അമേരിക്കയിലെ തകര്‍ന്നടിഞ്ഞ സാമ്പത്തിക നില മെച്ചപ്പെടുത്തുവാന്‍ അമേരിക്കന്‍ ഗവണ്മെന്റ് ഒരു ദ്വീപ് ലേലം ചെയ്യാന്‍ ഒരുങ്ങുന്നു. ഏകദേശം മൂന്നു മൈല്‍ നീളത്തില്‍ കിടക്കുന്ന പ്ളം ദ്വീപാണ് കട ബാദ്ധ്യത കുറയ്ക്കുവാനായി 50 മുതല്‍ 80 മില്യന്‍ ലഭിക്കുമെന്ന പ്രതീക്ഷയില്‍ ലേലം ചെയ്യുവാന്‍ തീരുമാനിച്ചിരിക്കുന്നത്.
അനിമല്‍ റിസര്‍ച്ച് സെന്ററായി വളരെക്കാലം ഉപയോഗിച്ചിരുന്ന ഈ ദ്വീപില്‍ അമേരിക്കയിലെ ഭക്ഷ്യവിതരണം എങ്ങനെ അണുവിമുക്തമാക്കാം എന്ന വിഷയത്തെക്കുറിച്ചുള്ള ഗവേഷണങ്ങളും നടത്തിയിരുന്നു. ഉപയോഗശൂന്യമായ സര്‍ക്കാര്‍ സ്ഥാവര ജംഗമ വസ്തുക്കള്‍ വില്പന നടത്തുന്നതിലൂടെ 22 ബില്ല്യന്‍ ഡോളര്‍ സമാഹരിക്കാം എന്നാണ് ഒബാമ ഭരണകൂടം പ്രതീക്ഷിക്കുന്നത്. പെന്റഗണ്‍,പോസ്റ്റല്‍ സര്‍വ്വീസ് എന്നീ ഡിപ്പാര്‍ട്ടുമെന്റുകള്‍ ഉപയോഗ ശൂന്യമായ കെട്ടിടങ്ങള്‍ വിറ്റ് റവന്യൂ വര്‍ദ്ധിപ്പിക്കുവാന്‍ ഇയ്യിടെ നടത്തിയ ശ്രമങ്ങള്‍ വിജയിച്ചിരുന്നു.
കണ്‍ഗ്രഷണല്‍ ബഡ്ജറ്റ് ഓഫീസ് വെളിപ്പെടുത്തിയ കണക്കനുസരിച്ച് കഴിഞ്ഞ 20 വര്‍ഷത്തിനിടയില്‍ മിലിട്ടറി ഇത്തരം വില്പനയിലൂടെ 1.5 ബില്യന്‍ ഡോളറൂം , പോസ്റ്റല്‍ സര്‍വ്വീസ് 180 മില്ല്യന്‍ ഡോളറും സമാഹരിച്ചതായി ചൂണ്ടിക്കാണിക്കുന്നു.
ഫെഡറല്‍ കമ്മ്യൂണിക്കേഷന്‍സ് കമ്മീഷന് ചെയര്മാന് ജൂലിയസ് ജെനോവിസ്കി ഫെഡറല്‍ ഗവണ്മെന്റിന്റെ ഈ നീക്കത്തെ ശക്തമായി അനുകൂലിക്കുകയും ,ദേശീയ തലത്തില്‍ ഇതിനു വലിയ പിന്തുണ ലഭിക്കുകയും ചെയ്യുമെന്ന് ഒരു പ്രസ്താവനയില്‍ പറഞ്ഞു.
ഒബാമ ഭരണകൂടത്തിന് ലഭ്യമായ കണക്കുകള്‍ അനുസരിച്ച് ഏകദേശം 12,000 വസ്തു വില്പനയ്ക്കായിട്ടുണ്ടെന്നും , ഇത് ആകെ ഉപയോഗ ശൂന്യമായ വസ്തുവില്‍ ഒരു ശതമാനം മാത്രമാണെന്നും വ്യക്തമാക്കിയിട്ടുണ്ട്. അമേരിക്കന്‍ സാമ്പത്തിക സ്ഥിതി പുനരുദ്ധരിക്കുന്നതിന് ഒബാമ സ്വീകരിക്കുന്ന നടപടികളില്‍ സാധാരണ ജനങ്ങള്‍ തൃപ്തരാണെങ്കിലും ,ശക്തമായ ഒരു ലോബി ഈ നീക്കങ്ങളെ പരാജയപ്പെടുത്തി ഒബാമ ഭരണകൂടം നിഷ്ക്രിയമാണെന്നു വരുത്തിത്തീര്‍ക്കുന്നതിനുള്ള അണിയറ ശ്രമങ്ങള്‍ നടത്തുന്നു എന്നുള്ളത് പകല്‍ വെളിച്ചം പോലെ യാഥാര്‍ത്ഥ്യമാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല