1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 6, 2011

വരുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിനു മുമ്പ് അമേരിക്കയിലെ തൊഴിലില്ലായ്മയ്ക്ക് പരിഹാരം കാണാമെന്ന പ്രതീക്ഷയോടെ പ്രസിഡന്റ് ബരാക് ഒബാമ കൊണ്ടുവന്ന ബില്‍ നടപ്പാവില്ലെന്ന് ഉറപ്പായി. 44,700 കോടി ഡോളര്‍ വകയിരുത്തിയിട്ടുള്ള ബില്ലിലെ ചില നിര്‍ദേശങ്ങളെമാത്രമേ അനുകൂലിക്കൂ എന്ന് പ്രതിപക്ഷമായ റിപ്പബ്ലിക്കന്‍ പാര്‍ട്ടി വ്യക്തമാക്കി. ഈ മാസാവസാനം സെനറ്റില്‍ വോട്ടിനിടുന്ന ബില്‍ പരാജയപ്പെടുമെന്ന് ഇതോടെ ഡെമോക്രാറ്റിക് പാര്‍ട്ടിയും ഉറപ്പിച്ചിരിക്കുകയാണ്.

പൊതുകടം പരിഹരിക്കുന്നതിന് സ്വീകരിക്കേണ്ട നടപടിയുടെ കാര്യത്തില്‍ ഭിന്നിച്ചതുപോലെ ഈ വിഷയത്തിലും യു.എസ്. കോണ്‍ഗ്രസ്സില്‍ വരുംദിവസങ്ങളില്‍ ചൂടന്‍ വാഗ്വാദങ്ങള്‍ ഉണ്ടാകുമെന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍. സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടംതിരിയുന്ന യു.എസ്സില്‍ 9.1 ശതമാനമാണ് തൊഴിലില്ലായ്മ. ഇത് പരിഹരിക്കാന്‍ കൂടുതല്‍ ധീരമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണമെന്നാണ് ഇരുപക്ഷവും ആഗ്രഹിക്കുന്നതെന്ന് പ്രതിനിധിസഭയില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ രണ്ടാമത്തെ നേതാവായ എറിക് കാന്റര്‍ പറഞ്ഞു.

ഒബാമയുടെ സാമ്പത്തികനേതൃത്വത്തില്‍ അമേരിക്കന്‍ ജനതയ്ക്ക് വിശ്വാസം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ അത് തിരിച്ചുപിടിക്കുക എന്ന ലക്ഷ്യത്തോടെ പടിപടിയായി ബില്‍ പാസാക്കാന്‍ തയ്യാറാണെന്ന് അദ്ദേഹം വ്യക്തമാക്കി. സര്‍ക്കാര്‍ കരാറുകാര്‍ക്ക് കിട്ടാനുള്ള പണം ശേഖരിക്കാന്‍ അനുമതി നല്‍കുന്ന വകുപ്പുപോലെ ബില്ലിലെ ചില കാര്യങ്ങള്‍ പാസാക്കാന്‍ തയ്യാറാണെന്ന് കാന്റര്‍ അറിയിച്ചു. ദീര്‍ഘകാലമായി പാസാകാതെ കിടക്കുന്ന വാണിജ്യ ഉടമ്പടികള്‍ പാസാക്കാനും ഒബാമയുമായി സഹകരിക്കുമെന്ന് അദ്ദേഹം അറിയിച്ചു.

അതിനിടെ, സെനറ്റ് പാസാക്കിയ കറന്‍സി ബില്ലിനെതിരെ ചൈന ശക്തമായി രംഗത്തെത്തി. മറ്റു രാജ്യങ്ങള്‍ തങ്ങളുടെ കറന്‍സിക്ക് ഡോളറുമായുള്ള വിനിമയമൂല്യം കുറയ്ക്കുന്നത് തടയുന്നതിനുള്ളതാണ് ബില്‍. ഇത്തരം രാജ്യങ്ങളുടെമേല്‍ നികുതികള്‍ ചുമത്താന്‍ യു.എസ്. സര്‍ക്കാറിന് ബില്‍ അനുമതി നല്‍കുന്നു. കറന്‍സി വിഷയം രാഷ്ട്രീയവത്കരിക്കരുതെന്ന് ചൈന തങ്ങളുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നല്‍കിയ പ്രസ്താവനയിലൂടെ അമേരിക്കയോട് അഭ്യര്‍ഥിച്ചു. ചൈനീസ് നാണയമായ യുവാന്റെ മൂല്യം ഉയര്‍ത്തുന്നതിനുള്ള നീക്കം ആഗോളസാമ്പത്തികപ്രതിസന്ധിയില്‍നിന്നുള്ള കരകയറ്റത്തെ പ്രതിസന്ധിയിലാക്കുമെന്നും അവര്‍ പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.