സ്വന്തം ലേഖകൻ: ജനുവരി ആറിന് വാഷിങ്ടൻ ഡിസിയിൽ നടന്ന ട്രംപ് അനുകൂലികളുടെ പ്രകടനത്തിൽ പങ്കെടുത്ത ചിലർ ഇന്ത്യയുടെ ദേശീയ പതാക പ്രദർശിപ്പിച്ചതിൽ വാഷിങ്ടൻ ഡിസി മെട്രോയിലെ പ്രമുഖ ഭാരതീയ-മലയാളി സമൂഹം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ ഭാഗമായി ഇലക്ടറൽ വോട്ടുകൾ എണ്ണിത്തിട്ടപ്പെടുത്തുന്നതിനായി വൈസ് പ്രസിഡന്റ് മൈക്ക് പെൻസിന്റെ അധ്യക്ഷതയിൽ യുഎസ് പാര്‍ലമെന്റ് മന്ദിരമായ ക്യാപിറ്റോൾ ഹില്ലിൽ സഭ നടപടികൾ നടന്നുകൊണ്ടിരിക്കുകയാണ് ട്രംപ് അനുകൂലികളായ പതിനായിരക്കണക്കിന് പേർ അവിടേക്ക് പ്രതിഷേധ മാർച്ച് നടത്തിയത്.
പ്രതിഷേധ സമരത്തിൽ പങ്കെടുത്ത അക്രമാസക്തരായ ചിലർ ക്യാപിറ്റോൾ ഹില്ലിൽ അതിക്രമിച്ചുകയറി പരക്കെ അക്രമം അഴിച്ചു വിട്ടിരുന്നു. തികച്ചും ജനാധിപത്യവിരുദ്ധവുമായ അക്രമത്തെ അമർച്ച ചെയ്യാൻ പൊലീസ് നടത്തിയ വെടിവയ്പിൽ ഇതിനകം 5 പേർ മരിച്ചു.
ക്യാപിറ്റോൾ ഹില്ലിനു മുൻപിൽ നടന്ന പ്രതിഷേധ മാർച്ചിൽ ഇന്ത്യൻ പതാക ഉയർത്തിപ്പിടിച്ചുകൊണ്ട് ഏതാനും ചിലർ പ്രതിഷേധിക്കുന്ന ദൃശ്യങ്ങൾ മാധ്യമങ്ങളിലൂടെ വന്നിരുന്നു. ഇന്ത്യൻ പതാകയെ അവഹേളിക്കുന്ന രീതിയിൽ അക്രമ സമരത്തിൽ പതാക പ്രദർശിപ്പിച്ചത് ഡിസി മെട്രോ മേഖലയിലെ വിൻസന്റ് സേവ്യർ പാലത്തിങ്കലാണെന്ന് തുടർന്ന് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ദേശീയപതാകയുമായി പങ്കെടുത്തത് താനാണെന്ന് ഫേസ്ബുക്കിലും ട്വിറ്ററിലും ഷെയര്‍ ചെയ്ത വീഡിയോകളിലൂടെ വിന്‍സന്റ് വ്യക്തമാക്കുകയും ചെയ്തിരുന്നു. എന്നാൽ, വംശീയവാദികളാണ് പ്രതിഷേധത്തിനു പിന്നിലെന്ന പ്രചാരണത്തിന്റെ മുനയൊടിക്കാനാണ് ഇന്ത്യന്‍ പതാകയുമായി പോയതെന്നാണ് വിന്‍സന്റിന്റെ വാദം.
അതേസമയം, ഇതിനു പിന്നിൽ പ്രവർത്തിച്ചവർ ഇന്ത്യയെയോ ഇന്ത്യക്കാരെയോ പ്രതിനിധീകരിക്കുന്നില്ലെന്നു വാഷിങ്ടൻ ഡിസി മെട്രോ മേഖലയിലെ വിവിധ മലയാളി അസോസിയേഷനുകളിലെ അംഗങ്ങൾ സംയുക്തമായി ഇറക്കിയ പ്രസ്താവനയിൽ പറയുന്നു.
ദേശീയ പതാക ദുരുപയോഗം ചെയ്ത സംഭവത്തിൽ ഇന്ത്യയിൽ വലിയ വിമർശനമാണ് ഉയർന്നത്. വരുൺ ഗാന്ധി എം.പി അടക്കമുള്ളവർ ട്വീറ്റിലൂടെ ശക്തമായി പ്രതികരിച്ചിരുന്നു. ദേശീയ പതാകയെ അപമാനിച്ചെന്ന് ചൂണ്ടിക്കാട്ടി രണ്ട് അഭിഭാഷകർ ഡൽഹി കൽക്കാജി പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. . പ്രാഥമിക അന്വേഷണം നടത്തിയും ഉന്നത ഉദ്യോഗസ്ഥരുമായി ആലോചിച്ചും കേസ് രജിസ്റ്റർ ചെയ്യുന്ന കാര്യത്തിൽ തീരുമാനം എടുക്കുമെന്ന് പൊലീസ് ദേശീയ മാധ്യമങ്ങളെ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല