ഭൂമിയെ അള്‍ട്രാവയലറ്റ് വികിരണങ്ങളില്‍നിന്നു സംരക്ഷിക്കുന്ന ഓസോണ്‍ കുടയുടെ ആര്‍ക്ടിക് മേഖലയിലുണ്ടായ സുഷിരം വലുതാകുന്നതായി നാസയുടെ വെളിപ്പെടുത്തല്‍. ആര്‍ക്ടിക് മേഖലയിലെ ഓസോണ്‍പാളിയിലെ സുഷിരത്തിന്റെ വലുപ്പം ഇതോടെ അന്റാര്‍ട്ടിക് മേഖലയിലെ ഓസോണ്‍ പാളിയിലെ സുഷിരത്തിന്റെ വലുപ്പത്തിനു തുല്യമായി.
ഈ വര്‍ഷം മാര്‍ച്ചിനു ശേഷമാണ് ആര്ക്ടിക്കിനു മുകളിലെ ഓസോണ്ദ്വാരത്തിന്റെ വലുപ്പം കൂടിത്തുടങ്ങിയത്. യൂറോപ്യന്മേഖല, വടക്കന്‍ റഷ്യ, ഗ്രീന്‍ലന്‍ഡ്, നോര്‍വെ, കാനഡ തുടങ്ങിയ രാജ്യങ്ങള്‍ക്ക് ഓസോണ്നാശം ഏറെ ഭീഷണിയുയര്‍ത്തുന്നു. ഈ പ്രദേശങ്ങളിലെ ജനങ്ങള്‍ ഉയര്‍ന്ന തോതിലുളള അള്‍ട്രാവയലറ്റ് വികിരണങ്ങള്‍ക്കു വിധേയമാകും.
ആര്‍ക്ടിക് മേഖലയില്‍ ഭൌമോപരിതലത്തില്നിന്ന് 20.8 കിലോമീറ്റര്‍ ഉയരത്തിലുളള ഓസോണ്പാളിയുടെ 80 ശതമാനവും നഷ്ടപ്പെട്ടിരിക്കുന്നതായാണു പുതിയ വെളിപ്പെടുത്തല്‍. സണ്‍ബേണ്‍, ചര്‍മത്തിലെ കാന്‍സര്‍, തിമിരം എന്നിവയ്ക്കിടയാക്കുന്ന അള്‍ട്രാവയലറ്റ് കിരണങ്ങള്‍ ഈ വന്‍ വിള്ളലിലൂടെ നേരിട്ടു ഭൂമിയിലെത്തുന്നു.
ഓസോണ്‍പാളിക്കു ദോഷകരമായ രാസപദാര്‍ഥങ്ങളുടെ സാന്നിധ്യം മാത്രമല്ല വിള്ളലിനു കാരണം. ഓസോണിനെ നശിപ്പിക്കുന്ന സിഎഫ്സി പോലെയുളള പദാര്‍ഥങ്ങള്‍ ഈ മേഖലയില്‍ ഏറെക്കുറെ നിരോധിച്ചിരിക്കുകയാണ്. ഇത്തവണ വില്ലന്‍ അന്തരീക്ഷത്തിലെ സ്ട്രാറ്റോസ്ഫിയറിലെ അതീവതീവ്രമായ തണുപ്പും ഈ മേഖലയിലെ കൂടുതല്‍ പ്രദേശങ്ങളിലേക്കുളള ശീതക്കാറ്റിന്റെ സഞ്ചാരവുമാണ്.
ആര്‍ക്ടിക് പ്രദേശത്തിനു മുകളിലെ ഓസോണ്‍ പാളിയില്‍ ഇന്ത്യയുടെ പകുതിയിലേറെ വലുപ്പമുളള വിളളലാണു വീണിരിക്കുന്നത്. സയന്‍സ് ജേണല്‍ നേച്ചറില്‍ പ്രസിദ്ധപ്പെടുത്തിയ ഗവേഷണപ്രബന്ധത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.
അന്തരീക്ഷത്തില്‍ 10 മുതല്‍ 50 വരെ കിലോമീറ്റര്‍ ഉയരത്തിലുളള സ്ട്രാറ്റോസ്ഫിയറിലെ താപനില തീരെ കുറഞ്ഞതും ആ അവസ്ഥ ഏറെനാള്‍ നീണ്ടുനിന്നതുമാണ് ഓസോണ്‍ പാളിയിലെ വിളളല്‍ വ്യാപിക്കാനിടയാക്കിയതെന്നു ഗവേഷകര്‍ വ്യക്തമാക്കി. സ്ട്രാറ്റോസ്ഫിയറില്‍ വീശിയടിച്ച ധ്രുവക്കാറ്റും സ്ഥിതി രൂക്ഷമാക്കി.
ശീതവായു പതിവിലും കുടുതല്‍ പ്രദേശങ്ങളിലേക്കു വ്യാപിച്ചുവെന്നതും ഓസോണ്‍ നാശത്തിന്റെ തോതു വര്‍ധിപ്പിച്ചു. തണുത്ത കാലാവസ്ഥ നിലനില്ക്കുകയും അന്തരീക്ഷത്തിലെ ക്ളോറിന്റെ തോതു ക്രമാതീതമായി വര്‍ധിക്കുകയും ചെയ്താല്‍ ആര്‍ക്ടിക് മേഖലയിലെ ഓസോണ്‍ പാളിയിലെ വിളളല്‍ വലുതാകുന്നതു തുടരുമെന്നാണു നാസ നല്കുന്ന വിവരം.
ആര്ക്ടിക്കിനു മുകളിലെ ഓസോണ്‍ ദ്വാരത്തിന്റെ വ്യാപനം വര്‍ഷം മുഴുവന്‍ നീണ്ടു നില്ക്കാന് സാധ്യതയുളളതായും നാസയുടെ പഠനം വ്യക്തമാക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല