കോര്‍പറേറ്റുകള്‍ക്കെതിരായി അമേരിക്കയില്‍ സാധാരണക്കാര്‍ നടത്തുന്ന വാള്‍ സ്ട്രീറ്റ് വിരുദ്ധ പ്രക്ഷോഭം ശക്തിയാര്‍ജിക്കുന്നു. രാജ്യത്തെ നിരവധി സംസ്ഥാനങ്ങളുടെ സാമ്പത്തിക ആസ്ഥാനങ്ങളില്‍ നൂറുകണക്കിന് പേര്‍ തെരുവിലിറങ്ങി. ബാങ്കുകള്‍ക്ക് പുറത്തായിരുന്നു സമരങ്ങളേറെയും. അമേരിക്കയുടെ സാമ്പത്തിക തലസ്ഥാനമായി അറിയപ്പെടുന്ന സ്ഥലമാണ് വാള്‍ സ്ട്രീറ്റ്. സമ്പന്ന വര്‍ഗത്തിന്‍െറ കരങ്ങളിലമര്‍ന്ന രാജ്യത്തെ മോചിപ്പിക്കുന്നതിനുവേണ്ടി യുവാക്കളുടെ നേതൃത്വത്തില്‍ രൂപമെടുത്ത വാള്‍ സ്ട്രീറ്റ് കീഴടക്കല്‍ ‘ഒക്കുപയ് വാള്‍സ്ട്രീറ്റ്’ പ്രസ്ഥാനത്തിന്‍െറ ആഹ്വാനമനുസരിച്ചാണ് വിവിധയിടങ്ങളില്‍ പ്രകടനങ്ങള്‍ നടക്കുന്നത്. ഈ സന്ദേശം പ്രചരിപ്പിക്കാന്‍ ഫേസ് ബുക്, ട്വിറ്റര്‍ തുടങ്ങിയ സോഷ്യല്‍ നെറ്റ്വര്‍ക്കിങ് സൈറ്റുകള്‍ സമരക്കാര്‍ ഉപയോഗിക്കുന്നുണ്ട്.
കോര്‍പറേറ്റ് അമേരിക്കയെ തിരസ്കരിക്കുക, യുദ്ധങ്ങള്‍ അവസാനിപ്പിക്കുക, സമ്പന്നരില്‍നിന്ന് നികുതി ഈടാക്കുക, ആരോഗ്യ സുരക്ഷാ സംവിധാനങ്ങള്‍ വ്യാപകമാക്കുക, വധശിക്ഷ ഒഴിവാക്കുക തുടങ്ങിയവയാണ് പ്രക്ഷോഭകരുടെ ആവശ്യങ്ങള്‍. ദാരിദ്ര്യവും തൊഴിലില്ലായ്മയും വര്‍ധിച്ച് വരുന്ന അമേരിക്കയെ നശിപ്പിക്കുന്നത് കോര്‍പറേറ്റുകളാണെന്ന് അവര്‍ ആരോപിക്കുന്നു. ഭക്ഷണം ബോംബല്ല, ഭക്ഷണം ബാങ്കല്ല തുടങ്ങിയ പ്ളക്കാര്‍ഡുകള്‍ പ്രക്ഷോഭകര്‍ ഉയര്‍ത്തി.ബോസ്റ്റണ്‍ കീഴടക്കല്‍, ഫിലഡെല്‍ഫിയ കീഴടക്കല്‍, ഷികാഗോ കീഴടക്കല്‍ തുടങ്ങിയ പേരുകളിലും പ്രക്ഷോഭ സംഘങ്ങള്‍ രൂപമെടുത്തിട്ടുണ്ട്. പ്രക്ഷോഭം മൂന്നാമത്തെ ആഴ്ചയിലേക്ക് കടന്നതോടെ പിന്തുണക്കുന്നവരുടെ എണ്ണം വര്‍ധിച്ചുവരുന്നതായാണ് റിപ്പോര്‍ട്ട്.
പലരും തെരുവുകളില്‍ത്തന്നെയാണ് കഴിച്ചുകൂട്ടുന്നത്. ഇവര്‍ക്ക് പുതപ്പുകളും ഭക്ഷണ സാധനങ്ങളും വിതരണം ചെയ്യുന്നുണ്ട്.ലോസ് ആഞ്ജലസ്, ബോസ്റ്റണ്‍, മാന്‍ഹാട്ടണ്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ചൊവ്വാഴ്ച റാലികള്‍ നടന്നു. സെന്‍റ് ലൂയിസ്, കാന്‍സസ് സിറ്റി, ഹവാലി, ടെനെസി, മിനേപ്പോളിസ്, ബാള്‍ട്ടിമോര്‍ തുടങ്ങിയിടങ്ങളിലും സമാനമായ പ്രകടനങ്ങള്‍ പ്രക്ഷോഭകര്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. വിദ്യാര്‍ഥികള്‍, അധ്യാപകര്‍, പ്രഫഷനലുകള്‍ എന്നിവരെല്ലാം റാലികളില്‍ സജീവമാണ്.സെപ്റ്റംബര്‍ 17ന് ന്യൂയോര്‍ക് സ്റ്റോക്ക് എക്സ്ചേഞ്ചിനു മുന്നില്‍നിന്നാണ് പ്രക്ഷോഭത്തിന്‍െറ തുടക്കം. പ്രക്ഷോഭവുമായി ബന്ധപ്പെട്ട് 700ലേറെ പേരെ ഇതിനകം അറസ്റ്റ് ചെയ്തിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല