മുംബൈ ഇന്ത്യന്‍സിന് ട്വന്റി 20 ചാമ്പ്യന്‍സ് ലീഗ് ക്രിക്കറ്റില്‍ കന്നിക്കിരീടം. ഞായറാഴ്ച എം.എ.ചിദംബരം സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ മുംബൈ 32 റണ്‍സിന് ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സിനെ പരാജയപ്പെടുത്തി. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത മുംബൈ റണ്ണൗട്ടുകളില്‍ കുടുങ്ങി 139 റണ്‍സുമായി തൃപ്തിപ്പെട്ടപ്പോള്‍ ബാറ്റിങ് ദുഷ്‌കരമായി മാറിയ അന്തരീക്ഷത്തില്‍ ബാംഗ്ലൂര്‍ 19.2 ഓവറില്‍ 108 റണ്‍സിന് ഓള്‍ ഔട്ടായി. നാല് ഓവറില്‍ 20 റണ്‍സിന് മൂന്നു വിലപ്പെട്ട വിക്കറ്റെടുത്ത ക്യാപ്റ്റന്‍ ഹര്‍ഭജന്‍ സിങ്ങും 41 റണ്‍സോടെ ഫൈനലിലെ ടോപ് സ്‌കോററായ ജയിംസ് ഫ്രാങ്കഌനുമാണ് മുംബൈയുടെ വിജയശില്പികള്‍. ഹര്‍ഭജനാണ് ഫൈനലിന്റെ താരം. ചാമ്പ്യന്‍സ് ലീഗിന്റെ താരമായി ശ്രീലങ്കന്‍ പേസ് ബൗളര്‍ ലസിത് മലിംഗ അര്‍ഹനായി. ചാമ്പ്യന്മാര്‍ക്കുള്ള സ്വര്‍ണക്കിരീടവും 25 ലക്ഷം ഡോളര്‍ (11.6 കോടി രൂപ) സമ്മാനത്തുകയും മുംബൈ ഏറ്റുവാങ്ങി.
കഴിഞ്ഞ രണ്ടു മത്സരങ്ങളിലും 200-ലേറെ റണ്‍സ് അനായാസം സ്‌കോര്‍ ചെയ്ത ബാംഗ്ലൂരിന് ചെന്നൈയിലെ റണ്‍ വരള്‍ച്ചയുള്ള പിച്ചില്‍ കളിച്ച് മുന്‍പരിചയമില്ലാത്തത് വിനയായി. പന്ത് ബാറ്റിലേക്കെത്താതിരുന്നതിനാല്‍ പതിവുശൈലിയില്‍ അടിച്ചു തകര്‍ക്കാന്‍ ബാംഗ്ലൂരിനായില്ല. നിലംപറ്റെ വന്ന പന്തുകള്‍ ബാറ്റ്‌സ്മാന്റെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചു. ഓപ്പണര്‍ തിലകരത്‌നെ ദില്‍ഷന്‍(20 പന്തില്‍ 27) ഒഴികെയുള്ള മറ്റു ബാറ്റ്‌സ്മാന്മാരെല്ലാം പിച്ചുമായി പൊരുത്തപ്പെടാതെ കീഴടങ്ങി. എക്‌സ്ട്രാ ഇനത്തില്‍ കിട്ടിയ 20 റണ്‍സാണ് ബാംഗ്ലൂര്‍ ഇന്നിങ്‌സിലെ രണ്ടാമത്തെ ഉയര്‍ന്ന സ്‌കോര്‍. വമ്പന്‍ അടികള്‍ക്ക് കെല്പുള്ള ക്രിസ് ഗെയ്ല്‍(5), വിരാട് കോലി(11), മായങ്ക് അഗര്‍വാള്‍(14), സൗരഭ് തിവാരി(17), കൈഫ്(3) ക്യാപ്റ്റന്‍ വെറ്റോറി(1) എന്നിവരെല്ലാം പരാജയപ്പെട്ടു.
ഇതാദ്യമാണ് രണ്ട് ഇന്ത്യന്‍ ടീമുകള്‍ ട്വന്റി 20 ചാമ്പ്യന്‍സ് ലീഗിന്റെ ഫൈനലില്‍ മാറ്റുരയ്ക്കാന്‍ അര്‍ഹത നേടിയത്. നിര്‍ണായക ഘട്ടങ്ങളില്‍ മൂന്ന് അപകടകാരികളായ ബാറ്റ്‌സ്മാന്മാര്‍ റണ്ണൗട്ടായത് മുംബൈയുടെ ബാറ്റിങ് ഒഴുക്കു തടഞ്ഞെങ്കിലും 140 റണ്‍സ് വിജയലക്ഷ്യം എതിരാളികള്‍ക്കു മുന്നിലുയര്‍ത്താനായി. ബ്ലിസ്സാര്‍ഡ്, ഫ്രാങ്കഌന്‍, സൂര്യകുമാര്‍ യാദവ് എന്നിവര്‍ റണ്ണൗട്ടായി. 29 പന്തില്‍ രണ്ടു സിക്‌സറും രണ്ടു ബൗണ്ടറിയുമുള്‍പ്പെടെ ഫ്രാങ്കഌന്‍ 41 റണ്‍സ് നേടി. ബാംഗ്ലൂരിനുവേണ്ടി പ്രാദേശിക താരം രാജു ബട്കല്‍ മൂന്നു വിക്കറ്റു വീഴ്ത്തി വിക്കറ്റ് കൊയ്ത്തില്‍ മുമ്പനായി. ബട്കല്‍ ഒരു ഘട്ടത്തില്‍ ഹാട്രിക്കിന്റെ വക്കിലായിരുന്നു. എതിരാളികളെ ചെറിയ സ്‌കോറില്‍ ഒതുക്കിയെങ്കിലും പിച്ചിന്റെ സ്വഭാവം മനസ്സിലാക്കി ബാറ്റിങ് മുന്നോട്ടു കൊണ്ടുപോവാന്‍ കഴിയാതെ പോയതാണ് ഐ.പി.എല്‍. റണ്ണറപ്പുകളായ ബാംഗ്ലൂരിന് കിരീടം തടഞ്ഞത്. ബാംഗ്ലൂരിനു വേണ്ടി ക്യാപ്്റ്റന്‍ ഡാനിയല്‍ വെറ്റോറി രണ്ടും നാനസ്, അരവിന്ദ് എന്നിവര്‍ ഒന്നു വീതവും വിക്കറ്റെടുത്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല