കുത്തകകളുടെ ആര്‍ത്തിക്കും സാമൂഹിക അസന്തുലിതാവസ്ഥയ്ക്കും സമ്പന്നരും ദരിദ്രരും തമ്മിലുള്ള അന്തരങ്ങള്‍ കൂടുന്നതിനുമെതിരെ സപ്തംബര്‍ 17-ന് ന്യൂയോര്‍ക്കില്‍ ആരംഭിച്ച ‘ഒക്യുപൈ വാള്‍സ്ട്രീറ്റ്’ പ്രക്ഷോഭം അമേരിക്കയില്‍ പടരുന്നു. സാമ്പത്തിക പ്രതിസന്ധിയും തൊഴിലില്ലായ്മയും ദാരിദ്ര്യവും പെരുകിവരുന്ന അമേരിക്കയില്‍ പുത്തന്‍ പ്രക്ഷോഭം അധികൃതര്‍ക്ക് തലവേദന സൃഷ്ടിച്ചിരിക്കുകയാണ്.
ന്യൂയോര്‍ക്ക് സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ ആസ്ഥാനമായ വാള്‍സ്ട്രീറ്റ് അമേരിക്കയുടെ സാമ്പത്തിക തലസ്ഥാനമായാണ് അറിയപ്പെടുന്നത്. ഇവിടത്തെ സുക്കോട്ടി പാര്‍ക്ക് താവളമാക്കിയാണ് യുവാക്കള്‍ സമരം തുടങ്ങിയത്. അറബ് രാജ്യങ്ങളിലെയും സ്പെയിനിലെയും പ്രക്ഷോഭത്തിന്റെ മാതൃക പിന്തുടര്ന്ന് ലക്ഷ്യം നേടുവോളം ഇവിടെ തമ്പടിക്കാനാണ് സമരക്കാരുടെ തീരുമാനം. മൂന്നാഴ്ചപിന്നിട്ടപ്പോഴേക്കും ലോസ് ആഞ്ജലിസ്, സാന്‍ ഫ്രാന്‍സിസ്കോ, ഷിക്കാഗോ, ബോസ്റ്റണ്‍ തുടങ്ങി എണ്ണൂറിലേറെ നഗരങ്ങളിലേക്ക് പ്രക്ഷോഭം വ്യാപിച്ചിരിക്കുകയാണ്. പ്രക്ഷോഭം ശക്തമായതോടെ പോലീസ് നൂറുകണക്കിന് യുവാക്കളെ അറസ്റ്റ് ചെയ്തു.
വിഭിന്ന വര്‍ണ, ലിംഗ രാഷ്ട്രീയത്തില്‍പ്പെട്ടവര്‍ നടത്തുന്ന നേതാവില്ലാത്ത ചെറുത്തുനില്‍പ്പാണ് തങ്ങളുടെ പ്രസ്ഥാനമെന്നാണ് ‘ഒക്യുപൈ വാള്‍സ്ട്രീറ്റ്’ സമരക്കാര്‍ വിശേഷിപ്പിക്കുന്നത്. രാജ്യത്തെ ഒരു ശതമാനത്തിന്റെ ആര്‍ത്തിയും അഴിമതിയും ഇനി വെച്ചുപൊറുപ്പിക്കാന്‍ തയ്യാറല്ലെന്നാണ് ഇവരുടെ പ്രഖ്യാപനം. ബാങ്ക്, ഇന്‍ഷുറന്‍സ് മേഖലയെയാണ് ഒരു ശതമാനം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഈ ഒരു ശതമാനത്തിന്റെ പക്കലാണ് 99 ശതമാനം പണമെന്നും ഇവര്‍ ആരോപിക്കുന്നു. 9.2 ശതമാനമാണ് അമേരിക്കയിലെ തൊഴിലില്ലായ്മ. സാമ്പത്തികവളര്ച്ചയാകട്ടെ, ഒരു ശതമാനത്തില്‍ താഴെയാണ്. യു.എസ്.സെന്‍സസ് ബ്യൂറോ റിപ്പോര്‍ട്ടനുസരിച്ച് രാജ്യത്ത് ആറില്‍ ഒരാള്‍ ദരിദ്രനാണ്. ആകെ 30 കോടി ജനങ്ങളുള്ള യു.എസ്സില്‍ 4.62 കോടിയാണ് ദരിദ്രര്‍. ഈ പശ്ചാത്തലത്തിലാണ് രാജ്യത്ത് പുത്തന്പ്രക്ഷോഭം ഉടലെടുത്തിരിക്കുന്നത്.
വിയറ്റ്നാം യുദ്ധത്തിനെതിരെ അമേരിക്കയില്‍ നടന്ന പ്രതിഷേധപ്രകടനങ്ങളോടാണ് ന്യൂയോര്‍ക്ക് മേയര്‍ മൈക്കല്‍ ബ്ലൂംബര്‍ഗ് ഈ യുവജനമുന്നേറ്റത്തെ ഉപമിച്ചത്. അന്ന് പ്രക്ഷോഭകാരികളെ വേണ്ടവണ്ണം കൈകാര്യം ചെയ്തില്ലെന്ന് അദ്ദേഹം ആരോപിച്ചു. ഡെമോക്രാറ്റിക് പാര്‍ട്ടിയിലെ ടീ പാര്‍ട്ടി പ്രസ്ഥാനമാണ് ‘ഒക്യുപൈ വാള്‍സ്ട്രീറ്റ്’ എന്നാണ് ഒരുവിഭാഗം വിലയിരുത്തുന്നത്. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ തീവ്ര യാഥാസ്ഥിതികരാണ് ടീ പാര്ട്ടിക്കാര് എന്നറിയപ്പെടുന്നത്.
കോര്‍പ്പറേറ്റുകള്‍ക്ക് നികുതിയിളവ് നല്‍കാനാവില്ലെന്ന ഒബാമയുടെ നിലപാടിന് അനുകൂലമാണ് ഒക്യുപൈ വാള്സ്ട്രീറ്റുകാരുടെ ആവശ്യങ്ങളും. അതിനാല്‍ത്തന്നെ വീണ്ടും പ്രസിഡന്റ് പദവിയിലേക്ക് മത്സരിക്കുന്ന ഒബാമയെ സഹായിക്കുന്നതാകും ഇവരുടെ സമരമെന്ന വിലയിരുത്തലുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല