മറ്റുള്ളവരുടെ മക്കളെ സ്നേഹിക്കരുതെന്നും സഹായിക്കരുതെന്നും ആരും പറയില്ല, എന്ന് കരുതി സ്വന്തം നാട്ടിലെ കുട്ടികളെ കഷ്ടത്തിലാക്കി അന്യ നാട്ടിലെ കുട്ടികളെ ബ്രിട്ടന്‍ സഹായിക്കുന്നത് അല്പം കടുത്ത കയ്യല്ലേ? സംഗതി സത്യമാണ് ബ്രിട്ടീഷുകാര്‍ സാമ്പത്തികമായി ഞെങ്ങി ഞെരുങ്ങി ജീവിക്കുമ്പോള്‍ ഓരോ വര്‍ഷവും ബ്രിട്ടന്‍ ചൈല്‍ഡ് ബെനിഫിറ്റെന്ന പേരില്‍ മറ്റു രാജ്യങ്ങള്‍ക്ക് പ്രതിവര്‍ഷം നല്‍കുന്നത് ഏതാണ്ട് 42 മില്യന്‍ പൌണ്ടാണ്. ഇതിനെക്കാലേറെ വിചിത്രമെന്നത് ബ്രിട്ടനിലേക്കാള്‍ ഉയര്‍ന്ന ജീവിത നിലവാരത്തില്‍ ജീവിക്കുന്ന പോളണ്ടിലെ കുട്ടികള്‍ക്കാണ് ഈ നല്‍കുന്ന ആനുകൂല്യത്തില്‍ 2 മില്യന്‍ പൌണ്ടും മാസാമാസം ലഭിക്കുന്നത് എന്നുള്ളതാണ്. ഇങ്ങനെ ബ്രിട്ടന്‍ നല്‍കുന്ന ആനുകൂല്യങ്ങളില്‍ 30 മില്യന്‍ പൌണ്ടും സ്വന്തമാക്കുന്നത് ഇപ്പോള്‍ ബ്രിട്ടനില്‍ ജോലിചെയ്യുന്നതോ മുന്‍പ് ജോലി ചെയ്തിരുന്നതോ ആയ കിഴക്കന്‍ യൂറോപ്പിലെ യുവാക്കളാണ്.
അതേസമയം ബ്രിട്ടനെ വെച്ച് നോക്കുമ്പോള്‍ അവിടത്തെ കുട്ടികളെല്ലാം ബ്രിട്ടീഷ് കുട്ടികളേക്കാള്‍ ഉയര്‍ന്ന നിലവാരത്തില്‍ ജീവിതം നയിക്കുന്നവരാണ്. പോളണ്ടിലെ ഒരു ലോക്കല്‍ തൊഴിലാളിക്ക് ലഭിക്കുന്ന വേതനത്തിന്റെ 515 ശതമാനം ഇരട്ടിയാണ് ബ്രിട്ടന്‍ അവര്‍ക്ക് നല്‍കുന്ന ചൈല്‍ഡ് ബെനെഫിറ്റ്! അവിടത്തെ ഗവണ്‍മെന്റ് കുട്ടികള്‍ക്ക് 3.30 പൌണ്ട് ആഴ്ചയില്‍ ആനുകൂല്യയിനത്തില്‍ നല്‍കുമ്പോള്‍ ബ്രിട്ടിഷ് ബെനഫിറ്റ് ഇനത്തില്‍ ഒരു പോളിഷ് കുട്ടിക്ക് ലഭിക്കുന്നത് 20.30 പൌണ്ടാണ്, അതായത് 17 പൌണ്ടിന്റെ വ്യത്യാസം. അതായത് മൂന്നുകുട്ടികളുള്ള പോളിഷ് ഫാമിലിക്ക് ഒരു മാസം 200 പൌണ്ട് ലഭിക്കുമെന്ന് ചുരുക്കം.
ശ്രീനിവാസന്റെ സിനിമയില്‍ പറഞ്ഞപോലെ പോളണ്ടിനെ പറ്റി മാത്രം പറയരുതെന്ന് ബ്രിട്ടീഷ് ഗവണ്‍മെന്റിന് ഈ കണക്കുകള്‍ വിവാദമാകുന്ന പശ്ചാത്തലത്തില്‍ പറയാന്‍ പറ്റില്ലല്ലോ കാരണം ഏറ്റവും ഒടുവില്‍ കൈക്കൊണ്ട തീരുമാനപ്രകാരം 2013 ഏപ്രില്‍ മുതല്‍ ഉയര്‍ന്ന ടാക്സ് ബാന്‍ഡില്‍ ഉള്ള ആയിരക്കണക്കിന് ബ്രിട്ടീഷ് ഫാമിലികള്‍ക്ക് ചൈല്‍ഡ് ബെനിഫിറ്റുകള്‍ നല്‍കുന്നത് നിര്‍ത്തലാക്കാനുള്ള തീരുമാനമാണ് ഗവണ്‍മെന്റ് കൈക്കൊണ്ടിരിക്കുന്നത്. എന്തായാലും തങ്ങള്‍ക്കു ഇല്ലെങ്കിലും വേണ്ടില്ല മറ്റുള്ളവരുടെ കുട്ടികള്‍ പരമസുഖമായി ജീവിക്കട്ടെയെന്നു ഗവണ്‍മെന്റിനെ പോലെ ബ്രിടീഷ് ജനത വിചാരിക്കാന്‍ തരമില്ല. ഏറെ ദുരിതമനുഭവിക്കുന്ന പല കുടുംബങ്ങള്‍ക്ക് ഗവണ്‍ മെന്റിന്റെ ബെനിഫിറ്റ് നിര്‍ത്തലാക്കിയാല്‍ മാസത്തില്‍ 200 പൌണ്ടാണ് ലഭിക്കാതാകുക.
സംഗതി വിവാദമായ പശ്ചാത്തലത്തില്‍ പലരും ഗവണ്‍മെന്റിന്റെ ഈ തീരുമാനങ്ങള്‍ക്കെതിരെ മുന്നോട്ട് വന്നിരിക്കുകയാണ്. UKIP നേതാവ്, നികേല്‍ ഫറാജ് പറയുന്നത് ബ്രിട്ടീഷുകാര്‍ നല്‍കുന്ന നികുതി അവരെക്കാള്‍ ഉയര്‍ന്ന നിലവാരത്തില്‍ ജീവിക്കുന്ന മറ്റു രാജ്യക്കാര്‍ക്ക് ലഭിക്കുന്നുവെങ്കില്‍ അത് നമ്മുടെ സിസ്റ്റത്തിന്റെ കുഴപ്പമാണെന്നും അടിമുടി നമ്മുടെ വ്യവസ്ഥകളില്‍ മാറ്റം വരുത്തണമെന്നുമാണ്. അതേസമയം 30 വര്‍ഷമായി തുടരുന്ന യൂറോപ്യന്‍ യൂണിയന്റെ നിയമങ്ങള്‍ മൂലമാണ് ബ്രിട്ടന് ഇങ്ങനെ ചൈല്‍ഡ് ബെനിഫിറ്റ് നല്‍കേണ്ടി വരുന്നതെന്നാണ് HM റവന്യൂ ആന്‍ഡ് കസ്റ്റംസ് ഓഫീസ് വക്താവ് പറയുന്നത്. കാര്യം എന്തൊക്കെയായാലും ശരി തങ്ങളുടെ മക്കള്‍ക്ക് കിട്ടേണ്ട ആനുകൂല്യങ്ങള്‍ മറ്റു രാജ്യത്തെ മക്കളുടെ സുഖജീവിതത്തിനു വിനിയോഗിക്കുന്നത് ബ്രിട്ടനിലെ രക്ഷിതാക്കള്‍ അനുവദിക്കുമെന്ന് തോന്നുന്നില്ല , അതും സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ ഈ കാലത്തില്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല