ഗതി കെട്ടാല്‍ പുലി പുല്ലും തിന്നുമെന്ന് കേട്ടിട്ടില്ലേ? ഏതാണ്ട് ഈയൊരു അവസ്ഥയിലാണ് സാമ്പത്തിക ക്ലേശം മൂലം ബ്രിട്ടീഷ് ദമ്പതികളായ ആര്‍തര്‍ ഷാര്പിനും ലിസ ലൂക്കിനും തങ്ങളുടെ മൂന്നു കുഞ്ഞുങ്ങളെയും കൊണ്ട് ഒരു പഴയ ബസിലേക്ക് താമസം മാറ്റെണ്ടാതായ തീരുമാനം കൈക്കൊള്ളേണ്ടതായി വന്നത്. ബ്രിട്ടീഷ്കാര്‍ക്ക് ഇതൊരു പുതുമയാണെങ്കിലും നമ്മള് മലയാളികള്‍ക്ക് ഇതങ്ങനെയല്ല, പറക്കും തളികയെന്ന സിനിമയില്‍ നമ്മള് ഇതെത്ര കണ്ടതാണല്ലേ. ഏതാണ്ട് പറക്കും തളികയിലേതിനു സമാനമായ ജീവിതം തന്നെയാണ് ഈ കുടുംബവും ജീവിക്കാന്‍ പോകുന്നത്.
കൌന്സിലിനോടു നാല് ബെഡ്റൂമുള്ള വീട് ആവശ്യപ്പെട്ടപ്പോള്‍ ആറ് വര്‍ഷം കാത്തിരിക്കാന്‍ പറഞ്ഞതിനെ തുടര്‍ന്നാണ് ഇരുനില ബസിനെ നാല് ബെഡ് റൂമുള്ള വീടാക്കാനുള്ള ശ്രമം ഈ ദമ്പതികള്‍ ആരംഭിച്ചത്. നിലവില്‍ ഇവര്‍ താമസിക്കുന്ന സൌത്ത് ലണ്ടനിലെ ക്രോയിടനിലുള്ള കൌണ്‍സില്‍ ഫ്ലാറ്റില്‍ മക്കളായ ആല്‍ബര്‍ട്ടിനും (12), ആര്‍തറിനും (4) കെന്നിക്കും (2) താമസിക്കാനുള്ള സൌകര്യമില്ല, അതേസമയം എക്സിമ രോഗിയായ ആര്‍തറിനു ജോലിയൊന്നും ചെയ്യാന്‍ ആകുകയുമില്ല ലിസയ്ക്കാനെങ്കില് ഭര്‍ത്താവിനെ ശ്രുശ്രൂഷിക്കാനും മക്കളെ നോക്കാനും തന്നെ സമയം കിട്ടുന്നുമില്ല.
ഇതൊക്കെ മൂലം സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടുന്ന കുടുംബത്തെ കൌണ്‍സില്‍ വെയിറ്റിംഗ് ലിസ്റ്റില്‍ ഇട്ടപ്പോള്‍ ഇവര്‍ ജീവിതത്തെ ഒറ്റക്കെടായി നേരിടാന്‍ തീരുമാനിക്കുകയായിരുന്നു. 37 കാരിയായ ലിസ പറയുന്നത്, സൌകര്യങ്ങളോടു കൂടിയ വലിയ വീട് ഞങ്ങളുടെ സ്വപനമാണ് എന്നാല്‍ നിലവിലെ ഹൌസിംഗ് മാര്‍ക്കറ്റിലെ സ്ഥിതി വിശേഷങ്ങള്‍ വെച്ച് നോക്കുമ്പോള്‍ അതടുത്ത കാലത്തൊന്നും യാഥാര്‍ത്ഥ്യം ആകുമെന്ന് തോന്നുന്നില്ല എന്നാണു. ആകെയുള്ള വഴി കൌന്സിലിനോടു ഒരു വീട് ആവശ്യപ്പെടുകയായിരുന്നു എന്നാല്‍ അവര്‍ ആറ് വര്‍ഷം കാത്തിരിക്കാനാണ് പറഞ്ഞത്.
ഒടുവില്‍ ലിസയാണ് ഇങ്ങനെയൊരു ആശയം മുന്നോട്ടു വെച്ചത് 1980 ല്‍ ലിസയുടെ സ്കൂളിലെ സുഹൃത്തുക്കള്‍ എക്കോ മൂവ്മെന്റിന്റെ ഭാഗമായി ഇത്തരത്തില്‍ ഒരു ബസില്‍ താമസിച്ചതായിരുന്നു പ്രചോദനം. ഇതേ തുടര്‍ന്നു ബസിന്റെ മുകള്‍നില മൂന്ന് ബെഡുകള്‍ അടങ്ങിയ റൂമാക്കി മാറ്റിയിരിക്കുകയാണ് ഇവര്‍, താഴത്തെ നിലയില്‍ അടുക്കളയും റൂമും നിര്‍മിക്കുന്ന പ്രക്രിയ നടന്നു കൊണ്ടിരിക്കുകയുമാണ്. ടോയിലറ്റടക്കമുള്ള സജ്ജീകരണങ്ങള്‍ എല്ലാം ഇവര്‍ സ്വയം നിര്‍മിക്കുകയാണ് ചെയ്യുന്നത്.
ഇപ്പോള്‍ ബ്രൈട്ടണിലെ ഗാരേജിലുള്ള ബസില്‍ ഈ പ്രവര്‍ത്തികളെല്ലാം നടത്തുന്നതിനിടയില്‍ ആര്‍തര്‍ പറയുന്നത് തങ്ങള്‍ ചിലവ് കുറഞ്ഞ രീതിയില്‍ ബസിനു വീടാക്കി മാറ്റി കൊണ്ടിരിക്കുകയാണ് എന്നാണ്. ഇതിനു വേണ്ടി ഉപയോഗിച്ച ഏറ്റവും വില കൂടിയ വസ്തു 2000 പൌണ്ട് വിലയുള്ള ഒരു ബോയിലറാണ്. കയ്യില്‍ ഒരു ചില്ലി കാശുമില്ലെങ്കിലും സുഹൃത്തുക്കളുടെയും മറ്റും കാരുണ്യം കൊണ്ട് മുടക്കമില്ലാതെ പോകുന്നുണ്ട് ബസ്-വീടിന്റെ നിര്‍മാണം. ആറ് മാസം കൊണ്ട് തങ്ങളുടെ പുതിയ വീട്ടിലേക്കു താമസം മാറ്റാനാകുമെന്നാണ് ഈ കുടുംബത്തിന്റെ പ്രതീക്ഷ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല