യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയന്‍ കലാമേള പതിനഞ്ചാം തീയതി ശനിയാഴ്ച മാഞ്ചസ്റ്ററില്‍ വെച്ച് നടക്കും. വിഥിന്‍ഷോ സെന്റ് ആന്റണീസ് സ്കൂള്‍ ഹാളില്‍വെച്ച് രാവിലെ ഒന്‍പത് മുതല്‍ കലാമേളയ്ക്ക് തുടക്കമാകും. ഒരാഴ്ചശേഷിക്കെ കലാമേളയുടെ അവസാനഘട്ട ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ അറിയിച്ചു. നോര്‍ത്ത് വെസ്റ്റിലെ ഏതാനും അസോസിയേഷനുകള്‍ അടുത്തിടെ യുക്മയില്‍ ചേര്‍ന്നിരുന്നു. പുതിയ അസോസിയേഷനുകളുടെ രംഗപ്രവേശനം കലാമേളയ്ക്ക് ഏറെ വീറും വാശിയും പകര്‍ന്നിരിക്കുകയാണ്.
യുക്മ നാഷണല്‍ വൈസ് പ്രസിഡന്റ് വിജി കെ പി കലാമേള ഉദ്ഘാടനം ചെയ്യും. നോര്‍ത്ത് വെസ്റ്റ് റീജിയന്‍ പ്രസിഡന്റ് സന്തോഷ് സ്കറിയ അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ യുക്മ ജോയിന്റ് സെക്രട്ടറി അലക്സ് വര്‍ഗ്ഗീസ്, ജോണി കണിവേലില്‍, ബെന്നി ജോണ്‍, റ്റിജോ, രാജേഷ് തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിക്കും. സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായി നടത്തുന്ന മത്സരങ്ങളില്‍ പ്രതിഭകള്‍ മാറ്റുരയ്ക്കും. വിജയികള്‍ക്ക് ഷ്രഷ്ബറി രൂപതാ ചാപ്ലയിന്‍ ഫാ. സജി മലയില്‍ പുത്തന്‍പുര സമ്മാനങ്ങള്‍ വിതരണം ചെയ്യും.
മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷനാണ് കലാമേളയ്ക്ക് ആതിഥ്യമരുളുന്നത്. അന്നേദിവസം മിതമായ നിരക്കിലുള്ള ഫുഡ്സ്റ്റാളുകള്‍ വേദിക്ക് സമീപം പ്രവര്‍ത്തിക്കുന്നതാണ്. കലാമേളയില്‍ പങ്കെടുക്കുവാന്‍ നോര്‍ത്ത് വെസ്റ്റ് റീജിയനിലെ മുഴുവന്‍ കുടുംബങ്ങളെയും സ്വാഗതം ചെയ്യുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല