സ്വന്തം ലേഖകൻ: ഒമാനില്‍ ഒത്തുചേരലുകള്‍ക്ക് വിലക്ക് നിലനില്‍ക്കുന്നതായി സുപ്രീം കമ്മിറ്റി വാര്‍ത്താ സമ്മേളനത്തില്‍ ആരോഗ്യ മന്ത്രി ഡോ. അഹമദ് ബിന്‍ മുഹമ്മദ് അല്‍ സഈദി പറഞ്ഞു. ട്രാക്കിംഗ് ബ്രേസ്ലെറ്റ് തിരികെ നല്‍കാത്തവരില്‍ നിന്ന് 1000 റിയാല്‍ പിഴ ഈടാക്കുമെന്നും മന്ത്രി അറിയിച്ചു. മുഴുവന്‍ പള്ളികളും ആരാധനകള്‍ക്കായി തുറക്കുന്നതിനായി ചര്‍ച്ചകള്‍ നടന്നുവരികയാണ്.
ഫൈസര്‍ വാക്സീന് പുതിയ കൊറോണ വകഭേദത്തെയും പ്രതിരോധിക്കുന്നതാണെന്ന് ആരോഗ്യ മന്ത്രാലയത്തിലെ അണുബാധ നിയന്ത്രണ വിഭാഗം ഡയറക്ടര്‍ ജനറല്‍ അമല്‍ ബിന്ത് സൈഫ് മഅ്നി പറഞ്ഞു. 22,749 പേരാണ് ഇതിനോടകം വാക്സീന് സ്വീകരിച്ചത്. ചിലര്‍ തെറ്റായ പ്രചരണങ്ങളെ തുടര്‍ന്ന് വാക്സീന് സ്വീകരിക്കുന്നതില്‍ വിമുഖത കാണിക്കുന്നതായും മന്ത്രി പറഞ്ഞു.
ജനുവരി 17 മുതല്‍ എല്ലാ വിദ്യാര്‍ഥികള്‍ക്കും സ്കൂളില്‍ എത്താനാകില്ലെന്ന് വിദ്യാഭ്യാസ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ഡോ. അബ്ദുല്ല ബിന്‍ ഖമീസ് അല്‍ ബുസൈദി പറഞ്ഞു. കുട്ടികളെ സ്കൂളിലേക്ക് അയക്കുന്നതില്‍ രക്ഷിതാക്കള്‍ക്ക് തീരുമാനം എടുക്കാനാകും. സ്കൂളുകളില്‍ കൊവിഡ്-19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടാല്‍ ആരോഗ്യ മന്ത്രാലയവുമായി സഹകരിച്ച് തുടര്‍ നടപടികള്‍ക്ക് പ്രത്യേക സംഘം ഉണ്ടാകണമെന്നും വിദ്യാഭ്യാസ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി പറഞ്ഞു.
കൊവിഡ് വാക്സീന് സ്വീകരിക്കല്‍ നിര്‍ബന്ധമല്ല. എന്നാല്‍, ആളുകള്‍ക്ക് സ്വയം തീരുമാനിക്കാവുന്നതാണ്. ക്വാറന്റീൻ കാലാവധി മിക്ക രാഷ്ട്രങ്ങളിലും 14 ദിവസത്തില്‍ നിന്ന് ഏഴ് ദിവസമായി കുറച്ചിട്ടുണ്ട്. എന്നാല്‍, എട്ടാം ദിവസം പിസിആര്‍ പരിശോധന നിര്‍ബന്ധമാണെന്നും ആരോഗ്യ മന്ത്രി ഡോ. അഹമദ് ബിന്‍ മുഹമ്മദ് അല്‍ സഈദി കൂട്ടിച്ചേര്‍ത്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല