ട്വന്റി 20 ചാമ്പ്യന്‍സ് ലീഗ് ക്രിക്കറ്റില്‍ ഇന്ത്യന്‍ ഫൈനല്‍ . ഞായറാഴ്ച ചെന്നൈയില്‍ നടക്കുന്ന ഫൈനലില്‍ ഇന്ത്യന്‍ ടീമുകളായ മുംബൈ ഇന്ത്യന്‍സും ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്സും കിരീടത്തിനായി ഏറ്റുമുട്ടും. ശനിയാഴ്ച നടന്ന രണ്ടാം സെമിയില്‍ ഇംഗ്ലീഷ് ചാമ്പ്യന്മാരായ സോമര്‍സെറ്റിനെ 10 റണ്‍സിന് തോല്പിച്ചാണ് മുംബൈ ഫൈനലിലേക്ക് കുതിച്ചത്. ടോസ് നേടി ബാറ്റു ചെയ്ത മുംബൈ, ഓപ്പണര്‍ ഐഡന്‍ ബ്ലിസ്സാര്‍ഡിന്റെ(54) അര്‍ധസെഞ്ച്വറിയുടെ ബലത്തില്‍ 160 റണ്‍സെടുത്തപ്പോള്‍ സോമര്‍സെറ്റിന് 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 150 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. 20 റണ്‍സ് വിട്ടുകൊടുത്ത് നാലു വിക്കറ്റ് വീഴ്ത്തിയ ശ്രീലങ്കന്‍ പേസ് ബൗളര്‍ ലസിത് മലിംഗയാണ് സോമര്‍സെറ്റിന്റെ സ്വപ്നം തകര്‍ത്തത്. മലിംഗയാണ് കളിയിലെ താരവും.
അവസാന നാല് ഓവറില്‍ ജയിക്കാന്‍ 44 റണ്‍സ് വേണ്ടിയിരുന്ന സോമര്‍സെറ്റ് 17-ാം ഓവറില്‍ 16 റണ്‍സ് വാരി ലക്ഷ്യത്തിനടുത്തെത്തിയതാണ്. അവസാന രണ്ട് ഓവറിലാണ് കളിയുടെ ഗതി മാറിയത്. ഫ്രാങ്കഌന്‍ എറിഞ്ഞ 19-ാം ഓവറില്‍ കീസ്വെറ്ററിന്റെയും(62) ജോസ് ബട്ല(19)റുടെയും വിക്കറ്റുകള്‍ വീണത് കളിയുടെ ഗതി മാറ്റിമറിച്ചു. ഈ ഓവറില്‍ ഏഴു റണ്‍സാണ് കിട്ടിയത്. ഇതോടെ അവസാന ഓവറില്‍ ജയിക്കാന്‍ 15 റണ്‍സ് വേണമെന്ന നിലയായി. മലിംഗ എറിഞ്ഞ ഓവറില്‍ തുടരെ രണ്ടു വിക്കറ്റുകള്‍ പൊഴിഞ്ഞതോടെ സോമര്‍സെറ്റ് തോല്‍വി ഉറപ്പിച്ചു. ഈ ഓവറില്‍ വെറും നാലു റണ്‍സാണ് മലിംഗ വിട്ടുകൊടുത്തത്. ഓപ്പണര്‍ കീസ്വെറ്ററുടെ ധീരോചിതമായ ബാറ്റിങ്ങാണ് തുടക്കത്തിലെ തകര്‍ച്ചയ്ക്കുശേഷം സോമര്‍സെറ്റിനെ കരകയറ്റിയത്. 46 പന്തില്‍ ഏഴു ബൗണ്ടറിയും ഒരു സിക്സറുമുള്‍പ്പെടെ 62 റണ്‍സ് കീസ്വെറ്റര് നേടിയിരുന്നു.
വെള്ളിയാഴ്ച നടന്ന ആദ്യ സെമിയില്‍ ന്യൂസൗത്ത് വെയില്‍സിനെ ആറു വിക്കറ്റിന് തകര്‍ത്താണ് ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്സ്
ഫൈനലിലെത്തിയത്.എല്ലാ അര്‍ത്ഥത്തിലും പരാജയത്തിന്റെ വക്കിലെന്ന് തോന്നിപ്പിച്ച ഒരു കളിയാണ് മുംബൈ നായകന് ഹര്‍ഭജനും സംഘവും ശനിയാഴ്്്ച തിരിച്ചു പിടിച്ചത്.ജെയിംസ് ഹില്ഡ്രത്തും ക്രെയ്ഗ് കീസ്വെറ്ററും ചേര്‍ന്ന് അടിച്ചു തകര്‍ത്തപ്പോള്‍ പ്രതീക്ഷ നഷ്ടപ്പെട്ട മുംബൈ ഇന്ത്യന്‍സ് ഉടമ ടിന അംബാനി മൈതാനം വിട്ടു പോയതായിരുന്നു. പകഷേ നാലു വിക്ക്്റ്റ് കൊയ്ത ലസിത് മലിംഗയുടെ അസാമാന്യ പ്രകടനം ടിനയേയും മുംബൈയേയും കളത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു. ഒരര്‍ത്ഥത്തില്‍ മലിംഗയുടെ അവസാന രണ്ട് ഓവറുകള്‍ കലാശക്കൊട്ടിനായി കരുതിവെച്ച ഹര്‍ഭജന്റെ തന്ത്രം തന്നെയാണ് ശനിയാഴ്ച വിജയം കണ്ടത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല