ഫ്രാന്‍സില്‍ ഔദ്യോഗിക അജപാലന സന്ദര്‍ശനത്തിനെത്തിയ സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് പാരീസിലെ സീറോ മലബാര്‍ സഭാ വിശ്വാസികള്‍ ഊഷ്മള സ്വീകരണം നല്‍കി. 1986-ല്‍ പാരീസ് കാത്തലിക് യൂണിവേഴ്സിറ്റിയില്‍നിന്നു ദൈവശാസ്ത്രത്തില്‍ ഡോക്ടറേറ്റ് നേടിയ മാര്‍ ആലഞ്ചേരിയുടെ സന്ദര്‍ശനം ഇവിടത്തെ വിശ്വാസികള്‍ക്കു അഭിമാനനിമിഷമായി.
മേജര്‍ ആര്‍ച്ച്ബിഷപ്പിനെ പാരീസ് അതിരൂപതയില്‍ ഇന്നു പ്രാദേശികസമയം ഉച്ചകഴിഞ്ഞ് മൂന്നിനു നോത്തര്‍ദാം കത്തീഡ്രലില്‍ മോണ്‍. ജാക്കിന്റെ നേതൃത്വത്തില്‍ സ്വീകരിക്കും. തുടര്‍ന്ന് കത്തീഡ്രലില്‍ സൂക്ഷിച്ചിരിക്കുന്ന ഈശോയുടെ മുള്‍ക്കിരീടത്തെ അഭിവന്ദ്യപിതാവ് വണങ്ങും.
വൈകുന്നേരം നാലിന് പാരീസ് ഫോറിന്‍ മിഷനറി സൊസൈറ്റിയുടെ ജനറലേറ്റ് ചാപ്പലില്‍ വിശുദ്ധ കുര്‍ബാനയര്‍പ്പിച്ച് വിശ്വാസിസമൂഹത്തിന് മേജര്‍ ആര്‍ച്ച്ബിഷപ് സന്ദേശം നല്‍കും. 5.30-നു ചേരുന്ന സ്വീകരണസമ്മേളനത്തില്‍ ഇന്ത്യയിലെ പ്രവാസി ക്രൈസ്തവസമൂഹവും പൌരസ്ത്യസഭകള്‍ക്കായുള്ള സംഘടനയിലെ അംഗങ്ങളും ഏഷ്യന്‍ സഭയ്ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന പാരീസ് മിഷനറി സൊസൈറ്റിയുടെ അംഗ ങ്ങളും സംബന്ധിക്കും.
മൂന്നുദിവസം നീളുന്ന സന്ദര്‍ശനപരിപാടികള്‍ക്കിടയില്‍ ഇന്ത്യന്‍ അംബാസിഡര്‍ രാകേഷ് സൂദ്, ഫ്രഞ്ച് വിദേശകാര്യ മന്ത്രാലയത്തിലെ വിവിധ വകുപ്പുകളുടെ തലവന്മാര്‍ എന്നിവരെ മാര്‍ ആലഞ്ചേരി സന്ദര്‍ശിക്കും. ഫ്രഞ്ച് കത്തോലിക്കാ മാധ്യമപ്രവര്‍ത്തകരുമായും മാര്‍ ആലഞ്ചേരി കൂടിക്കാഴ്ച നടത്തും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല