്‍ ഒരുവര്‍ഷം പാര്‍ക്കിങ്ങ് സൗകര്യം കണ്ടുപിടിക്കാന്‍വേണ്ടി ബ്രിട്ടണിലെ ഡ്രൈവര്‍മാര്‍ ഏതാണ്ട് ആറ് ദിവസം ചിലവഴിക്കുന്നുണ്ട് എന്നാണ് വ്യക്തമായിരിക്കുന്നത്.

40% പേരും മറ്റൊര് കാറ് മാറ്റിയിട്ട് സ്വന്തം കാര്‍ പാര്‍ക്ക് ചെയ്യാമെന്ന് കരുതുന്നവരാണ്. ഇങ്ങനെ കുറെസമയം കാത്തിരുന്നശേഷം പാര്‍ക്കിങ്ങിനുള്ള സ്ഥലം കണ്ടെത്തിയാലും പ്രശ്നം തീരുന്നില്ല. വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിന് നല്ല തുകയും മുടക്കേണ്ടിവരുന്നുവെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. ഇതിനെല്ലാമുള്ള പരിഹാരങ്ങളാണ് താഴെ പറയുന്നത്.

സൗജന്യ പാര്‍ക്കിങ്ങ്

പ്രധാനനിരത്തില്‍നിന്ന് അല്പം മാറിയാല്‍ നിങ്ങള്‍ക്ക് പാര്‍ക്ക് ചെയ്യാന്‍ ഇഷ്ടംപോലെ സ്ഥലം ലഭിക്കുന്നതാണ്. പ്രധാനനിരത്തില്‍നിന്ന് പത്ത് മിനിറ്റ് നടന്നാല്‍ത്തന്നെ ഇത്തരത്തില്‍ സ്ഥലം ലഭിക്കുന്നതായിരിക്കും. ഒരു ജംഗ്ഷനില്‍ ചെന്നാല്‍ ഉടന്‍തന്നെ പാര്‍ക്കിങ്ങ് ഫീസ് കൊടുത്ത് വണ്ടി ഒതുക്കിയിടാതെ അല്പം ദൂരെ മാറി നോക്കുകു. അവിടെ സ്ഥലം ഉണ്ടാകുന്നതായിരിക്കും. അല്പമൊന്ന് നടക്കുകയോ അന്വേഷിക്കുകയോ ചെയ്താല്‍ നിങ്ങള്‍ക്ക് തീര്‍ച്ചയായും ഇത് ലഭിക്കുമെന്നാണ് ഗവേഷകര്‍ പറയുന്നത്.

പാര്‍ക്കിങ്ങ് ഏരിയ കടമെടുക്കുക

കച്ചവട സ്ഥാപനങ്ങളുടെ അരികില്‍ ഉള്ള പാര്‍ക്കിങ്ങ് ഏരിയായില്‍ കാര്‍ പാര്‍ക്ക് ചെയ്യുന്നതിന് നല്ല പൈസ കൊടുക്കേണ്ടിവരും. പകരം മറ്റൊരു സംവിധാനത്തെക്കുറിച്ച് ആലോചിക്കാവുന്നതാണ്. പാര്‍ക്കിങ്ങ് ഏരിയാകള്‍ നല്‍കുന്ന വൈബ്സൈറ്റുകളെ ആശ്രയിക്കുന്നതാകും നല്ലത്. parkatmyhouse.com, yourparkingspace.co.uk തുടങ്ങിയ സൈറ്റുകള്‍ പാര്‍ക്കിങ്ങ് സൗകര്യം നല്‍കുന്നവരാണ്. ഇവരുടെ പക്കല്‍നിന്ന് പാര്‍ക്കിങ്ങ് ഏരിയ വാങ്ങുന്നതിന് ആഴ്ചയില്‍ പത്ത് പൗണ്ടുമുതല്‍ അറുപത് പൗണ്ടുവരെ നല്‍കിയാല്‍ മതി.

പാര്‍ക്കിങ്ങ് സൗകര്യം നോക്കി പോകുക

ഷോപ്പിങ്ങിനും മറ്റും പോകുമ്പോള്‍ നിങ്ങള്‍ നോക്കുക നല്ല കടകള്‍ മാത്രമാണെങ്കില്‍ കാര്യങ്ങള്‍ കുഴഞ്ഞുമറിയുമെന്ന കാര്യത്തില്‍ സംശയമൊന്നുമില്ല. എന്നാല്‍ പാര്‍ക്കിങ്ങ് സൗകര്യം കൂടി ലഭിക്കാന്‍ സാധ്യതയുള്ള ഒരു സ്ഥലത്തേക്കാണ് നിങ്ങള്‍ പോകുന്നതെങ്കില്‍ കാര്യങ്ങള്‍ കുറച്ചുകൂടി എളുപ്പമായിരിക്കും. വലിയ തിരക്കില്ലാത്ത ഇത്തരം സ്ഥലങ്ങളില്‍ പോയി ഷോപ്പിങ്ങ് നടത്തിയാല്‍ കാര്‍ പാര്‍ക്കിങ്ങ് ഭംഗിയായി നിര്‍വഹിക്കാം.

പാര്‍ക്കിങ്ങ് സ്ഥലം നോക്കിവെച്ചശേഷം കാറെടുക്കുക

വീട്ടില്‍നിന്ന് കാറെടുക്കുന്ന സമയത്തുതന്നെ പാര്‍ക്കിങ്ങ് സ്ഥലത്തെക്കുറിച്ച് ഏകദേശ ധാരണവേണം. അതാണ് ഒന്നാമത്തെ കാര്യം. കാര്‍ എവിടെ പാര്‍ക്ക് ചെയ്യുമെന്ന കാര്യം വളരെ ഗൗരവത്തോടെ ആലോചിക്കേണ്ട വിഷയമാണ്.

പാര്‍ക്കിങ്ങ് ടിക്കറ്റിനെതിരെ അപ്പീല്‍ നല്‍കുക

എവിടെയെങ്കിലും കാര്‍ പാര്‍ക്ക്‌ ചെയ്ത് പോയി തിരികെ വരുമ്പോള്‍ കാറില്‍ പെനാല്‍ട്ടി നോട്ടീസ്‌ കാണുക എന്നത് നമ്മെ സംബന്ധിച്ചിടത്തോളം ഏറെ വിഷമമുള്ള കാര്യമാണ്.പെട്ടെന്ന് അടച്ചാല്‍ പകുതി തുക മതിയാകുമെന്ന മോഹന വാഗ്ദാനവും കാണും.എന്നാല്‍ അപ്പീല്‍ ചെയ്‌താല്‍ അറുപതു ശതമാനം പാര്‍ക്കിംഗ് ഫൈനും റദ്ദു ചെയ്യും എന്നാണു കണക്കുകള്‍ പറയുന്നത്.ആയതിനാല്‍ അടുത്ത തവണ നേരെ ഫൈന്‍ അടയ്ക്കാതെ ഒന്ന് അപ്പീല്‍ ചെയ്യുന്നത് ഉചിതമായിരിക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.